Wednesday, July 25, 2007

കാത്തിരിപ്പ്‌

ക്ളോക്കില്‍ മണി എട്ടടിച്ചു, കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനേ തോന്നിയില്ല. ഇനി എന്നാണ്‌ ഇങ്ങനെ മതിവരുവോളം കിടന്നുറങ്ങാന്‍ പറ്റുക? നാലു ദിവസത്തെ അവധിക്കു വീട്ടില്‍ വന്നതാണ്‌, ഇനി ഇന്നു വൈകിട്ടത്തെ ബസില്‍ വീണ്ടും ബാംഗ്ളൂരിന്‍റെ തിരക്കുകളിലേക്ക്‌. ഇനി ഇതുപോലെ ഒന്നുറങ്ങണമെങ്കില്‍ വീണ്ടും നാട്ടില്‍ വരണം. പക്ഷേ വിശപ്പിന്‍റെ വിളി ഉറക്കത്തിന്‍റെ വിളിയേക്കാള്‍ ഉച്ചത്തിലായപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. അടുക്കളയില്‍ പാത്രത്തിന്‌ എണ്ണം വയ്ക്കുമ്പോള്‍ അമ്മ പറഞ്ഞു "എടാ, പാറുവമ്മ നിന്നെ ഇന്നലെയും തിരക്കി. ഇന്നെങ്കിലും അവിടം വരെയൊന്നു ചെല്ല്‌." "ശരിയാണ്‌" ഞാനും ആലോചിച്ചു. ഞാന്‍ വന്നു എന്നറിഞ്ഞ അന്നു മുതല്‍ അന്വേഷിക്കുന്നതാണ്‌, ഇതു വരെ ചെന്നൊന്നു കാണാന്‍ പറ്റിയില്ല. ആകെ നാലു ദിവസമാണ്‌ അവധി അതിനിടയില്‍ തൊട്ടടുത്ത വീടായിരുന്നിട്ടു കൂടി ഒന്നു ചെന്നു കാണാന്‍ സമയം കിട്ടിയില്ല. അല്ലെങ്കിലും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക്‌ മറ്റെന്തിനൊക്കെ സമയം കിട്ടിയാലും പ്രായമായവരെ കാണാനൊ അവര്‍ക്കായി അല്‍പസമയം ചിലവഴിക്കാനോ സമയം കിട്ടാറില്ലല്ലോ.

പാറുവമ്മ എന്‍റെ വീടിന്‍റെ തൊട്ടടുത്ത വീട്ടിലേയാണ്‌. ഏകദേശം എണ്‍പതോടടുത്ത പ്രായം. ഒരു കറുപ്പു രേഖ പോലും അവശേഷിക്കാത്ത തലമുടി. പ്രായാധിക്യം മൂലം വളഞ്ഞ ശരീരം. നടക്കുന്നതു കണ്ടാല്‍ അല്‍പം ചരിഞ്ഞ ഒരു 'റ' ആണെന്നു തോന്നും. വാര്‍ധക്യത്തിന്‍റെ അവശതകള്‍ മാറ്റി വച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ ഇപ്പോള്‍ ഒരു പനിക്കു ശേഷം അല്‍പം അവശതയാണ്‌. അധികം വീടിനു പുറത്തേക്ക്‌ ഇറങ്ങാറില്ല. അല്ലെങ്കില്‍ ഇതിനു മുന്‍പു തന്നെ എന്നെ അന്വേഷിച്ചു പലവട്ടം വീട്ടില്‍ വന്നേനെ. പക്ഷേ ഇന്നും ഞാന്‍ അവിടെ ചെല്ലുന്നില്ലെങ്കില്‍ വൈകിട്ടു ഞാന്‍ പോകുന്നതിനു മുന്‍പായി തീര്‍ച്ചയായും അന്വേഷിച്ചു വരും. മനസ്സില്‍ അല്‍പം കുറ്റബോധത്തോടു കൂടി ഞാന്‍ അവിടേക്കു നടന്നു.

