Thursday, June 21, 2007

ഒരു നിശബ്ദ പ്രണയത്തിന്‍റെ ഓര്‍മ്മക്കുറിപ്പ്‌

‍തിരക്കേറിയ ജീവിതത്തിന്‍റെ ആകുലതകള്‍ക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ അവനെ കണ്ടപ്പോള്‍ മരുപ്പച്ച കണ്ട മരുയാത്രക്കാരന്‍റെ ആശ്വാസമാണ്‌ തോന്നിയത്‌. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. ഒരിക്കലും മറക്കരുതെന്നാഗ്രഹിക്കുന്ന ഒരുപിടി ഓര്‍മ്മകളുടെ കാലത്തേക്കുള്ള ഒരു മടങ്ങിപ്പോക്കായിരുന്നു അത്‌. ട്രെയിനുകളുടെ ചൂളം വിളികളുടെയും, എന്തിനോ വേണ്ടി ധൃതികൂട്ടുന്ന ജനങ്ങളുടെ കലപില ശബ്ദങ്ങളുടെയും ഇടയില്‍ നിന്നുകൊണ്ടുള്ള ഞങ്ങളുടെ സംസാരം ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍. എന്നു ഞാന്‍ ആഗ്രഹിച്ചു. ഇടയ്ക്കെപ്പൊഴോ അവന്‍ ചോദിച്ചു "നീയറിഞ്ഞിരുന്നോ? അവളുടെ വിവാഹത്തെപ്പറ്റി. "

*****************************

അവള്‍. എന്നും ഓര്‍ക്കാന്‍ ഇഷടപ്പെട്ടിരുന്ന ആ മുഖം വീണ്ടും ഒര്‍മ്മയില്‍ നിറഞ്ഞു. ഇല്ല ഈയിടെയായി അവളെപ്പറ്റി തീരെ ഓര്‍ക്കാറേയില്ല. അല്ലെങ്കിലും തന്നെപ്പറ്റി തന്നെ ഓര്‍ക്കാന്‍ സമയമില്ലാത്തപ്പോള്‍ എങ്ങനെ അവളെ ഓര്‍ക്കും? ഇപ്പോ ഏറെ നാളുകള്‍ക്കു ശേഷമാണ്‌ അവളെപ്പറ്റി വീണ്ടും ഓര്‍ക്കുന്നത്‌. അവളെ ആദ്യമായി കണ്ട നിമിഷം മനസ്സിലേക്ക്‌ കടന്നു വന്നു.

അത്‌ എന്‍റെ ഹൈസ്കൂള്‍ ജീവിതകാലം. ലോകത്തെന്തിനോടും പ്രണയം തോന്നുന്ന പ്രായം. ഒരു ദിവസം രാവിലെ രണ്ടാം നിലയിലുള്ള എന്‍റെ ക്ളാസ്സില്‍ നിന്നും താഴെക്കൂടി വരുന്നവരെ നോക്കിക്കൊണ്ടു നിന്നപ്പോളാണ്‌ ആദ്യമായി അവളെ കാണുന്നത്‌. ഓടിക്കയറി വരുന്ന ആണ്‍കുട്ടികളുടെ ഇടയിലൂടെ പുസ്തകങ്ങളും നെഞ്ചിലടുക്കി പതിയെ നടന്നു വരുന്ന വെളുത്ത പെണ്‍കുട്ടി. മുന്‍പെന്നും ഉണ്ടാകാത്ത എന്തോ ഒന്ന്‌ എന്‍റെ ശരീരത്തിലൂടെ കടന്നു പോയി. മുമ്പൊരു പെണ്‍കുട്ടിയേയും കണ്ടപ്പൊഴൊന്നും തോന്നാത്ത എന്തോ ഒന്ന്‌. കുട്ടികളുടെ ഇടയില്‍ അലിഞ്ഞു ചേര്‍ന്ന അവള്‍ പടികള്‍ കയറി എന്‍റെ സമീപത്തുകൂടി കടന്നുപോയപ്പോളാണ്‌ ഞാന്‍ പൂര്‍വസ്ഥിതിയിലേക്കു വന്നത്‌.

