Thursday, June 21, 2007

ഒരു നിശബ്ദ പ്രണയത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌

‍തിരക്കേറിയ ജീവിതത്തിന്‍റെ ആകുലതകള്‍ക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ അവനെ കണ്ടപ്പോള്‍ മരുപ്പച്ച കണ്ട മരുയാത്രക്കാരന്‍റെ ആശ്വാസമാണ്‌ തോന്നിയത്‌. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. ഒരിക്കലും മറക്കരുതെന്നാഗ്രഹിക്കുന്ന ഒരുപിടി ഓര്‍മ്മകളുടെ കാലത്തേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു അത്‌. ട്രെയിനുകളുടെ ചൂളം വിളികളുടെയും, എന്തിനോ വേണ്ടി ധൃതികൂട്ടുന്ന ജനങ്ങളുടെ കലപില ശബ്ദങ്ങളുടെയും ഇടയില്‍ നിന്നുകൊണ്ടുള്ള ഞങ്ങളുടെ സംസാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍. എന്നു ഞാന്‍ ആഗ്രഹിച്ചു. ഇടയ്ക്കെപ്പൊഴോ അവന്‍ ചോദിച്ചു "നീയറിഞ്ഞിരുന്നോ? അവളുടെ വിവാഹത്തെപ്പറ്റി. "

*****************************

അവള്‍. എന്നും ഓര്‍ക്കാന്‍ ഇഷടപ്പെട്ടിരുന്ന ആ മുഖം വീണ്ടും ഒര്‍മ്മയില്‍ നിറഞ്ഞു. ഇല്ല ഈയിടെയായി അവളെപ്പറ്റി തീരെ ഓര്‍ക്കാറേയില്ല. അല്ലെങ്കിലും തന്നെപ്പറ്റി തന്നെ ഓര്‍ക്കാന്‍ സമയമില്ലാത്തപ്പോള്‍ എങ്ങനെ അവളെ ഓര്‍ക്കും? ഇപ്പോ ഏറെ നാളുകള്‍ക്കു ശേഷമാണ്‌ അവളെപ്പറ്റി വീണ്ടും ഓര്‍ക്കുന്നത്‌. അവളെ ആദ്യമായി കണ്ട നിമിഷം മനസ്സിലേക്ക്‌ കടന്നു വന്നു.

അത്‌ എന്‍റെ ഹൈസ്കൂള്‍ ജീവിതകാലം. ലോകത്തെന്തിനോടും പ്രണയം തോന്നുന്ന പ്രായം. ഒരു ദിവസം രാവിലെ രണ്ടാം നിലയിലുള്ള എന്‍റെ ക്ളാസ്സില്‍ നിന്നും താഴെക്കൂടി വരുന്നവരെ നോക്കിക്കൊണ്ടു നിന്നപ്പോളാണ്‌ ആദ്യമായി അവളെ കാണുന്നത്‌. ഓടിക്കയറി വരുന്ന ആണ്‍കുട്ടികളുടെ ഇടയിലൂടെ പുസ്തകങ്ങളും നെഞ്ചിലടുക്കി പതിയെ നടന്നു വരുന്ന വെളുത്ത പെണ്‍കുട്ടി. മുന്‍പെന്നും ഉണ്ടാകാത്ത എന്തോ ഒന്ന്‌ എന്‍റെ ശരീരത്തിലൂടെ കടന്നു പോയി. മുമ്പൊരു പെണ്‍കുട്ടിയേയും കണ്ടപ്പൊഴൊന്നും തോന്നാത്ത എന്തോ ഒന്ന്‌. കുട്ടികളുടെ ഇടയില്‍ അലിഞ്ഞു ചേര്‍ന്ന അവള്‍ പടികള്‍ കയറി എന്‍റെ സമീപത്തുകൂടി കടന്നുപോയപ്പോളാണ്‌ ഞാന്‍ പൂര്‍വസ്ഥിതിയിലേക്കു വന്നത്‌.

