Tuesday, December 22, 2009

സഹതാപം കൊയ്യുന്നവര്‍...

വീണ്ടും ഒരു ക്രിസ്തുമസ്‌ കാലം..

മാസങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്കുള്ള യാത്ര...

ട്രെയിന്‍ അതിന്‍റെ ജീവിതയാത്രയില്‍ കുതിച്ചും കിതച്ചും മുന്നേറുന്നു. എന്‍റെ മനസ്സ്‌ പുറത്തെ കാഴ്ചകളിലൂടെ ട്രെയിനിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. നാട്ടിലേക്കുള്ള യാത്രകളിലെ പതിവു കാഴ്ചകള്‍ ഒരിക്കലും മനസ്സിനെ മടുപ്പിച്ചിരുന്നില്ല.

"അമ്മാാാ"

ഉറക്കെയെങ്കിലും വളരെയധികം ദയനീയത സ്ഫുരിക്കുന്ന ഒരു സ്വരം പുറം കാഴ്ചകളില്‍ നിന്നും എന്‍റെ മനസ്സിനെ അടര്‍ത്തിമാറ്റി. ശോഷിച്ച ശരീരവും ദൈന്യത തളംകെട്ടി നില്‍ക്കുന്ന കണ്ണുകളുമായി ശബ്ദത്തിനെക്കാളും ദയനീയമായ ഒരു രൂപം യാത്രക്കാരുടെ സന്‍മനസിനായി കൈ നീട്ടുന്നു. ടയര്‍ വെട്ടിയുണ്ടാക്കിയ ഒരു റബ്ബര്‍ ഷീറ്റില്‍ ഇരുന്നു നിരങ്ങിയാണ്‌ സഞ്ചാരം. അല്‍പം ശോഷിച്ച കാലുകള്‍ ഒരു പ്രത്യേക രീതിയില്‍ മടക്കി ഇരിക്കുന്ന ഷീറ്റില്‍ കെട്ടി വച്ചിട്ടുണ്ട്‌. ജീവിതത്തെ സ്വയം നേരിടാന്‍ കരുത്തില്ലാതെ അയാള്‍ സുമനസൂകളുടെ ഔദാര്യത്തില്‍ പങ്കു പറ്റി നിരങ്ങി നീങ്ങുന്നു.

എന്‍റെ നേരെ നീട്ടിയ വിറയ്ക്കുന്ന കൈകളിലേയ്ക്ക്‌ എന്‍റെ വിഹിതവും നല്‍കിയ ചാരിതാര്‍ത്ഥ്യവുമായി ഞാന്‍ വീണ്ടും പുറം കാഴ്ചകളിലേക്കു കണ്ണു തിരിച്ചു.

ട്രെയിന്‍ അതിന്‍റെ കുതിപ്പിന്‍റെ വേഗത കുറച്ച്‌ ഏതോ ഒരു സ്റ്റേഷനില്‍ നിന്നു. ഇറങ്ങാനും കയറാനുമുള്ള ആളുകളുടെ തിരക്ക്‌. പ്ളാറ്റ്ഫോമില്‍ മറ്റേതൊ വണ്ടിക്കു വേണ്ടിയെന്ന മാതിരി നില്‍ക്കുന്ന ആളുകള്‍. പെട്ടെന്ന്‌ വികൃതമായ ശബ്ദത്തില്‍ ഉച്ചത്തിലുള്ള ഒരു പാട്ടില്‍ എന്‍റെ ശ്രദ്ധ പതിഞ്ഞു.

ഒരു കൈയ്യില്‍ തുറന്ന മദ്യക്കുപ്പിയുമായി വേച്ചു വേച്ചു നടന്നു വരുന്ന ഒരു രൂപം. അല്‍പം മുന്‍പ്‌ ഇരുന്നിരുന്ന റബ്ബര്‍ ഷീറ്റ്‌ അലക്ഷ്‌യമായി മറു കൈയ്യില്‍. അനക്കുവാന്‍ പാടില്ല എന്നു തോന്നിപ്പിക്കും വിധം മടക്കി കെട്ടി വച്ചിരുന്ന കാലുകള്‍ ഇപ്പോള്‍ ഒരു കുഴപ്പവുമില്ലാതെ നിവര്‍ന്നിരിക്കുന്നു. മുന്‍പു കണ്ട മുഖത്തെ ദയനീയ ഭാവം മാറി അവിടെ ആഹ്ളാദത്തിന്‍റെ തിരതള്ളല്‍. യാത്രക്കാരുടെ വിയര്‍പ്പിന്‍റെ വില കൊടുത്തു വാങ്ങിയ മദ്യം കുപ്പിയില്‍ നിന്നു തന്നെ വായിലേക്കു കമിഴ്ത്തി ഉച്ചത്തില്‍ പാടിക്കൊണ്ട്‌ അയാള്‍ പ്ളാറ്റ്ഫോമില്‍കൂടി പുറത്തേക്കു പോയി.

ട്രെയിന്‍ കിതപ്പോടെ അതിന്‍റെ ജീവിതപ്രയാണം പുനരാരംഭിച്ചു. കണ്‍മുന്നില്‍ കണ്ട ജീവിതത്തിന്‍റെ നൊടിയിടയിലുള്ള ഭാവമാറ്റത്തില്‍ അമ്പരന്ന്‌ എന്‍റെ മനസ്സ്‌ വീണ്ടും പുറംകാഴ്ചകളിലേക്ക്‌ മടങ്ങി.

Tuesday, August 18, 2009

എന്‍ഗേജ്മെന്‍റ്‌...

ജനുവരി മാസത്തിലെ ഒരു ശനിയാഴ്ച പ്രഭാതം, തണുപ്പു മുറിയിലേക്കു അരിച്ചരിച്ചു വരുന്നു. പുതപ്പു ഒന്നുകൂടി വലിച്ചിട്ടു തലയും കൂടി മൂടി ഞാന്‍ പതുക്കെ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണൂ. അപ്പോള്‍ ഉറക്കം കളഞ്ഞു കൊണ്ടു സൈഡില്‍ കിടന്ന മൊബൈല്‍ അലമുറയിടാന്‍ തുടങ്ങി. ആരാണെന്നു നോക്കി. അമൃത.

"ഹലോ."

"എടാ എനിക്കു നിന്നെ ഉടനെ കാണണം."

"രാവിലെ ഈ തണുപ്പത്തു തന്നെ വേണൊ?"

"പോടാ, വൈകിട്ടു നീ നാഷണല്‍ ഗെയിംസ്‌ വില്ലേജിലോട്ടു വന്നാല്‍ മതി നമുക്കു അവിടെ പാര്‍ക്കിലിരുന്നു സംസാരിക്കാം."

"ശരി ആയിക്കൊട്ടെ"

"എങ്കില്‍ ശരി. ബൈ"

അവള്‍ പെട്ടെന്നു ഫോണ്‍ വച്ചു. സാധാരണ വിളിച്ചാല്‍ ഉടനെയെങ്ങും ഫോണ്‍ വക്കാത്ത ഇവള്‍ക്ക്‌ ഇന്നിതെന്തുപറ്റിയെന്ന്‌ ആലോചിച്ചുകൊണ്ട്‌ ഞാന്‍ പുതപ്പു വീണ്ടും തലവഴി വലിച്ചിട്ടു.

അമൃത, എന്‍റെ വളരെ നല്ല സുഹ്രുത്തുക്കളിലൊരാള്‍, ജോലി അന്വേഷിച്ചു നടക്കുന്നതിനിടയില്‍ ഒരു ഇന്‍റര്‍വ്യൂ സ്ഥലത്തു വച്ചു പരിചയപ്പെട്ടതാണവളെ. പിന്നീട്‌ ജോലി അന്വേഷണവും മറ്റുമായി ഞങ്ങളുടെ ആ സൌഹൃദം വളര്‍ന്നു. ഇന്നിപ്പൊ അതു ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്ന സുഹൃത്തുക്കളെപ്പോലെ വളാരെ ദൃഢമായി മുന്നോട്ടു പോകുന്നു.