പിന്നെ അവളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍. അവള്‍ എന്‍റെ നിലയില്‍ തന്നെയുള്ള ക്ളാസ്സിലാണെന്നുള്ള അറിവ്‌ ഒരേ സമയം ആനന്ദവും അത്ഭുതവും പകര്‍ന്നു. പിന്നെ സ്കൂളിലുള്ള എന്‍റെ ദിവസങ്ങള്‍ അവളെ കാത്തു നില്‍ക്കുന്നിടത്തു നിന്നാണ്‌ ആരംഭിച്ചത്‌. പതിയെപ്പതിയെ അവളുമായി സംസാരിക്കുവാനും ഒരു നല്ല സൌഹൃദം സ്ഥാപിക്കുവാനും എനിക്കായി. ഒരു നല്ല സൌഹൃദത്തിന്‍റെ ഊഷ്മളത, അതിന്‍റെ ഇടയില്‍പ്പെട്ടു അവളോടു പറയാനാവാത്ത പ്രണയം. അത്‌ എന്‍റെ സ്വകാര്യമായി ഞാന്‍ സൂക്ഷിച്ചു. എന്‍റെ പ്രണയം, എന്നെങ്കിലും അവള്‍ അതറിഞ്ഞിരുന്നുവോ? ഇല്ല. വഴിയില്ല. ഒന്നിച്ചുള്ള സ്കൂള്‍ വിനോദയാത്രയില്‍ പരസ്പരം കൈകോര്‍ത്തു നടക്കാനായെങ്കിലും എന്‍റെ മനസ്സ്‌ അവള്‍ക്കു മുന്‍പില്‍ തുറക്കാനാവത്ത ഒരു ഭീരുവായി ഞാന്‍. ഒരുപക്ഷെ, അവളുടെ സോദരന്‍ എന്‍റെ ഒരു നല്ല സുഹൃത്താണെന്നതും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കാം. അവസാന പരീക്ഷയും കഴിഞ്ഞ്‌ സ്കൂളിനോട്‌ വിട പറയുമ്പോള്‍ അവളെ ഇനിയും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു മനസ്സിനെ മഥിച്ചിരുന്നത്‌. പിന്നെ ഉരിപഠനത്തിന്‍റെ വര്‍ഷങ്ങള്‍. ഇടക്കെപ്പോഴോ ഒന്നു രണ്ടു വട്ടം അവളെ കാണാന്‍ കഴിഞ്ഞു. പിന്നീട്‌ അന്യസംസ്ഥാനത്തുള്ള എന്‍റെ പ്രൊഫഷണല്‍ പഠനത്തിനടിയില്‍ അവളുടെ വിവാഹ വാര്‍ത്തയും എവിടെനിന്നോ അറിഞ്ഞു.

*******************************

ഇതെല്ലാം ഞാന്‍ മുന്‍പേ അറിഞ്ഞതാണല്ലോ പിന്നെ ഇപ്പൊ ഇത്‌ ചോദിക്കാനുള്ള കാരണം എന്ന മുഖഭാവത്തൊടെ അവനെ ഞാന്‍ നോക്കി. എന്‍റെ മനോഗതം മനസ്സിലാക്കിയതുപോലെ അവന്‍ പറഞ്ഞു "ഞാന്‍ അവളുടെ രണ്ടാം വിവാഹത്തിന്‍റെ കാര്യമാണ്‌ പറഞ്ഞത്‌". എന്‍റെ മനസ്സില്‍ എന്തോ ഒന്നു പൊട്ടിച്ചിതറി. അവള്‍ ഇപ്പോല്‍ ഒരു കുട്ടിയുടെ അമ്മയാണെന്നും, ആദ്യ ഭര്‍ത്താവ്‌ ഉപേക്ഷിച്ചു പോയതിനാല്‍ അവളുടെ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തു തന്നെ മറ്റൊരാളെ വിവാഹം കഴിച്ചെന്നുമുള്ള അവന്‍റെ വിവരണത്തിനിടയില്‍ എന്‍റെ മനസ്സ്‌ മറ്റെവിടേക്കോ സഞ്ചരിച്ചുകൊണ്ടിരുന്നു. ഒരു കുട്ടിയയും കൈയില്‍ പിടിച്ച്‌ വിവാഹ വേഷവും ധരിച്ചു നില്‍ക്കുന്ന അവളുടെ രൂപമായിരുന്നു എന്‍റെ മനസ്സ്‌ നിറയെ. അപ്പോള്‍ അവളെ സ്വീകരിക്കാന്‍ ഒരു സാഹചര്യമുണ്ടായാല്‍ അവളെ ഞാന്‍ സ്വീകരിക്കുമോ? അറിയില്ല. അല്ലെങ്കിലും പണ്ടു മുതലേ എന്‍റെ മനസ്സ്‌ ഇഷ്ടമുള്ളതു ചെയ്യാന്‍ എന്നെ അനുവദിച്ചിരുന്നില്ലല്ലോ.