പിന്നെ അവളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍. അവള്‍ എന്‍റെ നിലയില്‍ തന്നെയുള്ള ക്ളാസ്സിലാണെന്നുള്ള അറിവ്‌ ഒരേ സമയം ആനന്ദവും അത്ഭുതവും പകര്‍ന്നു. പിന്നെ സ്കൂളിലുള്ള എന്‍റെ ദിവസങ്ങള്‍ അവളെ കാത്തു നില്‍ക്കുന്നിടത്തു നിന്നാണ്‌ ആരംഭിച്ചത്‌. പതിയെപ്പതിയെ അവളുമായി സംസാരിക്കുവാനും ഒരു നല്ല സൌഹൃദം സ്ഥാപിക്കുവാനും എനിക്കായി. ഒരു നല്ല സൌഹൃദത്തിന്‍റെ ഊഷ്മളത, അതിന്‍റെ ഇടയില്‍പ്പെട്ടു അവളോടു പറയാനാവാത്ത പ്രണയം. അത്‌ എന്‍റെ സ്വകാര്യമായി ഞാന്‍ സൂക്ഷിച്ചു. എന്‍റെ പ്രണയം, എന്നെങ്കിലും അവള്‍ അതറിഞ്ഞിരുന്നുവോ? ഇല്ല. വഴിയില്ല. ഒന്നിച്ചുള്ള സ്കൂള്‍ വിനോദയാത്രയില്‍ പരസ്പരം കൈകോര്‍ത്തു നടക്കാനായെങ്കിലും എന്‍റെ മനസ്സ്‌ അവള്‍ക്കു മുന്‍പില്‍ തുറക്കാനാവത്ത ഒരു ഭീരുവായി ഞാന്‍. ഒരുപക്ഷെ, അവളുടെ സോദരന്‍ എന്‍റെ ഒരു നല്ല സുഹൃത്താണെന്നതും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കാം. അവസാന പരീക്ഷയും കഴിഞ്ഞ്‌ സ്കൂളിനോട്‌ വിട പറയുമ്പോള്‍ അവളെ ഇനിയും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു മനസ്സിനെ മഥിച്ചിരുന്നത്‌. പിന്നെ ഉരിപഠനത്തിന്‍റെ വര്‍ഷങ്ങള്‍. ഇടക്കെപ്പോഴോ ഒന്നു രണ്ടു വട്ടം അവളെ കാണാന്‍ കഴിഞ്ഞു. പിന്നീട്‌ അന്യസംസ്ഥാനത്തുള്ള എന്‍റെ പ്രൊഫഷണല്‍ പഠനത്തിനടിയില്‍ അവളുടെ വിവാഹ വാര്‍ത്തയും എവിടെനിന്നോ അറിഞ്ഞു.

*******************************

ഇതെല്ലാം ഞാന്‍ മുന്‍പേ അറിഞ്ഞതാണല്ലോ പിന്നെ ഇപ്പൊ ഇത്‌ ചോദിക്കാനുള്ള കാരണം എന്ന മുഖഭാവത്തൊടെ അവനെ ഞാന്‍ നോക്കി. എന്‍റെ മനോഗതം മനസ്സിലാക്കിയതുപോലെ അവന്‍ പറഞ്ഞു "ഞാന്‍ അവളുടെ രണ്ടാം വിവാഹത്തിന്‍റെ കാര്യമാണ്‌ പറഞ്ഞത്‌". എന്‍റെ മനസ്സില്‍ എന്തോ ഒന്നു പൊട്ടിച്ചിതറി. അവള്‍ ഇപ്പോല്‍ ഒരു കുട്ടിയുടെ അമ്മയാണെന്നും, ആദ്യ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയതിനാല്‍ അവളുടെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തു തന്നെ മറ്റൊരാളെ വിവാഹം കഴിച്ചെന്നുമുള്ള അവന്‍റെ വിവരണത്തിനിടയില്‍ എന്‍റെ മനസ്സ്‌ മറ്റെവിടേക്കോ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരു കുട്ടിയയും കൈയില്‍ പിടിച്ച്‌ വിവാഹ വേഷവും ധരിച്ചു നില്‍ക്കുന്ന അവളുടെ രൂപമായിരുന്നു എന്‍റെ മനസ്സ്‌ നിറയെ. അപ്പോള്‍ അവളെ സ്വീകരിക്കാന്‍ ഒരു സാഹചര്യമുണ്ടായാല്‍ അവളെ ഞാന്‍ സ്വീകരിക്കുമോ? അറിയില്ല. അല്ലെങ്കിലും പണ്ടു മുതലേ എന്‍റെ മനസ്സ്‌ ഇഷ്ടമുള്ളതു ചെയ്യാന്‍ എന്നെ അനുവദിച്ചിരുന്നില്ലല്ലോ.