ഞാന്‍ ചെല്ലുമ്പോള്‍ തന്‍റെ മുറിയില്‍ കട്ടിലില്‍ കൂനിക്കൂടി ഇരിക്കുകയാണ്‌ പാറുവമ്മ. പനി വിട്ടുമാറാത്തതോ എന്തോ ഒരു പുതപ്പും ശരീരത്തു ചുറ്റിയിട്ടുണ്ട്‌. എന്നെ കണ്ടപ്പോള്‍ വളരെ സന്തോഷമായെന്നു ആ മുഖം വിളിച്ചു പറഞ്ഞു. പിന്നെ സ്വന്തം ക്ഷീണവും വിവശതയുമെല്ലാം മറന്ന്‌ എന്നെ കൂടെ പിടിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. എപ്പോഴും അങ്ങനെയാണ്‌ എന്നെ കാണുമ്പോളെല്ലാം എന്‍റെ ജോലി, താമസം, ഭക്ഷണം, ബംഗ്ളൂരിലെ കാലാവസ്ഥ എല്ലാം അവര്‍ക്കറിയണം. പിന്നീട്‌ അവര്‍ ഞാന്‍ കഴിഞ്ഞ തവണ വന്നു പോയതിനു ശേഷമുള്ള നാട്ടു വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലെങ്കില്‍ കൂടി അവര്‍ എല്ലാ കാര്യങ്ങളിലും വളരെ അപ്ഡേറ്റഡ്‌ ആണെന്നെനിക്കു തോന്നി. അപ്പോഴാണ്‌ അവരുടെ നെറ്റിയിലെ ഒരു മുറിവിന്‍റെ പാട്‌ ഞാന്‍ കണ്ടത്‌, കഴിഞ്ഞ ഏതോ ഒരു ദിവസം രാത്രി ആരേയും വിളിക്കാതെ അല്‍പം വെള്ളം കുടിക്കാന്‍ എഴുന്നേറ്റു പോയപ്പോള്‍ മറിഞ്ഞു വീണതാണത്രേ. അല്ലെങ്കിലും പാറുവമ്മക്ക്‌ തന്‍റെ കാര്യങ്ങള്‍ സ്വയം ചെയ്യുന്നതാണ്‌ ഇഷ്ടം, മറ്റുള്ളവരെ ശല്യപ്പെടുത്താറില്ല. അതിനിടയില്‍ സ്വന്തം പ്രായത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും മറന്നപ്പോള്‍ സംഭവിച്ചതാണത്‌. മണ്ണില്‍ അധ്വാനിച്ചു ജീവിച്ച പഴയ തലമുറക്ക്‌ അല്ലെങ്കിലും ചെറിയ കാര്യങ്ങല്‍ക്ക്‌ മറ്റുള്ളവരെ ആശ്രയിക്കുന്നത്‌ ഇഷ്ടമുള്ള കാര്യമല്ലല്ലോ.