അന്നു വൈകിട്ടു ഞാന്‍ നാഷണല്‍ ഗെയിംസ്‌ വില്ലേജില്‍ ചെല്ലുമ്പോള്‍ അവള്‍ അവിടെ എന്നെയും വെയ്റ്റ്‌ ചെയ്തു നില്‍പുണ്ടായിരുന്നു. അന്നവള്‍ അളരെ സന്തോഷവതിയാണെന്നു തോന്നി.

"എന്താടീ കാര്യം, നീ എന്താ അര്‍ജന്‍റായി കാണണമെന്നു പറഞ്ഞത്‌?"

"അതെന്താ കാര്യമുണ്ടെങ്കിലേ എനിക്കു നിന്നെ കാണാന്‍ പറ്റുള്ളോ?"

"നീ കാര്യം പറ."

"ഡാ എന്‍റെ മാര്യേജ്‌ ഫിക്സ്‌ ചെയ്തു."

"കണ്‍ഗ്രാറ്റ്സ്‌, ഏതവാനാടീ ആ കഷ്ടകാലം പിടിച്ചവന്‍"

"പോടാ @#@$@$%&* അവന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാടാ, കഷ്ടകാലം പിടിക്കുന്നത്‌ നീ കെട്ടുമ്പോള്‍ അവള്‍ക്ക്‌."

"ഇവന്‍ എന്‍റെ നാട്ടുകാരനാ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കണ്ടു ഇഷ്ടപ്പെട്ടു. അടുത്ത മാസം എന്‍ഗേജ്മെന്‍റ്‌, കല്യാണം അഞ്ചാറു മാസം കൂടെ കഴിഞ്ഞേയുള്ളു."

"നീ എന്തിനാടീ വേറൊരുത്തനെ തപ്പി എടുത്തത്‌? ഞാന്‍ ഇവിടെ most efficient bachelor ആയി ഉണ്ടാരുന്നല്ലോ?"

"എന്നിട്ടു വേണം എന്‍റെ ജീവിതം കോഞ്ഞാട്ടയാകാന്‍, അല്ലെങ്കില്‍ തന്നെ എന്നെപ്പോലെ സുന്ദരിയും സുശീലയുമായ ഒരു പെണ്‍കുട്ടിക്ക്‌ നിന്നെപ്പോലൊരു തോന്ന്യവാസിയായ അന്യജാതിക്കാരനെ കെട്ടേണ്ട കാര്യമുണ്ടോ?"

"അതു ശരി ഒരുത്തനെ കിട്ടിയപ്പോള്‍ ഞാന്‍ തോന്ന്യവാസി ആയി അല്ലേ?"

"അതു നീ പണ്ടേ അങ്ങനെ തന്നെ ആരുന്നല്ലോ."

"അതു പോട്ടെ എപ്പോഴാ ഇതിന്‍റെ ട്രീറ്റ്‌?"

"ട്രീറ്റ്‌ ഒക്കെ പിന്നെത്തരാം ഇപ്പോ വേണേല്‍ ഐസ്ക്രീം മേടിച്ചു തരാം വാ."

ഐസ്ക്രീമും നുണഞ്ഞുകൊണ്ട്‌ അവള്‍ വളരെയധികം സംസാരിച്ചു, അവളുടെ ഭാവി വരനെപ്പറ്റി, ഭാവി ജീവിതത്തെപ്പറ്റി എല്ലമെല്ലാം. ഏകദേശം രണ്ടു വര്‍ഷത്തോളമായി അവള്‍ക്ക്‌ വിവാഹാലോചന തുടങ്ങിയിട്ട്‌, ആലോചനകള്‍ വരുന്നതെല്ലാം പല കാരണങ്ങള്‍ കൊണ്ട്‌ മാറിപ്പൊകുന്നതില്‍ അവളും വീട്ടുകാരും വളരെ അസ്വസ്ഥരായിരുന്നു. അപ്പോഴാണ്‌ ഈ ആലോചന വന്നതും ഉറപ്പിക്കാന്‍ തീരുമാനിച്ചതും. താമസിയാതെ തന്നെ അവളുടെ വിവാഹനിശ്ചയം കഴിഞ്ഞു.

പിന്നെ കുറെ നാളുകള്‍ക്കു ശേഷം ഒരു ദിവസം വീണ്ടും അവളുടെ ഫോണ്‍ വന്നു.

"എടാ എനിക്കു നിന്നെ അത്യാവശ്യമായി ഒന്നു കാണണം, വൈകിട്ടു ഞാന്‍ വെയ്റ്റ്‌ ചെയ്യാം."

"എന്താടീ കാര്യം?"

"ഒരു കാര്യമുണ്ട്‌ നീ വൈകിട്ടു വാ അപ്പോള്‍ പറയാം."

"എങ്കില്‍ ശരി വൈകിട്ടു കാണാം."

വൈകിട്ടു ഞാന്‍ അവളെ പോയി കണ്ടു.

"എന്താടീ കാര്യം?"

"പറയാം, വാ നമുക്കൊരു ഐസ്ക്രീം കഴിക്കാം, നിന്‍റെ ചിലവില്‍."

ഐസ്ക്രീം കഴിക്കുന്നതിനിടയില്‍ അവള്‍ക്കു സംസാരിക്കന്‍ ഒരു മടി പോലെ എനിക്കു തോന്നി. കുറെ നേരത്തെ നിശബ്ദതക്കു ശേഷം അവള്‍ പറഞ്ഞു,

"എടാ എന്‍റെ കല്യാണം ഡ്രോപ്‌ ചെയ്തു."

ഒരു നിമിഷം ഞാന്‍ ഒന്നു ഞെട്ടി. കുറച്ചു നേരത്തേക്കു എനിക്കൊന്നും സംസാരിക്കാന്‍ പറ്റിയില്ല.

അവള്‍ തന്നെ തുടര്‍ന്നു,"ഞാന്‍ തന്നെയാണ്‌ വീട്ടില്‍ പറഞ്ഞതു ഇതു വേണ്ടന്നു വയ്ക്കാന്‍."

"എന്താ കാര്യം?"

"അതു ശെരിയാവില്ല. നമ്മളെ മനസ്സിലാക്കാന്‍ അല്‍പമെങ്കിലും കഴിയുന്ന ഒരാളുടെ കൂടെ വേണ്ടേ ജീവിക്കുവാന്‍."

"ഇപ്പൊ എന്തു പറ്റി?"

"ഞാന്‍ വേറെ ആണുങ്ങള്‍ ആരോടും സംസാരിക്കാന്‍ പാടില്ല, എന്‍റെ ഏതെങ്കിലും ഫ്രണ്ട്സിനോടു ഞാന്‍ സംസാരിച്ചാല്‍ അപ്പോള്‍ അവന്‍ ചീത്ത വിളിക്കാന്‍ തുടങ്ങും, ഒരിക്കല്‍ അവന്‍ എന്നെ കാണാന്‍ വന്നപ്പോല്‍ വീട്ടില്‍ നിന്നും ചേട്ടന്‍ വിളിച്ചു, അതിനും എന്നെ ചീത്ത വിളിച്ചു അതു വേറെ ആരോ ആണെന്നും പറഞ്ഞിട്ട്‌. പിന്നെ ഞാന്‍ പുറത്തു എവിടെയെങ്കിലും പോകണമെങ്കില്‍ അവനെയും അവന്‍റെ വീട്ടിലും വിളിച്ചു സമ്മതം ചോദിക്കണം, അവര്‍ എല്ലാവരും സമ്മതിച്ചാല്‍ മാത്രമേ എനിക്കു പുറത്തു പോകാന്‍ പറ്റൂ അല്ലാതെ ഞാന്‍ പുറത്തിറങ്ങിയെന്നറിഞ്ഞാല്‍ അതിനും തുടങ്ങും. പിന്നെ കല്യാണത്തിനു ശേഷം ഞാന്‍ വീട്ടില്‍ നിന്നും കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ്‌ ഒക്കെ പറയാന്‍ തുടങ്ങി, ഞാന്‍ ഇല്ലെങ്കിലും കുഴപ്പമില്ല അവര്‍ക്കു അതൊക്കെ കിട്ടിയാല്‍ മതിയെന്നു തോന്നുന്നു. കൂടാതെ എന്‍റെ സാലറി ഇപ്പൊ മുതലേ അവന്‍റെ കൈയില്‍ കൊടുക്കണമെന്ന്‌. ഇത്രയൊക്കെ ആയപ്പോള്‍ ഞാന്‍ മടുത്തു, നിശ്ചയം കഴിഞ്ഞപ്പോഴേ ഇതാണെങ്കില്‍ കല്യാണം കഴിയുമ്പൊള്‍ എന്തായിരിക്കും, അതു കൊണ്ടു ഞാന്‍ തന്നെ വീട്ടില്‍ കാര്യമെല്ലാം പറഞ്ഞു അതു വേണ്ടെന്നു വച്ചു. അവന്‍ ഇട്ട മോതിരവും തിരിച്ചു കൊടുത്തു പക്ഷേ ഞാന്‍ കൊടുത്ത മോതിരം പോലും അവര്‍ തിരിച്ചു തന്നില്ല, ഞങ്ങള്‍ ചോദിക്കാനും പോയില്ല."