Tuesday, June 19, 2007

ഒരു ചൂലും പിന്നെ മൂന്നടിയും...

കുട്ടനാട്ടില്‍ പമ്പയാറിന്‍റെ തീരത്തു സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പള്ളിയോടനുബന്ധിച്ചുള്ള സ്കൂള്‍. അവിടെയായിരുന്നു എന്‍റെ നാലാം ക്ളാസ്സ്‌ വരെയുള്ള വിദ്യാഭ്യാസം. വിശാലമായ കുട്ടനാടന്‍ പാടശേഖരം താണ്ടി കടത്തു വള്ളത്തില്‍ ആറു മുറിച്ചു കടന്നു വേണം സ്കൂളില്‍ എത്താന്‍.

അതു ഞാന്‍ മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന കാലം. അന്നു മൂന്നാം ക്ളാസ്സ്‌ രണ്ടു ഡിവിഷനാണ്‌ എ-യും ബി-യും. ഞാന്‍ ബി ഡിവിഷണ്റ്റെ അരുമ സന്താനം. രണ്ടു ക്ളാസ്സും തമ്മില്‍ നല്ല 'സ്നേഹം'. ഏതു കാര്യത്തിലും നല്ല വാശി. ഇന്ന്‌ വഴക്കുണ്ടക്കാന്‍ എന്താ മാര്‍ഗ്ഗം എന്നുള്ള ആലോചനയോടെയണു രാവിലെ സ്കൂളില്‍ വരുന്നതു തന്നെ. രണ്ട്‌ ക്ളാസ്സും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാലോ? തീര്‍ന്നു, പിന്നെ സംഘം ചേര്‍ന്നുള്ള ഒരു പടപുറപ്പാടാണ്‌. ഒരു കൂട്ട അടിയിലും അവസാനം ടീച്ചറിന്‍റെ വക അടിയിലുമാകും അവസാനിക്കുക. കുട്ടി നിക്കറും ഇട്ടു നടക്കുന്ന പ്രായമാണെങ്കിലും നമ്മളാണ്‌ ഏറ്റവും വലിയവര്‍ എന്ന വിശ്വാസത്തില്‍ കഴിയുന്ന കാലം.