ഏറെ നേരം നീണ്ട സംസാരത്തിനിടയില്‍ ഞാന്‍ ചോദിച്ചു "ചേച്ചിയുടെ വിവരം എന്തുണ്ട്‌?" അവര്‍ ഒരു നിമിഷം മൂകയായി. അതിനു ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു "ഈയടുത്തു വന്നിരുന്നു, അവള്‍ക്കു സുഖം തന്നെ". 'ചേച്ചി' അവരുടെ മകളാണ്‌. മകളെന്നുവച്ചല്‍ സഹോദരന്‍റെ മകള്‍. സഹോദരന്‍റെ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ ഈ ലോകത്തിനു നല്‍കിയിട്ട്‌ കടന്നുപോയപ്പോള്‍ വിവാഹജീവിതം വേണ്ടെന്നു വച്ച്‌ അതിന്‍റെ അമ്മയായ സ്ത്രീയാണ്‌ അവര്‍. പിന്നീട്‌ അതേപോലെ തന്നെ ഒരു സഹോദരിയുടെ മകനേയും അവര്‍ക്ക്‌ മകനായി കിട്ടി. താന്‍ പ്രസവിച്ചതല്ലെങ്കിലും ആ മക്കള്‍ക്ക്‌ അമ്മയായി അവരെ വളര്‍ത്തി ഒരു ഒരു നല്ല ജീവിതം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞു. ചേച്ചി ഇപ്പോള്‍ ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം വടക്കേ ഇന്ത്യയിലെവിടെയോ ആണ്‌. പെറ്റമ്മയേക്കാള്‍ കാര്യമായി തന്നെ വളര്‍ത്തിയ പൊറ്റമ്മ ഇപ്പോ അവര്‍ക്കൊരു ബാധ്യതയാണ്‌ അവരെ കാണാന്‍ വരികയോ വിളിക്കുകയോ ഒന്നുമില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അവിടെ വന്ന്‌ സ്വത്തിന്‍റെ പേരില്‍ ബഹളമുണ്ടാക്കും. പക്ഷേ മകളെ അതിന്‍റെ പേരില്‍ കുറ്റപ്പെടുത്താന്‍ ആ അമ്മ ഇപ്പൊഴും തയ്യാറല്ല. ഇപ്പോഴും മകളും പേരക്കുട്ടികളും വരുന്നതും കാത്തിരിപ്പാണവര്‍.

ഇനി എന്തു ചോദിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ പതിയെ അവരുടെ കൈത്തലം എന്‍റെ കൈയില്‍ പിടിച്ച്‌ യാത്ര പറഞ്ഞു പുറത്തിറങ്ങി. അവരുടെ കണ്ണില്‍ കണ്ണുനീര്‍ പൊടിഞ്ഞെന്ന്‌ എനിക്കു തോന്നി. വീട്ടില്‍ വന്നപ്പോള്‍ ചേച്ചി വന്നതിനെപ്പറ്റി ഞാന്‍ അമ്മയോട്‌ ചോദിച്ചു. അപ്പോഴാണ്‌ അതിന്‍റെ സത്യം അറിയാന്‍ കഴിഞ്ഞത്‌, ഈയടുത്തും ചേച്ചി വന്നിരുന്നു, പതിവുപോലെ കുറെ ബഹളമുണ്ടാക്കി, ഇനി അമ്മ മരിക്കാതെ ആ വീട്ടില്‍ കാലു കുത്തില്ല എന്നു പറഞ്ഞാണത്രേ പോയത്‌. മകള്‍ വരുന്നതും കാത്തിരിക്കുന്ന ആ അമ്മക്ക്‌ ഇനി മകളെ ഒരിക്കല്‍ കൂടി കാണാനാവുമോ? എനിക്കറിയില്ല. ഈശ്വരന്‍ തീരുമാനിക്കട്ടെ.

Tuesday, July 3, 2007

ജന്‍മങ്ങള്‍

‍ചുറ്റും തിരക്കു കൂട്ടുന്ന ആളുകളെയോ വാഹനങ്ങളേയോ ശ്രദ്ധിക്കാതെ അയാള്‍ നടത്തിന്‍റെ വേഗത കൂട്ടി. അവളുടെ സ്വരം അപ്പോഴും അയാളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു. "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും." ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി. അയാളുടെ ചിന്തകള്‍ നടത്തത്തേക്കാള്‍ വേഗതയില്‍ പുറകോട്ടു സഞ്ചരിച്ചു, വര്‍ഷങ്ങള്‍ പുറകിലേക്ക്‌.

"എടാ നിനക്കെന്‍റെ സഹോദരനായി ജനിച്ചുകൂടായിരുന്നോ?" അവളുടെ വാക്കുകള്‍ അയാളുടെ മനസ്സിലേക്കു വീണ്ടും കടന്നു വന്നു. സോന, ഒരിക്കല്‍ തന്‍റെ സ്വന്തം പെങ്ങളെന്നു കരുതിയവള്‍, ഇന്നവള്‍ തനിക്കു തീര്‍ത്തും അന്യയായി മാറിയിരിക്കുന്നു.