അവള്‍ ഇതു പറയുമ്പോള്‍ എനിക്കൊന്നും തിരിച്ചു പറയാനായില്ല.

"ഇനി എനിക്കു വേറെ കല്യാണം നടക്കുമോ എന്നറിയില്ല, ഒരിക്കല്‍ നിശ്ചയം കഴിഞ്ഞു വിവാഹം മാറിപ്പോയ പെണ്ണല്ലേ, ഒരു പക്ഷെ ഇനി ഈ വിരലില്‍ ഒരാളുടേയും മൊതിരം കാണാന്‍ കഴിഞ്ഞെന്നു വരില്ല, പക്ഷേ എങ്കിലും ഇപ്പൊ എനിക്കു മനസ്സിനു സമാധാനമുണ്ട്‌, ആ ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ അതാര്‍ക്കും മനസ്സിലാവില്ല." അവള്‍ നഗ്നമായ കൈവിരലുകള്‍ കാണിച്ചുകൊണ്ടു പറഞ്ഞു.

"നീ സമാധാനിക്ക്‌ നിനക്കു വേറെ നല്ല ഒരാളെയാകും ദൈവം വച്ചിരിക്കുന്നത്‌ അതാ ഇതിങ്ങനെയായത്‌."

"ആയിരിക്കാം ഇനി ആരെയും കിട്ടിയില്ലെങ്കിലും എനിക്കു വിഷമമില്ല. ഇങ്ങനെ ഒരുത്തന്‍റെ കൂടെ ജീവിതം നശിപ്പിക്കുന്നതിലും നല്ലതു ഒറ്റക്കു കഴിയുന്നതാ."

"എടാ നിനക്കു എന്‍റെ ജാതിയില്‍ ജനിച്ചു കൂടായിരുന്നോ? അങ്ങനാരുന്നെങ്കില്‍ എനിക്കു ഇപ്പോ വേറെ ആരേയും നോക്കി നടക്കാതെ നിന്നെ കെട്ടി എന്‍റെ ജീവിതം ഒരു വഴിയാക്കാമായിരുന്നല്ലൊ."

വീണ്ടും പഴയ മൂഡിലേക്കു തിരിച്ചു വരാനുള്ള ഒരു പാഴ്ശ്രമമെന്നോണം ചിരിച്ചു കൊണ്ടാണ്‌ അവള്‍ അതു പറഞ്ഞതെങ്കിലും ഉള്ളില്‍ ഘനീഭവിച്ചു കിടക്കുന്ന ദു:ഖത്തിന്‍റെ തിരതള്ളല്‍ അവളുടെ കണ്ണുകളില്‍ നിന്നും എനിക്കു വായിച്ചെടുക്കാമായിരുന്നു.

Tuesday, March 17, 2009

ഇന്‍റര്‍വ്യൂവിനു വന്ന പെണ്‍കുട്ടി...

ദീപാവലിക്കു നാട്ടില്‍ പോയിട്ടു വന്നു റൂമില്‍ കയറിയപ്പോള്‍ ആകെ ഒരു മാറ്റം. പോകുമ്പോള്‍ ആകെ അലങ്കോലമായി കിടന്ന വീട്‌ ഇപ്പോ മൊത്തത്തില്‍ മാറിയിരിക്കുന്നു. ഹാളും മുറികളും അടുക്കളയുമെല്ലാം നല്ല വൃത്തിയായി കിടക്കുന്നു. ഒരു കാപ്പി ഇടാന്‍ ചെന്നപ്പോ ഗ്യാസ്‌ സ്റ്റൌ കണ്ണാടി പോലെ തിളങ്ങുന്നു. ടോയ്ലറ്റില്‍ നോക്കിയപ്പോള്‍ അതും കണ്ണാടി പോലെ, പോരാത്തതിനു ഞങ്ങളുടെ വക്കു പൊട്ടി പൂവു പോലെയായ ബക്കറ്റിനു പകരം രണ്ടു പുതിയ ബക്കറ്റും. എനിക്കൊന്നും മനസിലായില്ല. നട്ടില്‍ പോകാതെ ഇവിടെയുണ്ടായിരുന്ന സഹമുറിയന്‍ അജുവിനോട്‌ കാര്യം ചോദിച്ചു.

 "അതെന്താടാ എനിക്കിതൊക്കെ വൃത്തിയാക്കി ഇട്ടുകൂടേ? അല്ലാതെ കന്നുകാലിത്തൊഴുത്തു പോലെ കിടക്കുന്നതില്‍ മനുഷ്യനൊക്കെ എങ്ങനെ താമസിക്കും?" ഇങ്ങനെ തിരിച്ച്‌ എന്‍റെ നേരെ ഒരു ചാട്ടമായിരുന്നു മറുപടി. പിന്നെ ഞാനൊന്നും ചോദിക്കാന്‍ പോയില്ല. പക്ഷെ ഇത്ര പെട്ടെന്നു ഇവനെങ്ങനെ മനുഷ്യനായി എന്നുമാത്രം എനിക്കു മനസ്സിലായില്ല. 

ഞങ്ങള്‍ മൂന്നു പേരാണ്‌ ഒന്നിച്ചു താമസം, ഞാനും അജുവും പിന്നെ ടോണിയും. കൂടാതെ ഏതാനും ദിവസം മുന്‍പു ബാംഗ്ളൂരില്‍ പണി അന്വേഷിച്ചു വന്നു കൂടിയ ഗോപുവും ടെമ്പററി വിസായില്‍ വീട്ടിലുണ്ട്‌. അജുവിന്‌ ഒരു മീഡിയാ സ്ഥാപനത്തിലാണ്‌ ജോലി, അതുകൊണ്ട്‌ അവനു ചിലപ്പോള്‍ അവധി ദിവസങ്ങളില്‍ വര്‍ക്ക്‌ ചെയ്യേണ്ടി വരും. ഈ ദീപാവലിക്ക്‌ ഞാനും ടോണിയും കിട്ടിയ അവധിയുമെടുത്തു നാട്ടില്‍ പോയിരുന്നു. അജുവിന്‌ ദീപാവലിയുടെ പിറ്റേ ദിവസമായിരുന്നു ഓഫ്‌ എങ്കിലും അവന്‍ ഇത്തവണ നാട്ടില്‍ പോയില്ല. അതുകൊണ്ട്‌ അവനും ഗോപുവുമായിരുന്നു ദീപവലിക്കു ഒന്നിച്ച്‌. ഗോപു പിന്നെ അമെരിക്കന്‍ ടൈം കീപ്പ്‌ ചെയ്യുന്ന കൂട്ടത്തിലാണ്‌, പകല്‍ വൈകിട്ടു വരെ കിടന്നുറങ്ങും, രാത്രി മുഴുവന്‍ ഇന്‍റര്‍നെറ്റ്‌, റ്റി.വി ഇതുമായി നേരം വേളുപ്പിക്കും ഒരാള്‍ക്ക്‌ മാത്രം കിടക്കുവാനുള്ള സ്ഥലമേയുള്ളെങ്കിലും അവിടെ അവനും താമസിക്കാം. 

