Tuesday, July 3, 2007

ജന്‍മങ്ങള്‍

‍ചുറ്റും തിരക്കു കൂട്ടുന്ന ആളുകളെയോ വാഹനങ്ങളേയോ ശ്രദ്ധിക്കാതെ അയാള്‍ നടത്തിന്‍റെ വേഗത കൂട്ടി. അവളുടെ സ്വരം അപ്പോഴും അയാളുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു. "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും." ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി. അയാളുടെ ചിന്തകള്‍ നടത്തത്തേക്കാള്‍ വേഗതയില്‍ പുറകോട്ടു സഞ്ചരിച്ചു, വര്‍ഷങ്ങള്‍ പുറകിലേക്ക്‌.

"എടാ നിനക്കെന്‍റെ സഹോദരനായി ജനിച്ചുകൂടായിരുന്നോ?" അവളുടെ വാക്കുകള്‍ അയാളുടെ മനസ്സിലേക്കു വീണ്ടും കടന്നു വന്നു. സോന, ഒരിക്കല്‍ തന്‍റെ സ്വന്തം പെങ്ങളെന്നു കരുതിയവള്‍, ഇന്നവള്‍ തനിക്കു തീര്‍ത്തും അന്യയായി മാറിയിരിക്കുന്നു.

കോളേജ്‌ ജീവിത കാലത്തെ വെറും ഒരു സഹപാഠി മാത്രമായിരുന്നില്ല അവള്‍, എന്തും ഏതും പറയുകയും പങ്കു വയ്ക്കുകയും ചെയ്തിരുന്ന ഒരു നല്ല സുഹൃത്ത്‌. ആദ്യം അവളെ കണ്ടപ്പോള്‍ ഒരു തെറിച്ച പെണ്ണുന്നു മാത്രമേ കരുതിയുള്ളൂ, പക്ഷേ പിന്നീടെപ്പോഴോ അവള്‍ ക്ളാസ്സിലെ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായി. അത്രയൊന്നും സുന്ദരിയായിരുന്നില്ല അവള്‍, പക്ഷേ അവളുടെ കണ്ണുകള്‍ ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. തന്‍റെ സ്വതസിദ്ധമായ വായാടിത്തം കൊണ്ട്‌ അവള്‍ വളരെയെളുപ്പം എല്ലാവരുടേയും സുഹൃത്തായി മാറി. അതോടൊപ്പം തന്നെ പല അദ്ധ്യാപകരുടെയും കണ്ണിലെ കരടായി അവള്‍ മാറാന്‍ അതിടയാക്കുകയും ചെയ്തു.

സന്തോഷകരമായി നാളുകള്‍ കടന്നു പോയി. അവളുടെ ജീവിതത്തിലേക്കു ദുഖത്തിന്‍റെ കാര്‍മേഘങ്ങള്‍ കടന്നു വന്നു പെട്ടെന്നായിരുന്നു. അവളുടെ മുതിര്‍ന്ന സഹോദരി അവളുടെ അമ്മയെ ആത്മഹത്യാ ശ്രമത്തിലേക്കു തള്ളി വിട്ടുകൊണ്ട്‌ വീട്ടിലെ ജോലിക്കാരനുമായി നാടുവിട്ടു. പിന്നീട്‌ അവളെ താന്‍ ഒരിക്കലും പഴയ പ്രസരിപ്പോടെ കണ്ടിട്ടില്ല. എങ്കിലും ആ സൌഹൃദം അതു തുടര്‍ന്നു കൊണ്ടിരുന്നു.

കോളേജ്‌ ജീവിതത്തിന്‍റെ അവസാനം അവിടെനിന്നും രക്ഷപെടാനുള്ള ധൃതിയായിരുന്നു അവളില്‍ മുന്നിട്ടു നിന്നത്‌. അതിനു ശേഷം അവള്‍ ഉപരിപഠനത്തിനൊന്നും മുതിരാതെ ചെന്നൈ നഗരത്തിലെ ഒരു കോള്‍ സെന്‍ററില്‍ തന്‍റെ ജീവിതത്തിന്‍റെ അടുത്ത ഘട്ടം ആരംഭിച്ചു. ആദ്യമാദ്യം മുടങ്ങാതെയുള്ള ഫോണ്‍ വിളികള്‍ തങ്ങളുടെ സൌഹൃദം തുടര്‍ന്നുകൊണ്ടു പോകാന്‍ സഹായിച്ചു. പിന്നെപ്പിന്നെ അതു ചുരുങ്ങി ചുരുങ്ങി വന്നു. പിന്നീടെപ്പോഴോ അതും നിന്നു. പിന്നെ താന്‍ അവളെ കാണുന്നത്‌ വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈ സന്ദര്‍ശിച്ചപ്പോഴാണ്‌. ഒരു സുഹൃത്തിന്‍റെ കൈയില്‍ നിന്നും ലഭിച്ച അവളുടെ അഡ്രസ്സുമായി അവളുടെ താമസസ്ഥലം തേടി താന്‍ ചെല്ലുകയായിരുന്നു. അവള്‍ വളരെയധികം മാറിപ്പോയിരുന്നു, എങ്കിലും തന്‍റെ സന്ദര്‍ശനം അവളെ സന്തോഷിപ്പിച്ചെന്നു തോന്നി. പിന്നീട്‌ സുഹൃത്തില്‍ നിന്നാണ്‌ അവളുടെ പുതിയ ഒരു ബന്ധത്തെപ്പറ്റി അറിഞ്ഞത്‌. അവളുടെ ഓഫീസില്‍ തന്നെയുള്ള ഒരു പയ്യന്‍, പക്ഷെ അവരുടെ ബന്ധം ഒരു വഴിവിട്ട തലത്തിലേക്കാണെന്നുള്ള അറിവ്‌ തനിക്കൊരു ഷോക്കായി മാറി.