9 comments:

ധൂമകേതു said...

എന്‍റെ സ്കൂള്‍ ജീവിതത്തില്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന വെളിപ്പെടുത്താനാവാതെ പോയ ഒരു പ്രണയത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌...

സു | Su said...

കഥ ആയിരുന്നെങ്കില്‍പ്പോലും വിഷമം ആയേനെ.

SUNISH THOMAS said...

സത്യസന്ധമായ കഥ. പറയാതിരുന്നതു കൊണ്ടു മാത്രം കൈവിട്ടുപോയ പ്രണയം. ഇനിയെങ്കിലും അതുപാടില്ല സുഹൃത്തേ....

ഒരു അഭിപ്രായ വ്യത്യാസം-
ഇല്ല ഈയിടെയായി അവളെപ്പറ്റി തീരെ ഓര്‍ക്കാറേയില്ല. അല്ലെങ്കിലും തന്നെപ്പറ്റി തന്നെ ഓര്‍ക്കാന്‍ സമയമില്ലാത്തപ്പോള്‍ എങ്ങനെ അവളെ ഓര്‍ക്കും?
ഈ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നില്ല.

സസ്നേഹം,
ക്രോണിക് ബാച്ചി

ഇടിവാള്‍ said...

ടച്ചിങ്ങ്!

ആശംസകള്‍...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
അപ്പോള്‍ കൂട്ടുകാരനോട് പറഞ്ഞിരുന്നോ ഒളിച്ചു വച്ച പ്രണയത്തെപ്പറ്റി!!
അത് മോശായിപ്പോയി..ആ ത്രില്ല് പോയി..

Dinkan-ഡിങ്കന്‍ said...

Good Work :)

Unknown said...

പ്രണയം പറയാതിരിക്കരുത് (പറഞ്ഞിട്ട് കിട്ടിയതും വാങ്ങി പോരണം എന്നുമല്ല). മിണ്ടാതിരുന്നിട്ട് കാര്യമില്ലാത്ത രണ്ട് സന്ദര്‍ഭങ്ങളാണ്
1) പ്രണയം പറയേണ്ടപ്പോള്‍
2) അയലത്തെ വേലക്കാരിയുടെ കുഞ്ഞിന്റെ തന്ത നീയാണോടാ എന്ന് ചോദിക്കുമ്പോള്‍

മിണ്ടാതിരുന്നാല്‍ ബാക്കി ജീവിതകാലത്തേയ്ക്ക് കുരിശായി രണ്ട് കേസിലും.

ധൂമകേതു said...

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. കുട്ടിച്ചാത്താ, കൂട്ടുകാരനും ഇത്‌ അറിയില്ല. പലതും പറഞ്ഞു വന്നതിന്‍റെ ഇടയില്‍ അവളും ഒരു വിഷയമായെന്നു മാത്രം.
പ്രിയ ദില്‍ബാ, സുനീഷേ അതു പറയാന്‍ പറ്റിയ ഒരു സാഹചര്യമായിരുന്നില്ല. അതു ചിലപ്പോള്‍ മറ്റു ചില നല്ല സൌഹൃദങ്ങള്‍ക്ക്‌ തടസ്സമായേനേ...

sreeni sreedharan said...

വെളിപ്പെടുത്തേണ്ടതൊക്കെ സമയത്തിന് തന്നെ വെളിപ്പെടുത്തേണ്ടായിരുന്നോ കൂട്ടുകാരാ...