ഒരു ദിവസം ടീച്ചര്‍ ഞങ്ങളെ വൃത്തിയുടെ ആവശ്യകതയെപ്പറ്റി ബോധവാന്‍മാരാക്കാനുള്ള വിഫല ശ്രമത്തിനിടെ ക്ളാസ്സ്‌ റൂം വൃത്തിയയി സൂക്ഷിക്കേണ്ടതിണ്റ്റെ ആവശ്യകതയെപ്പറ്റി ഉദ്ബോധിപ്പിച്ചു. അതിന്‌ പ്രധാനമായി ക്ളാസ്സ്‌ വക ഒരു ചൂലുണ്ടാക്കണം. ഉണ്ടാക്കേണ്ട മര്‍ഗ്ഗവും ടീച്ചര്‍ തന്നെ പറഞ്ഞു തന്നു. എല്ലാവരും അവരവരുടെ വീട്ടില്‍ നിന്നും പത്ത്‌ ഈര്‍ക്കില്‍ വീതം കൊണ്ടു വരിക, അത്‌ ഒന്നിച്ചു കെട്ടി ഒരു നല്ല ചൂലുണ്ടാക്കം. ഉഗ്രന്‍ ഐഡിയ. ശരി ചൂലുണ്ടാക്കിക്കളയാം. നമ്മള്‍ നല്ല വൃത്തിയുള്ള കുട്ടികളല്ലേ അപ്പോ ക്ളാസ്സും വൃത്തിയയി കിടക്കേണ്ടേ. അന്നു വൈകിട്ടു വീട്ടിലെത്തിയ ഉടനെ തന്നെ മാതാശ്രീയോട്‌ 'പ്രോജക്റ്റ്‌ ചൂല്‍' അവതരിപ്പിച്ചു. തന്‍റെ കുഴപ്പം കാരണം പുത്രന്‍റെ ക്ളാസ്സ്‌ വൃത്തികേടായി കിടക്കണ്ട എന്ന നല്ല വിചാരം കാരണം മാതാശ്രീ പത്ത്‌ ഈര്‍ക്കില്‍ എനിക്ക്‌ റെഡിയാക്കിത്തന്നു. പിറ്റേന്നു രാവിലെ ചെങ്കോലും പിടിച്ചു നീങ്ങുന്ന രാജാവിന്‍റെ തലയെടുപ്പോടെ ഈര്‍ക്കിലും പിടിച്ച്‌ ഞാന്‍ സ്കൂളില്‍ ചെന്നു. ഒന്നിനു പകരം ഒന്നര ചൂലിനുള്ള ഈര്‍ക്കില്‍ രാവിലെ തന്നെ അവിടെ റെഡി. അങ്ങനെ ഞങ്ങളുടെ ക്ളാസ്സിനു സ്വന്തമായി ഒരു ചൂലായി. ഞങ്ങള്‍ അഭിമാനപുളകിതരായി. അവന്‍മാരേക്കാള്‍ ഒരു ചൂലിനു നമ്മള്‍ മുന്‍പിലല്ലേ? ചെറിയ കാര്യമാണോ? ഇതു കണ്ടാല്‍ അവന്‍മാര്‍ വിടുമോ? ദുഷ്ടന്‍മാര്‍... അവന്‍മാരും 'പ്രോജക്റ്റ്‌ ചൂല്‍' നടപ്പിലാക്കി. അപ്പോ രണ്ടു ക്ളാസ്സും തുല്യം. പക്ഷെ ഞങ്ങളുടെ ഇടയിലെ ഏതൊ ഭാവി എഞ്ചിനീയര്‍ ഞങ്ങളുടെ ചൂലിലാണ്‌ ഈര്‍ക്കില്‍ കൂടുതല്‍ എന്നു കണ്ടു പിടിച്ചു. ചീളന്‍മാര്‍, അവന്‍മാരെക്കൊണ്ടാകുമോ ചൂലുണ്ടാക്കി നമ്മളേ തോല്‍പിക്കാന്‍? അങ്ങനെ ഞങ്ങളുടെ അഭിമാനമായി ഞങ്ങളുടെ പ്രിയ ചൂല്‌ കാലം കഴിച്ചു.

ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ ചൂലിന്‌ എന്തോ ഒരു മാറ്റം. സുമൊ ഗുസ്തിക്കാരനെപ്പോലെയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചൂല്‌ ഒറ്റ രാത്രി കൊണ്ട്‌ ഒരു സോമാലിയക്കാരനായിരിക്കുന്നു. ഇതെന്തു മറിമായം. അപ്പോഴാണ്‌ അതു കണ്ടു ഞങ്ങള്‍ ഞെട്ടിയത്‌. അവന്‍മാരുടെ ചൂല്‌ ഒറ്റ രാത്രി കൊണ്ട്‌ ഒരു സുമോ ഗുസ്തിക്കാരനായി മാറിയിരിക്കുന്നു. അങ്ങനെ വരട്ടെ അവിടുത്തെ ഏതോ ഭാവി ഡോക്ടര്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയതാന്‌. ചോദിച്ചിട്ടു തന്നെ കാര്യം, ഹല്ല പിന്നെ. നമ്മളെന്താ അത്ര മണ്ടന്‍മാരാണോ? തത്സമയത്തുള്ള ടീച്ചറിണ്റ്റെ ആഗമനം ഞങ്ങളുടെ പ്ളാനുകളെ ഉച്ചക്കത്തേക്കു മാറ്റി വയ്പ്പിച്ചു.