ആ ഞായറാഴ്ച വൈകിട്ട്‌ എല്ലാവരും കൂടിയിരുന്നു ടി.വി കാണുന്ന സമയം അജുവിന്‍റെ ഫോണില്‍ ഒരു കോള്‍ അവന്‍ ആരണെന്നു നോക്കിയിട്ടു തിരിച്ചു വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ പാട്ടു തുടങ്ങി ഇപ്രാവശ്യം അവന്‍ ഫോണ്‍ എന്‍റെ കൈയില്‍ ത്ന്നിട്ടു പറഞ്ഞു 

"അളിയാ എടുത്തിട്ട്‌ ഞാന്‍ ഇവിടെയില്ല, ഫോണ്‍ ഇവിടെ വച്ചു മറന്നു പോയതാണെന്നു പറഞ്ഞേക്ക്‌. " 

ഞാന്‍ ഫോണ്‍ എടൂത്ത്‌ അപ്പുറത്തു കേട്ട കിളിമൊഴിയോട്‌ അവന്‍ പറഞ്ഞതു പോലെ പറഞ്ഞു. 

"അതാരാ മാഷേ അന്നിവിടെ വിളിച്ചോണ്ടു വന്ന പെണ്‍കൊച്ചാണോ?" അപ്പൊ എഴുന്നേറ്റു വന്ന്‌ കണ്ണൂം തിരുമ്മി ബ്രഷ്‌ തപ്പിക്കൊണ്ടിരുന്ന ഗോപുവിന്‍റെ വകയായിരുന്നു ചോദ്യം. 

ബാച്ച്ലേഴ്സ്‌ താമസിക്കുന്നിടത്ത്‌ രണ്ടുപേരു നാട്ടില്‍ പോയപ്പോള്‍ പെങ്കൊച്ചോ? ഞാനും ടോണിയും അജുവിനെ വട്ടം പിടിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ അവന്‍ വീടിനുണ്ടായ മാറ്റത്തിന്‍റെ കഥ പറഞ്ഞു. അതു ഇനി അവന്‍റെ സ്വന്തം വാക്കുകളില്‍ തുടരാം. 

ദീപാവലിയുടെ പിറ്റേ ദിവസം ഓഫായിരുന്നതിനാല്‍ രാവിലെ താമസിച്ച്‌ എഴുന്നേല്‍ക്കാം എന്നു കരുതിയാണ്‌ കിടന്നത്‌ പക്ഷെ രാവിലെ ഏഴുമണിയാകുന്നതിനു മുന്‍പേ തന്നെ ഫോണില്‍ ഒരു കോള്‍. നോക്കിയപ്പോ മുന്‍പ്‌ കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന സുനിത. 

"ഹലോ. എന്താടീ" 

"എടാ എഴുന്നറ്റില്ലേ?" 

"ഇല്ല, നീയെന്നെ എഴുന്നേല്‍പിക്കാന്‍ വിളിച്ചതാണോ?"

"എടാ എനിക്കൊരു ഹെല്‍പ്‌ ചെയ്യണം. എന്‍റെ ഒരു കസിന്‍ നാട്ടില്‍ നിന്നും വന്നിട്ടുണ്ട്‌ അവള്‍ ഇപ്പൊ എന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചു എനിക്ക്‌ ഓഫീസില്‍ പോകണം നീ പോയി അവളെ ഒന്നു പിക്ക്‌ ചെയ്യാമോ? അവള്‍ക്ക്‌ നാളെ ഒരു ഇന്‍റര്‍വ്യൂ ഉണ്ട്‌ അതിനു വന്നതാ. " 

"അതെന്താ നിന്നോടു പറയാതെയാണോ വന്നത്‌?"

"അതല്ല എന്‍റെ റൂംമേറ്റ്‌ അവളെ പിക്ക്‌ ചെയ്യാമെന്ന്‌ ഏറ്റിരുന്നതാ, പക്ഷെ അവള്‍ ഇന്നലെ അവളുടെ ആന്‍റിയുടെ വീട്ടില്‍ പോയിട്ട്‌ ഇതുവരെ വന്നില്ല, ഉച്ച കഴിഞ്ഞേ വരൂ. ഉച്ച കഴിഞ്ഞു നീ അവളെ ഇങ്ങോട്ടു ആക്കിയേക്ക്‌. "

"ശരി ഞാന്‍ നോക്കിക്കോളാം. "

"എങ്കില്‍ ശരി അവളുടെ പേര്‌ അഞ്ജലി, നമ്പര്‍ ഞാന്‍ എസ്‌.എം. എസ്‌ ചെയ്തേക്കാം" 

ഉടനെ തന്നെ എഴുന്നേറ്റ്‌ കുളിയും കാര്യങ്ങളും ഒക്കെ നടത്തി നേരെ മജസ്റ്റിക്‌ റെയില്‍വേ സ്റ്റേഷിനിലേക്കു വച്ചു പിടിച്ചു. അവിടെ ചെന്നിട്ട്‌ അവള്‍ അയച്ചു തന്ന നമ്പറില്‍ വിളിച്ചു ആളെ കണ്ടു പിടിച്ചു, സന്തോഷമായി. ഒരു കൊച്ചു സുന്ദരിയായ സുനിതയിടെ കസിനും ഒട്ടും മോശമാകില്ല എന്നു കരുതി നോക്കിയപ്പോള്‍ കണ്ടു അഞ്ചടി പൊക്കത്തില്‍ തൊണ്ണൂറു കിലോയില്‍ ടാര്‍വീപ്പ മാതിരി ഒരു പെണ്‍കൊച്ച് കൂടെ അവളേക്കാള്‍ വലിപ്പത്തില്‍ ഒരു പെട്ടിയും. 

"അഞ്ജലിയല്ലേ? ഞാന്‍ അജു, സുനിത വിളിച്ചു പറഞ്ഞിരുന്നു തന്നെ പിക്ക്‌ ചെയ്യണമെന്ന്‌. " 

"ചേച്ചി പറഞ്ഞിരുന്നു, ചേച്ചിയെ ഒന്നു വിളിക്കുമോ?"

വിളിച്ചു. ചേച്ചിയും അനിയത്തിയും കൂടി സംസാരിച്ചു ഞാന്‍ തന്നെയാണ്‌ ആളെന്നു ഉറപ്പുവരുത്തി, കൂടെ ചേച്ചിയുടെ വക ഒരു ഉപദേശവും. 

"അജു വളരെ നല്ല ചേട്ടനാ നിനക്കെന്തു വേണേലും പറഞ്ഞാല്‍ മതി അവന്‍ നോക്കിക്കോളൂം. " 

"ശരി ഇനി എന്താ ചെയ്യേണ്ടത്‌? തനിക്കു ഫ്രഷ്‌ ആകണ്ടേ ഒരു റൂം എടുക്കാം. "

"അയ്യോ അതു വേണ്ട. " 

"അതെന്താ?"

"അല്ല ഞാനും ചേട്ടനും കൂടെ റൂമെടുക്കുന്നത്‌ എന്നെ അറിയുന്ന ആരെങ്കിലും കണ്ടാല്‍... "

ബെസ്റ്റ്‌, തന്‍റെ നാട്ടുകാരു മുഴുവന്‍ താന്‍ പോന്നതിനു പുറകെ ഇങ്ങോട്ടു പോന്നിരിക്കുവല്ലേ താന്‍ എവിടാ താമസിക്കുന്നതെന്നു നോക്കാന്‍ എന്നു മനസ്സില്‍ പറാഞ്ഞുകൊണ്ട്‌ പറഞ്ഞു 

"ഞാന്‍ തന്‍റെ കൂടെ റൂമിലേക്കു വരുന്നില്ല, പുറത്തെങ്ങാനും ഇരുന്നോളാം. താന്‍ പോയി ഫ്രഷ്‌ ആയി വന്നാല്‍ മതി. "

"അതെനിക്കു ഒറ്റക്കു പേടിയാ. " 

"അപ്പോ പിന്നെ?"