പിന്നീട്‌ കുറെക്കാലം താന്‍ അവളെപ്പറ്റി ഒന്നും അറിഞ്ഞില്ല. ഒരിക്കല്‍ നാട്ടില്‍ വന്ന സുഹൃത്തില്‍ നിന്നും അവള്‍ ഇപ്പോള്‍ നഗരത്തിലെ അറിയപ്പെടുന്ന ഒരു കോള്‍ ഗേള്‍ ആയി മാറിയെന്ന്‌ അറിഞ്ഞു. തനിക്കത്‌ ഒരിക്കലും വിശ്വസിക്കാനാവുമായിരുന്നില്ല. പക്ഷേ ഒരിക്കല്‍ അവളുടെ ജീവിതത്തിലെ ആ ഘട്ടത്തിനും നിര്‍ഭാഗ്യവശാല്‍ സാക്ഷിയാകേണ്ടി വന്നു.

പിന്നെയും വര്‍ഷങ്ങളുടെ ഇടവേള, തന്‍റെ ജീവിതം ബംഗ്ളൂരിലെ ഐ.ടി ലോകത്തേക്കു പറിച്ചു നട്ടു. ഇനി ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹമില്ലാത്തവണ്ണം അവളെ താന്‍ മറന്നു കഴിഞ്ഞിരുന്നു. അതിനിടയ്ക്കായിരുന്നു അവിചാരിതമായ ഈ കണ്ടുമുട്ടല്‍. സയാഹ്നത്തിലെ തണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഒരു കാപ്പിയുടെ ചൂടും ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണു മുന്‍പിലെ മേശയില്‍ നിന്നും തന്നെ നോക്കി ചിരിച്ചു കാട്ടുന്ന ആ കുസൃതിക്കുടുക്കയെ ശ്രദ്ധിച്ചത്‌. അവന്‍റെ അച്ഛ്നും അമ്മയും അവനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം, അവര്‍ സായാഹ്നം ആസ്വദിക്കുവന്‍ വന്നതാനെന്നു തോന്നി. അവനെ ശ്രദ്ധിക്കുന്നതിനിടയില്‍ തികച്ചും യാദൃശ്ചികമായാണ്‌ അവന്‍റെ അമ്മയെ ശ്രദ്ധിച്ചത്‌. ആ മുഖം, മനസ്സിലൂടെ ഒരു ഇടിവാള്‍ കടന്നുപോയി. അതെ അവള്‍ തന്നെ സോന, ഇല്ല തനിക്കൊരിക്കലും തെറ്റില്ല. മനസ്സില്‍ ഒരു വടംവലി നടന്നു. ഒടുവില്‍ അവളുടെ ഭര്‍ത്താവ്‌ കൈ കഴുകാന്‍ എഴുന്നേറ്റ സമയം നൊക്കി താന്‍ അടുത്തു ചെന്ന്‌ വിളിച്ചു, "സോനാ". ഞെട്ടി നോക്കിയ അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച വളരെ വ്യക്തമായിരുന്നു. പക്ഷെ അവളുടെ മറുപടി അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു, "അല്ല ഞാന്‍ സോനയല്ല. നിങ്ങള്‍ക്ക്‌ ആളു തെറ്റിയതാവും. "

മനസ്സില്‍ ആ സ്വരം വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. അയാള്‍ ചിന്തകള്‍ക്ക്‌ അവധി കൊടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ തന്‍റെ നടത്തത്തിന്‍റെ വേഗത വീണ്ടും കൂട്ടി.

5 comments:

ധൂമകേതു said...

ഇതും എന്‍റെ തന്നെ ജീവിതത്തിലെ ഒരു അദ്ധ്യായം. മറ്റാര്‍ക്കോ സംഭവിച്ചതെന്ന കാഴ്ചപ്പാടില്‍ പകര്‍ത്തുവാനുള്ള ഒരു പാഴ്ശ്രമം...

തറവാടി said...

ധൂമകേതൂ ,

എഴുത്തു നന്നായി , വിഷയത്തെക്കുറിച്ചൊന്നും പറയുന്നില്ല :)

മനോജ് കുമാർ വട്ടക്കാട്ട് said...

അവളൊരു പുതിയ ജീവിതത്തിലെത്തിയതായിരിക്കാം.

(തൂവാനത്തുമ്പികളിലെ നായികയെ ഓര്‍ത്തുപോയി)

ധൂമകേതു said...

അതെ അത്‌ അവളുടെ ഒരു പുതിയ ജീവിതത്തിന്‍റെ ദൃശ്യമായിരുന്നു. അത്‌ സന്തോഷകരമായി മുമ്പോട്ടു പോകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു...

ശ്രീ said...

ഇതു യഥാര്‍‌ത്ഥ സംഭവമോ?
സോനയെക്കുറിച്ചു ചിന്തിക്കാതിരിക്കൂ... താങ്കളുടെ മനസ്സിലെങ്കിലും അവള്‍ പഴയ ആ നല്ല കൂട്ടുകാരിയായിരിക്കട്ടെ!