കോളേജ്‌ ജീവിത കാലത്തെ വെറും ഒരു സഹപാഠി മാത്രമായിരുന്നില്ല അവള്‍, എന്തും ഏതും പറയുകയും പങ്കു വയ്ക്കുകയും ചെയ്തിരുന്ന ഒരു നല്ല സുഹൃത്ത്‌. ആദ്യം അവളെ കണ്ടപ്പോള്‍ ഒരു തെറിച്ച പെണ്ണുന്നു മാത്രമേ കരുതിയുള്ളൂ, പക്ഷേ പിന്നീടെപ്പോഴോ അവള്‍ ക്ളാസ്സിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായി. അത്രയൊന്നും സുന്ദരിയായിരുന്നില്ല അവള്‍, പക്ഷേ അവളുടെ കണ്ണുകള്‍ ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. തന്‍റെ സ്വതസിദ്ധമായ വായാടിത്തം കൊണ്ട്‌ അവള്‍ വളരെയെളുപ്പം എല്ലാവരുടേയും സുഹൃത്തായി മാറി. അതോടൊപ്പം തന്നെ പല അദ്ധ്യാപകരുടെയും കണ്ണിലെ കരടായി അവള്‍ മാറാന്‍ അതിടയാക്കുകയും ചെയ്തു.

സന്തോഷകരമായി നാളുകള്‍ കടന്നു പോയി. അവളുടെ ജീവിതത്തിലേക്കു ദുഖത്തിന്‍റെ കാര്‍മേഘങ്ങള്‍ കടന്നു വന്നു പെട്ടെന്നായിരുന്നു. അവളുടെ മുതിര്‍ന്ന സഹോദരി അവളുടെ അമ്മയെ ആത്മഹത്യാ ശ്രമത്തിലേക്കു തള്ളി വിട്ടുകൊണ്ട്‌ വീട്ടിലെ ജോലിക്കാരനുമായി നാടുവിട്ടു. പിന്നീട്‌ അവളെ താന്‍ ഒരിക്കലും പഴയ പ്രസരിപ്പോടെ കണ്ടിട്ടില്ല. എങ്കിലും ആ സൌഹൃദം അതു തുടര്‍ന്നു കൊണ്ടിരുന്നു.

കോളേജ്‌ ജീവിതത്തിന്‍റെ അവസാനം അവിടെനിന്നും രക്ഷപെടാനുള്ള ധൃതിയായിരുന്നു അവളില്‍ മുന്നിട്ടു നിന്നത്‌. അതിനു ശേഷം അവള്‍ ഉപരിപഠനത്തിനൊന്നും മുതിരാതെ ചെന്നൈ നഗരത്തിലെ ഒരു കോള്‍ സെന്‍ററില്‍ തന്‍റെ ജീവിതത്തിന്‍റെ അടുത്ത ഘട്ടം ആരംഭിച്ചു. ആദ്യമാദ്യം മുടങ്ങാതെയുള്ള ഫോണ്‍ വിളികള്‍ തങ്ങളുടെ സൌഹൃദം തുടര്‍ന്നുകൊണ്ടു പോകാന്‍ സഹായിച്ചു. പിന്നെപ്പിന്നെ അതു ചുരുങ്ങി ചുരുങ്ങി വന്നു. പിന്നീടെപ്പോഴോ അതും നിന്നു. പിന്നെ താന്‍ അവളെ കാണുന്നത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈ സന്ദര്‍ശിച്ചപ്പോഴാണ്‌. ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും ലഭിച്ച അവളുടെ അഡ്രസ്സുമായി അവളുടെ താമസസ്ഥലം തേടി താന്‍ ചെല്ലുകയായിരുന്നു. അവള്‍ വളരെയധികം മാറിപ്പോയിരുന്നു, എങ്കിലും തന്‍റെ സന്ദര്‍ശനം അവളെ സന്തോഷിപ്പിച്ചെന്നു തോന്നി. പിന്നീട്‌ സുഹൃത്തില്‍ നിന്നാണ്‌ അവളുടെ പുതിയ ഒരു ബന്ധത്തെപ്പറ്റി അറിഞ്ഞത്‌. അവളുടെ ഓഫീസില്‍ തന്നെയുള്ള ഒരു പയ്യന്‍, പക്ഷെ അവരുടെ ബന്ധം ഒരു വഴിവിട്ട തലത്തിലേക്കാണെന്നുള്ള അറിവ്‌ തനിക്കൊരു ഷോക്കായി മാറി.