"നമുക്കു ചേട്ടന്‍ താമസിക്കുന്നിടത്തു പോകാം. "

കൊള്ളാം മുറിയെടുക്കാന്‍ മേലാത്തവള്‍ക്ക്‌ ആണുങ്ങള്‍ മാത്രം താമസിക്കുന്നിടത്തു വരാം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട്‌ പറഞ്ഞു 

"അവിടെ ഞങ്ങള്‍ ആണുങ്ങള്‍ മാത്രമാണു താമസം. "

"അതു സാരമില്ല, നമുക്ക്‌ അവിടെ പോയാല്‍ മതി. "

"ശരി ആയിക്കൊട്ടെ. "

അടുത്ത ഓട്ടോ വിളിച്ച്‌ അവളേയും അവളുടെ ഒരു ക്വിന്‍റലില്‍ കുറയാത്ത പെട്ടിയേയും അതില്‍കേറ്റി നേരേ വീട്ടിലോട്ടു വിട്ടു. വീടിന്‍റെ മുന്‍പില്‍ ഓട്ടോനിര്‍ത്തി അവള്‍ക്കു ഓട്ടോ ചാര്‍ജ്‌ കൊടുക്കാന്‍ പ്ളാനില്ലാത്തതുകൊണ്ട്‌ സ്വന്തം കൈയില്‍ നിന്നും കൊടുത്തു. രൂപാ 150 സ്വാഹ. 

വീട്ടില്‍ വന്നു ബെല്ലടിച്ചു, ഗോപു കണ്ണും തിരുമ്മി വന്നു വാതില്‍ തുറന്നു പിന്നെ ഒന്നും മിണ്ടാതെ പോയി അവന്‍റെ റൂമില്‍ കയറി അകത്തുനിന്നും കതകടച്ചു. 

അകത്തു കയറി ചുറ്റും നോക്കിയിട്ട്‌ അവള്‍ ചോദിച്ചു 

"ഇതെന്താ ചേട്ടാ ഇങ്ങനെ?" "എങ്ങനെ?"

"അല്ല, ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു. "

"അതു ഞങ്ങള്‍ എല്ലാം കുറച്ചു ബിസി ആയിരുന്നു ക്ളീന്‍ ചെയ്യന്‍ സമയം കിട്ടിയില്ല. "

"ഞാന്‍ വിചാരിച്ചു ബാച്ച്ലേഴ്സ്‌ താമസിക്കുന്നിടം എല്ലാം ഇതുപോലെയായിരിക്കുമെന്ന്‌. "

"ഹേയ്‌ അങ്ങനെയൊന്നുമില്ല, ഇതെല്ലാവരും അല്‍പം തിരക്കിലായിപ്പോയതുകൊണ്ടാ. താന്‍ വേഗം ഫ്രഷ്‌ ആകാന്‍ നോക്ക്‌. "

അവള്‍ പല്ലുതേപ്പും കാര്യങ്ങളും എല്ലാം കഴിഞ്ഞു. 

"ചേട്ടാ. " 

"എന്താ?"

"ഭയങ്കര തണുപ്പ്‌. " 

"അതിന്‌?" 

"കുളിക്കാന്‍ ചൂടുവെള്ളം കിട്ടുമോ?"

"ഇന്നാ ഹീറ്റിംഗ്‌ കോയില്‍. ബക്കറ്റില്‍ വെള്ളം എടുത്തു ചൂടാക്കിക്കോ. "

"ചേട്ടാ. " 

"ഹും?" 

"ഈ ബക്കറ്റ്‌ പൊട്ടിയതാ ഇതില്‍ എങ്ങനെയാ വെള്ളമെടുക്കുന്നത്‌? ഒന്നെടുത്തു തരുമോ?"

സുനിതയുടെ അപ്പൂപ്പനെ വരെ മനസ്സില്‍ തെറിവിളിച്ച്‌ ബക്കറ്റില്‍ വെള്ളമെടുത്ത്‌ ചൂടാക്കാന്‍ വച്ചു. അപ്പോ ദേ വരുന്നു അടുത്തത്‌. 

"ചേട്ടാ. " 

"എന്താ?"

"ഷാമ്പൂ ഉണ്ടോ? ഞാന്‍ കൊണ്ടു വരാന്‍ മറന്നു. "

"നോക്കട്ടെ. "

നോക്കി. രണ്ടു കാലിക്കുപ്പി കിട്ടി. സന്തോഷം. 

"ഇല്ലെന്നു തോന്നുന്നു തീര്‍ന്നു. " 

"ഒരു സാഷെ മേടിച്ചു തരാമോ? ഷാമ്പൂ ഇല്ലാതെങ്ങനാ കുളിക്കുന്നത്‌?"

"ശരി ഞാന്‍ പോയി മേടിച്ചോണ്ട്‌ വരാം. "

"ക്ളിനിക്‌ പ്ളസ്‌ മേടിച്ചോണേ. അതാ ഞാന്‍ ഉപയോഗിക്കുന്നത്‌. "

ക്ളിനിക്‌ പ്ളസ്‌ അല്ല നിന്‍റെ അമ്മൂമ്മേടെ..... എന്നു മനസ്സില്‍ പറഞ്ഞു കടയില്‍ പോയി ക്ളിനിക്‌ പ്ളസ്‌ തന്നെ ചോദിച്ചു വാങ്ങി തിരിച്ചു വന്നു. അപ്പോള്‍ അവള്‍ അടുക്കളയില്‍. 

"ഇവിടെയെന്താ പരിപാടി?"

"അല്ല നിങ്ങള്‍ കാപ്പിയൊന്നും ഉണ്ടാക്കാറില്ലേന്നു നോക്കുവായിരുന്നു. "

"ശരി മോളു പോയി കുളിക്ക്‌ ഞാന്‍ കാപ്പിയിടാം. "

"ശരി. "

അവള്‍ കുളിച്ചേച്ചു വന്നപ്പോഴേക്കും കാപ്പി റെഡി. 

"ചേട്ടാ നിങ്ങള്‍ കട്ടനാണോ കുടിക്കുന്നത്‌?"

"അതേ ഇവിടൊരുത്തനു പാലു വയറ്റില്‍ പിടിക്കില്ല അതാ." 

അല്ലെങ്കില്‍ ഇനി പാലും മേടിക്കാന്‍ പോകണമല്ലോ എന്നോര്‍ത്തു പറഞ്ഞു. 

"ഞാന്‍ പോയി കഴിക്കാന്‍ വല്ലോം വാങ്ങിച്ചിട്ടു വരാം താന്‍ ഇവിടെയിരുന്നു ടി.വി കണ്ടോ. " 

"എവിടെയാ പോകുന്നത്‌?"

"അതിവിടെ അടുത്താ ഞങ്ങള്‍ സ്ഥിരം കഴിക്കുന്ന്‌ ഒരു സ്ഥലമുണ്ട്‌. "

"എങ്കില്‍ ഞാനും കൂടെ വരാം വെറുതെ എന്തിനാ ഇങ്ങോട്ടു കൊണ്ടു വരുന്നെ നിങ്ങളു കഴിക്കുന്ന സ്ഥലം എനിക്കും ഒന്നു കാണാമല്ലോ. "

"ശരി എങ്കില്‍ വാ. "

കഴിക്കാന്‍ പോകാന്‍ റെഡിയാകാന്‍ അവള്‍ കണ്ണാടിയുടെ മുന്‍പില്‍ അരമണിക്കൂറെടുത്തു. വഴിക്കു വച്ച്‌ അവള്‍ക്ക്‌ സുനിതയുടെ റൂംമേറ്റിന്‍റെ ഫോണ്‍ വന്നു, ആ കുട്ടി റൂമില്‍ എത്തിയിട്ടുണ്ട്‌ അവള്‍ എപ്പോ അവിടേക്കു ചെല്ലും എന്നറിയാന്‍. അജുചേട്ടനുമായി വൈകിട്ടവിടെ എത്തും എന്നു പറഞ്ഞവള്‍ ഫോണ്‍ വച്ചു. കഴിച്ചിട്ടു വന്നു അവള്‍ക്കു ടി.വിയും വച്ചു കൊടുത്തു പതുക്കെ സിസ്റ്റം ഓണ്‍ചെയ്തു മെയില്‍ ചെക്കു ചെയ്യാന്‍ തുടങ്ങി അപ്പൊ.