പിന്നീട്‌ കുറെക്കാലം താന്‍ അവളെപ്പറ്റി ഒന്നും അറിഞ്ഞില്ല. ഒരിക്കല്‍ നാട്ടില്‍ വന്ന സുഹൃത്തില്‍ നിന്നും അവള്‍ ഇപ്പോള്‍ നഗരത്തിലെ അറിയപ്പെടുന്ന ഒരു കോള്‍ ഗേള്‍ ആയി മാറിയെന്ന്‌ അറിഞ്ഞു. തനിക്കത്‌ ഒരിക്കലും വിശ്വസിക്കാനാവുമായിരുന്നില്ല. പക്ഷേ ഒരിക്കല്‍ അവളുടെ ജീവിതത്തിലെ ആ ഘട്ടത്തിനും നിര്‍ഭാഗ്യവശാല്‍ സാക്ഷിയാകേണ്ടി വന്നു.

പിന്നെയും വര്‍ഷങ്ങളുടെ ഇടവേള, തന്‍റെ ജീവിതം ബംഗ്ളൂരിലെ ഐ.ടി ലോകത്തേക്കു പറിച്ചു നട്ടു. ഇനി ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹമില്ലാത്തവണ്ണം അവളെ താന്‍ മറന്നു കഴിഞ്ഞിരുന്നു. അതിനിടയ്ക്കായിരുന്നു അവിചാരിതമായ ഈ കണ്ടുമുട്ടല്‍. സയാഹ്നത്തിലെ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഒരു കാപ്പിയുടെ ചൂടും ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണു മുന്‍പിലെ മേശയില്‍ നിന്നും തന്നെ നോക്കി ചിരിച്ചു കാട്ടുന്ന ആ കുസൃതിക്കുടുക്കയെ ശ്രദ്ധിച്ചത്‌. അവന്‍റെ അച്ഛ്നും അമ്മയും അവനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം, അവര്‍ സായാഹ്നം ആസ്വദിക്കുവന്‍ വന്നതാനെന്നു തോന്നി. അവനെ ശ്രദ്ധിക്കുന്നതിനിടയില്‍ തികച്ചും യാദൃശ്ചികമായാണ്‌ അവന്‍റെ അമ്മയെ ശ്രദ്ധിച്ചത്‌. ആ മുഖം, മനസ്സിലൂടെ ഒരു ഇടിവാള്‍ കടന്നുപോയി. അതെ അവള്‍ തന്നെ സോന, ഇല്ല തനിക്കൊരിക്കലും തെറ്റില്ല. മനസ്സില്‍ ഒരു വടംവലി നടന്നു. ഒടുവില്‍ അവളുടെ ഭര്‍ത്താവ്‌ കൈ കഴുകാന്‍ എഴുന്നേറ്റ സമയം നൊക്കി താന്‍ അടുത്തു ചെന്ന്‌ വിളിച്ചു, "സോനാ". ഞെട്ടി നോക്കിയ അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച വളരെ വ്യക്തമായിരുന്നു. പക്ഷെ അവളുടെ മറുപടി അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു, "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും. "

മനസ്സില്‍ ആ സ്വരം വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. അയാള്‍ ചിന്തകള്‍ക്ക്‌ അവധി കൊടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ തന്‍റെ നടത്തത്തിന്‍റെ വേഗത വീണ്ടും കൂട്ടി.