 "ചേട്ടാ. " 

"എന്താ?" 

"ഇവിടെ ജിമെയില്‍ കിട്ടുമോ?"

"കിട്ടും." 

ജിമെയില്‍ പിന്നെ എന്താ ബാംഗ്ളൂരില്‍ നിരോധിച്ചിട്ടുണ്ടോ എന്നു ചോദിക്കണമെന്നു കരുതി പക്ഷേ ചോദിച്ചില്ല. 

"ഞാന്‍ ഒന്നു നോക്കിക്കോട്ടെ?"

"നോക്കിക്കോ. "

പതുക്കെ എഴുന്നേറ്റു മാറിക്കൊടുത്തു. അവള്‍ മെയില്‍ നോട്ടവും കഴിഞ്ഞു പതുക്കെ ജിറ്റോക്കിന്‍റെയും യാഹു മെസ്സഞ്ചറിന്‍റെയും അനന്ത സാധ്യതകള്‍ പഠിക്കാന്‍ തുടങ്ങി. എങ്ങനെ ഈ കുരിശില്‍ നിന്നും രക്ഷപെടാം എന്നാലോചിച്ച് അവസാനം ഫോണുമെടുത്ത്‌ പുറത്തിറങ്ങി പതിയെ ടോണിയെ നാട്ടിലോട്ട്‌ വിളിച്ചു. മൂന്നലു പ്രാവശ്യം ശ്രമിച്ചു കഴിഞ്ഞപ്പോല്‍ അവസാനം അവന്‍ ഫോണെടുത്തു. 

"എവിടാരുന്നെടാ *%$&@# നീയെന്താ ഫോണെടുക്കാഞ്ഞെ?"

"ഞാന്‍ നമ്മുടെ പഴയ കോളേജിലാ ഇതിന്‍റകത്തു ഫോണ്‍ നിരോധിച്ചിരിക്കുകാ അതാ ആദ്യം എടുക്കാഞ്ഞെ. " 

"ശരി നീ എന്നെ കുറച്ചു കഴിയുമ്പോ ഒന്നു വിളിക്കണം കട്ട്‌ ചെയ്യരുത്‌ ഞാന്‍ എന്താ പറയുന്നതെന്നു നോക്കണ്ട. "

"എന്താടോ കാര്യം? ഇവിടെനിന്നു ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ല. "

"അതൊന്നും നീയറിയണ്ട നീ ഇങ്ങോട്ടു വിളിച്ചിരിക്കണം. "

"ശരി എങ്കില്‍ ഞാന്‍ തന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു ഫോണ്‍ പോക്കറ്റില്‍ ഇട്ടേക്കാം താന്‍ കട്ട്‌ ചെയ്താല്‍ മതി. "

"ആ അതു മതി. എന്നാല്‍ ശരി. "

എന്നിട്ടു പതിയെ ടോണിയുടെ പേരു മാറ്റി ബോസ്‌ ഓഫീസ്‌ എന്നാക്കി ഫോണ്‍ ചാര്‍ജ്‌ ചെയ്യാനായി ചാര്‍ജറും കണക്റ്റ്‌ ചെയ്ത്‌ അവളുടെ അടുത്തു കൊണ്ടെ വച്ചിട്ടു ടി.വി കാണാന്‍ തുടങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. 

"ചേട്ടാ ദേ ഫോണ്‍. "

"ആരാന്നു നോക്കിക്കേ. "

"ബോസ്സ്‌ ഓഫീസില്‍ നിന്ന്‌. "

"ബോസ്സോ? എന്‍റെ മാനേജറാ." 

എന്നു പറഞ്ഞു ചാടി ഓടി വന്നു ഫോണ്‍ എടുത്തു. 

"ഹലോ സര്‍"

"..... "

"ശരി സര്‍. അത്യാവശ്യമാണോ"

"...... "

"ഇല്ല സര്‍. വരാം സര്‍. "

"...... "

"ഒരു മണിക്കൂറ്‍ സര്‍. ഒ.കെ. ബൈ സര്‍" 

"എന്താ ചേട്ടാ?"

"ഓഫീസില്‍ നിന്നും ബോസ്സായിരുന്നു ഉടന്‍ അങ്ങോട്ടു ചെല്ലണമെന്ന്‌. " 

"അത്യാവശ്യമാണോ?"

"അതെ. അല്ലെങ്കില്‍ ഇങ്ങനെ വിളിക്കില്ല. " 

"അപ്പോ ചേട്ടന്‍ പോകാന്‍ പോകുവാണോ?"

"അതെ പോകണം. " 

"അപ്പൊ ഞാനോ?"

"തന്നെ ഞാന്‍ ഓട്ടോ കേറ്റി സുനിതയുടെ റൂമിലേക്ക്‌ വിടാം. പോരേ?"

"എനിക്ക്‌ ഒറ്റക്കു പോകാന്‍ പേടിയാ ചേട്ടനും കൂടെ വാ. "

"എനിക്ക്‌ ഒട്ടും സമയമില്ല ഒരു മണിക്കൂറിനകം ഓഫീസില്‍ ചെല്ലണം. "

"പ്ളീസ്‌ എന്നെകൊണ്ടാക്കിയേച്ച്‌ ചേട്ടന്‍ ആ ഓട്ടോയില്‍ തന്നെ തിരിച്ചു പൊക്കോ. "

"എന്നാല്‍ ശരി പെട്ടെന്നു റെഡിയാക്‌. "

ഉടനെ തന്നെ അടുത്ത ഓട്ടോയും പിടിച്ച്‌ അവളെ സുനിതയുടെ റൂമില്‍ അവളൂടെ കൂട്ടുകാരിയുടെ അടുത്തു കൊണ്ടെയാക്കി ആ ഓട്ടോയില്‍ തന്നെ തിരിച്ച്‌ അടുത്ത ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങി ബസ്‌ കയറി വീട്ടിലെത്തി. ആ ഓട്ടോക്കൂലിയും സ്വാഹ. അന്നു മുതല്‍ അവള്‍ സ്ഥിരമായി അജുചേട്ടനെ വിളിക്കാനും തുടങ്ങി. ഇപ്പോ അവളുടെ കോള്‍ വന്നാല്‍ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ്‌ പതിവ്‌, അല്ലെങ്കില്‍ ഇനിയും അവളെ പിക്ക്‌ ചെയ്യേണ്ടി വന്നാലോ. തിരിച്ചു വന്ന ഉടന്‍ തന്നെ റൂമും മൊത്തം ക്ളീന്‍ ചെയ്ത്‌ രണ്ട്‌ പുതിയ ബക്കറ്റും വാങ്ങി വച്ചു. ഇനി ഒരവളും കുറ്റം പറയരുത്‌. 

*******************************

അവന്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ മൂന്നും ചിരിച്ചു ചിരിച്ച്‌ ഒരു വഴിയായി. ചിരി ഒന്നു നിന്നപ്പോല്‍ ഞാന്‍ ഗോപുവിനോടു ചോദിച്ചു 

"നീയെന്താ ഇവരെ കണ്ടപ്പോ ഉടനെ മുറിയില്‍ കയറി കതകു ലോക്ക്‌ ചെയ്തത്‌?"

"അതു പിന്നെ ഞാനിവിടെ പുതിയതല്ലെ. എനിക്കറിയാമോ ഇതെന്താ ഇടപാടെന്ന്‌, പിന്നെ ഞാന്‍ ഡിസ്റ്റര്‍ബ്‌ ചെയ്യണ്ടന്നു കരുതി." 

അത്‌ അടുത്ത ചിരിക്കുള്ള വകയായി. ഞാന്‍ പതുക്കെ അവന്‍ കാണാതെ അവന്‍റെ ഫോണ്‍ എടുത്ത്‌ അവള്‍ക്കൊരു മിസ്കോള്‍ കൊടുത്തു. 

"അളീയാ നിനക്കൊരു ജീവിതം ആകുന്നെങ്കില്‍ ആകട്ടെ ഞാന്‍ അവള്‍ക്കൊരു മിസ്കോള്‍ കൊടുത്തിട്ടുണ്ട്‌, ഇതേ എന്നെക്കൊണ്ടു പറ്റൂ. "

"എടാ. #@&%*&$#@#$% കൊല്ലും ഞാന്‍. "

അപ്പോഴേക്കും അവന്‍റെ ഫോണ്‍ വീണ്ടും ബെല്ലടിക്കാന്‍ തുടങ്ങി. 

ശുഭം.

Friday, February 20, 2009

ഒരു സൌഹൃദത്തിന്‍റെ ഓര്‍മ്മക്ക്‌...

ഇന്ന്‌ ഫെബ്രുവരി 19. 

ഞാന്‍ ഇന്നു വീണ്ടും നിന്നെപ്പറ്റി ഓര്‍ത്തു.

നിന്നെ മറക്കുവാനുള്ള എന്‍റെ ശ്രമങ്ങള്‍ പലപ്പോഴും വിഫലമാകുന്നു. 

ഇന്നു നിന്‍റെ മൂന്നാം വിവാഹവാര്‍ഷികം. നാം തമ്മില്‍ അവസാനമായി സംസാരിച്ചിട്ട്‌ ഇന്നേക്കു മൂന്നു വര്‍ഷം. ഇനി എന്നെങ്കിലും നാം വീണ്ടും സംസാരിക്കുമോ? എനിക്കറിയില്ല, കാലത്തിനു മാത്രം ഉത്തരം തരാവുന്ന ചോദ്യം. നിന്നെ മറക്കാനുള്ള ശ്രമത്തിനിടയിലും എപ്പോഴെങ്കിലും നിന്നെ വീണ്ടും കാണൂം എന്ന ഒരു പ്രതീക്ഷ എന്‍റെ ഉള്ളിലെവിടെയോ ഘനീഭവിച്ചു കിടക്കുന്നതു പോലെ. 

മതില്‍ക്കെട്ടുകളില്ലാത്ത നമ്മുടെ സൌഹൃദം, എന്തിനും ഏതിനും ഒന്നിച്ചുണ്ടായിരുന്ന ഇണക്കങ്ങളും പിണക്കങ്ങളും പരസ്പരം പങ്കു വച്ചിരുന്ന നമ്മുടേതു മാത്രമായിരുന്ന ആ സൌഹൃദത്തിന്‍റെ നിമിഷങ്ങള്‍, എല്ലാം ഞാന്‍ ഇന്നും ഒരു കെടാവിളക്കായി ഉള്ളില്‍ സൂക്ഷിക്കുന്നു. 

ഇതിനിടയില്‍ എപ്പോഴോ നിനക്കുണ്ടായ പ്രണയവും, പിന്നെ അതിന്‍റെ തകര്‍ച്ചയും, എല്ലാത്തിനും എനിക്കു മൂകസാക്ഷിയാകേണ്ടി വന്നു. ഇനി ഒരിക്കലും ഒരാളേയും പ്രണയിക്കില്ല എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ ഞാന്‍ തുടച്ച നിന്‍റെ കണ്ണു നീരിന്‍റെ നനവ്‌, അതിപ്പോഴും എന്‍റെയുള്ളില്‍ അനുഭവപ്പെടുന്നു. 

പിന്നീട്‌ നീ ജോലി അന്വേഷിക്കുവാനായി എന്‍റെ നഗരത്തിലേക്കു വരുന്നുവെന്നറിഞ്ഞ നിമിഷം എനിക്കുണ്ടായ ആഹ്ളാദം, വളരെക്കാലത്തിനു ശേഷം നിന്നെ വീണ്ടൂം കണ്ടപ്പോഴുണ്ടായ സന്തോഷം, എല്ലാം ഇന്നും എണ്റ്റെയുള്ളില്‍ അലയടിക്കുന്നു? പിന്നീട്‌ നിന്നോടൊപ്പം ഒന്നിച്ചുണ്ടായ നിമിഷങ്ങളില്‍ നമ്മുടെ സൌഹൃദം എന്നേക്കും നിലനില്‍ക്കും എന്നു ഞാന്‍ അഹങ്കരിച്ചിരുന്നു. ഒടുവില്‍ നിനക്കൊരു ജോലി കിട്ടി മറ്റൊരു നഗരത്തിലേക്കു നീ പറിച്ചു നടപ്പെട്ടപ്പോള്‍ ഫോണ്‍ വിളികളിലൂടെ, നമുക്കിടയില്‍ ഒരു അകലം ഉണ്ടാകാതിരിക്കുവാന്‍ നാം ശ്രദ്ധിച്ചു. 

പിന്നീടെപ്പൊഴോ വിവാഹം കഴിക്കുന്നില്ല എന്ന നിന്‍റെ മുന്‍ തീരുമാനം മാറ്റിവച്ച്‌ നീ വിവാഹിതയാകാന്‍ പോകുന്നു എന്നു കേട്ട ദിവസം എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദം തോന്നിയ ദിവസങ്ങളിലൊന്നായിരുന്നു. ഒടുവില്‍ നിന്‍റെ വിവാഹ ദിവസം നിറഞ്ഞ കണ്ണൂകളോടെ നീ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നില്‍ നിന്നും വളരെ അകലേക്കാണു നീ പോകുന്നതെന്നു ഞാന്‍ കരുതിയില്ല. 

പിന്നെ നിന്‍റെ വിളിക്കായുള്ള കാത്തിരിപ്പ്‌ നീണ്ടു പോകുന്നത്‌ വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്നെങ്കിലും നിന്‍റെ പുതിയ നമ്പരില്‍ നിന്നും ഒരുവിളി വരും എന്നുള്ള എന്‍റെ കാത്തിരിപ്പിന്‌ ഇന്നേക്കു മൂന്നു വയസ്സു തികയുന്നു. എന്തിനാണ്‌ നീ എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നതെന്ന്‌ ഇന്നും എനിക്കറിയില്ല. ഇതിനിടയിലും നമ്മൂടെ മറ്റു പല സുഹൃത്തുക്കളേയും വിളിക്കുവാനും സംസാരിക്കുവാനും നീ സമയം കണ്ടെത്തിയിരുന്നുവല്ലോ? 

നാം രണ്ടും ഒന്നിച്ചിരുന്ന്‌ ഉണ്ടാക്കിയ നിന്‍റെ പേരിനൊടൊരു പുഞ്ചിരി കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ മെയില്‍ ഐഡിയിലേക്കു വന്ന എന്‍റെ മെയിലുകള്‍ ഒരുപക്ഷേ മറുപടി കാത്ത്‌ ഇന്നും നിന്‍റെ ഇന്‍ബോക്സില്‍ വിശ്രമിക്കുന്നുണ്ടാകും. അതോ നിന്‍റെ മനസ്സില്‍ നിന്നും എന്നെ പേര്‌ ചീന്തിയെറിഞ്ഞതുപോലെ അവയും നീ തുടച്ചുമാറ്റിയോ. ഒരുകാലത്ത്‌ ഏറ്റവും പ്രിയപ്പെട്ടതെന്നു കരുതിയിരുന്ന ഒരു സുഹൃത്തിന്‍റെ വിവരങ്ങള്‍ മറ്റുള്ളവര്‍ വഴി അറിയേണ്ടി വരുന്നതിന്‍റെ വേദന, ഇല്ല അതു നിനക്കു മനസ്സിലാകുവാന്‍ വഴിയില്ല. എങ്കിലും ഇപ്പോഴും എന്നില്‍ നിന്നും നീ അകന്നത്‌ എന്‍റെ തെറ്റുകൊണ്ടാണെന്നു വിശ്വസിക്കുവാനാണെനിക്കിഷ്ടം, അതെന്താണെന്നറിയില്ലെങ്കിലും.

Wednesday, January 28, 2009

സ്വപ്നത്തിലെ ചോരത്തുള്ളികള്‍

എങ്ങോട്ടാണു ഞാന്‍ നടക്കുന്നത്‌?

ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.

ഇല്ല എനിക്കറിയില്ല. പരിചയമുള്ള വഴി, പക്ഷേ ഇതെവിടെയെന്ന്‌ എനിക്കോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

ദൂരെ എവിടെനിന്നോ ഒരു വാഹനത്തിന്‍റെ ശബ്ദം. അല്‍പസമയത്തിനുള്ളില്‍ അതെന്‍റെ സൈഡില്‍ കൂടെ പാഞ്ഞു പോയി.

ഞാന്‍ വീണ്ടും എങ്ങോട്ടെന്നില്ലാതെ നടക്കുവാന്‍ തുടങ്ങി.

പെട്ടെന്ന്‌ അകലെ എവിടെയോ എന്തോ പൊട്ടിത്തകര്‍ന്ന ശബ്ദം. ഒപ്പം എന്‍റെ മുഖത്തേക്കു വെള്ളത്തുള്ളികള്‍ പോലെ എന്തോ തെറിച്ചു വീണു. മുഖം തുടച്ചപ്പോള്‍ കൈയിലാകെ ചോരയുടെ ചുവന്ന നിറം .

പിന്നെയും കുറെ നേരത്തേക്കു ഒന്നും തന്നെ വ്യക്തമായില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ നിലവിളികള്‍ എന്‍റെ കാതില്‍ മുഴങ്ങി. ആരെയോ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നു. നല്ല പരിചയമുള്ള മുഖം, പക്ഷേ ആരാണെന്നു വ്യക്തമല്ല. ആരൊക്കെയോ ചുറ്റും നിന്നു കരയുന്നു.

വീണ്ടും ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി.

പെട്ടെന്നു ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ദൈവമേ അതൊരു സ്വപ്നമായിരുന്നൊ? ഒരു വല്ലാത്ത ഭയം എന്‍റെയുള്ളില്‍ അലയടിച്ചു. എന്‍റെ ദേഹം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. എന്താണിതിന്‍റെ അര്‍ത്ഥം? ആരായിരുന്നു അത്‌? ഒന്നും വ്യക്തമല്ല. ഫാനിന്‍റെ വേഗം കൂട്ടി ഞാന്‍ കണ്ടത്‌ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇല്ല ഒന്നും ശരിക്കു വ്യക്തമാകുന്നില്ല. ഏറെ നേരത്തിനു ശേഷം എപ്പോഴോ ഞാന്‍ വീണ്ടും നിദ്രയുടെ കൈകളിലേക്കു തിരിച്ചു പോയി.

രാവിലെ ഉണര്‍ന്നപ്പോള്‍ വീണ്ടും ആ രംഗങ്ങള്‍ മനസ്സിലേക്ക്‌ ഓടിയെത്തി. അന്നത്തെ ദിവസം മുഴുവന്‍ രാത്രി കണ്ട സ്വപ്നമായിരുന്നു മനസ്സു നിറയെ. വീണ്ടും ഒരു രാത്രി കൂടെ, ഇല്ല ആ രാത്രി ശാന്തമായിരുന്നു ഒന്നും സംഭവിച്ചില്ല. പിറ്റേന്ന്‌ ഉണര്‍ന്നപ്പോള്‍ ആ സ്വപ്നം ഞാന്‍ മറന്നിരുന്നു. പതിവു കൊളേജും ക്ളാസുകളുമായി ആ ദിവസം കടന്നു പോയി. വൈകിട്ടു കോളേജില്‍ നിന്നും തിരിച്ചു വന്നു ഞാന്‍ അന്നത്തെ പത്രം എടുത്തു വായിക്കുവാന്‍ തുടങ്ങി. അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന പേജില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ എന്‍റെ ഉള്ളില്‍ കൂടെ ഒരു മിന്നല്‍ പാഞ്ഞു പോയി. ടോണി- എന്‍റെ പ്രീ-ഡിഗ്രി ക്ളാസ്സ്‌ മേറ്റ്‌. അവന്‍ തലേ ദിവസം അപകടത്തില്‍ മരിച്ചു. എന്‍റെ ദേഹം തളരുന്നതു പോലെ എനിക്കു തോന്നി, കുറെ സമയത്തേക്ക്‌ എനിക്ക്‌ ഒന്നും ചെയ്യുവാനായില്ല. ദൈവമേ ഇതു സംഭവിച്ചിട്ട്‌ എന്നെ ആരും അറിയിച്ചില്ലല്ലൊ എന്നു ചിന്തിച്ചു കൊണ്ട്‌ ഞാന്‍ ഫോണ്‍ എടുത്തു എന്‍റെ ഒരു സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചു, ഇല്ല ഫോണ്‍ വര്‍ക്ക്‌ ചെയ്യുന്നില്ല, വീട്ടില്‍ ചോദിച്ചപ്പോള്‍ ഫോണ്‍ രാവിലെ മുതല്‍ കേടാണെന്നറിയാന്‍ കഴിഞ്ഞു. നേരെ അടുത്ത വീട്ടിലേക്കോടി, ഫോണ്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ... എടാ ഇതു ഞാനാ, നമ്മുടെ ടോണി?"

"അതെ... പേപ്പറില്‍ കണ്ടു അല്ലേ? ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിച്ചിരുന്നു, കിട്ടിയില്ല. ഇന്നുച്ചക്കായിരുന്നു അടക്കം. "

"എന്തായിരുന്നു സംഭവിച്ചത്‌?"

"അവനും അവന്‍റെ കസിനും കൂടെ കോളേജില്‍ നിന്നും തിരിച്ചു പോകുകയായിരുന്നു, എന്‍.എച്‌ വിട്ടു സൈഡിലെ പണി നിന്നു കിടക്കുന്ന ബൈ പാസ്സില്‍ കൂടിയാരുന്നു അവര്‍ പോയത്‌, റോഡില്‍ കൂടെ വന്ന ആംബുലന്‍സിന്‍റെ ബ്രേക്ക്‌ പോയപ്പൊ ഡ്രൈവര്‍ വെട്ടിച്ചതാ, അതു സൈഡിലെ കാട്ടില്‍ കൂടെ കയറി അവരുടെ സൈക്കിളില്‍ വന്നിടിച്ചു. രണ്ടു പേരും അവിടെ വച്ചു തന്നെ... "

"ഹും... നിങ്ങള്‍ പോയാരുന്നോ?"

"പോയി... കൊളജില്‍ നിന്നും ഞങ്ങള്‍ എല്ലാവരുമുണ്ടായിരുന്നു. രാവിലെയാ ഞാന്‍ അറിഞ്ഞത്‌, അപ്പോള്‍ നിന്‍റെ വീട്ടിലേക്കു വിളിക്കാന്‍ നോക്കി, കിട്ടിയില്ല, പിന്നെ നിന്‍റെ വീട്ടില്‍ വന്നാലും നീ ക്ളാസ്സില്‍ പോയിക്കാണും എന്നറിയാമായിരുന്നു. അതുകൊണ്ടു ഞാന്‍ ഉടന്‍ തന്നെ അങ്ങോട്ടു പോയി. "

"എങ്കില്‍ ശരി, ഞാന്‍ പിന്നെ വിളിക്കാം... "

ഫോണ്‍ കട്ട്‌ ചെയ്തു ഞാന്‍ വീട്ടിലേക്കു നടന്നു. ഞാന്‍ കണ്ട സ്വപ്നമായിരുന്നു എന്‍റെ മനസ്സു നിറയെ. ജീവിതത്തില്‍ ഇങ്ങനെയും സംഭവിക്കുമോ? ദൈവമേ ഇനി ഒരിക്കലും എന്നെ ഇത്തരം സ്വപ്നങ്ങള്‍ കാണിക്കരുതേ...