ഉച്ചയൂണു കഴിഞ്ഞു ഞങ്ങളുടെ സൈന്യം അവരുടെ ക്ളാസ്സിലേക്ക്‌ ഇരച്ചു കയറി. 'എവനാടാ ഞങ്ങളുടെ ചൂല്‌ കട്ടത്‌' എന്ന ചോദ്യത്തോടെ ഞങ്ങളുടെ പടനായകന്‍മരിലൊരളായ 'എമ്പ്രാവ്‌' എന്നു വിളിക്കപ്പെടുന്ന എബ്രാഹം അവരുടെ ചൂലില്‍ പിടുത്തമിട്ടു. അവരുടെ സൈന്യത്തിന്‍റെ പ്രതിനിധികള്‍ മറ്റേയറ്റത്തും. എമ്പ്രാവ്‌ വിടുമോ കൊടുത്തു ഒരുത്തന്‍റെ നെഞ്ചു നോക്കി ഒരെണ്ണം. 'ധും' ദാ കിടക്കുന്നു എമ്പ്രാവ്‌ താഴെ. ഇടി അങ്ങു ചെല്ലുന്നതിന്‍റെ മുന്‍പായി വേറൊരുത്തന്‍ കഴുത്തിനു പിടിച്ചു വലിച്ചിട്ടതാണ്‌. വീഴ്ചയില്‍ ചൂലിന്‍റെ കെട്ടഴിഞ്ഞ്‌ ഈര്‍ക്കില്‍ നാലുപാടും ചിതറി. ഞങ്ങളുടെ രക്തം തിളച്ചു. പിന്നെ അവിടെ നടന്നത്‌ ഒരു കൂട്ടപ്പൊരിച്ചിലായിരുന്നു. ചറപറ ഇടി, മാന്ത്‌, കടി തുടങ്ങിയ മാരകായുധങ്ങള്‍ പരസ്പരം പ്രയോഗിക്കപ്പെട്ടു. വിജയകരമായി യുദ്ധം പൊടിപാറുന്നതിനിടെ എന്‍റെ തുടയില്‍ ഒരു മിന്നല്‍. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ചുരികയും പിടിച്ചു നില്‍ക്കുന്ന ചേകവനെപ്പോലെ ചൂരലും പിടിച്ച്‌ സ്കൂളിന്‍റെ പേടി സ്വപ്നം ഹൈസ്കൂളില്‍ പഠിപ്പിക്കുന്ന ജോണ്‍ സാര്‍ പുറകില്‍. അടുത്ത മിസൈല്‍ ലാന്‍റെ ചെയ്യുന്നതിനു മുന്‍പായി ഒറ്റ ഓട്ടം. ക്ളാസ്സിന്‍റെ പുറകിലൂടെ മൂത്രപ്പുരയുടെ പുറകിലുള്ള കാട്ടിലേക്ക്‌. അവിടെ ചെന്നപ്പോള്‍ ദാണ്ടെ നില്‍ക്കുന്നു കാലും തിരുമ്മി കുറച്ചു മുന്‍ഗാമികള്‍. ആ കാട്ടില്‍ രണ്ട്‌ ക്ളാസ്സിലേയും പടയാളികള്‍ ഏകോദര സഹോദരന്‍മരായി മൂത്രത്തിണ്റ്റെ സുഗന്ധവും ആസ്വദിച്ച്‌ ഒളിവില്‍ കഴിഞ്ഞു.

ഉച്ച കഴിഞ്ഞ്‌ ക്ളാസ്സില്‍ കയറാനുള്ള ബെല്ലടിച്ചപ്പൊഴേ പുറത്തു കടക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായുള്ളൂ. ടീച്ചര്‍ വന്നപ്പോള്‍ അതിലും വലിയ പുകില്‌. ഉച്ചക്കു വഴക്കുണ്ടാക്കിയവര്‍ പതുക്കെ എഴുന്നേറ്റു നിന്നോളന്‍. 'വഴക്കോ? എന്തു വഴക്ക്‌? ടീച്ചറിനു ഞങ്ങളെ അറിയില്ലേ, ഇത്രയും നല്ല കുട്ടികള്‍ വഴക്കുണ്ടാക്കാനോ' എന്ന ഭാവത്തില്‍ കൂടി വരുന്ന നെഞ്ചിടിപ്പിനെ മറക്കാന്‍ ശ്രമിച്ച്‌ ഞങ്ങള്‍ ബലം പിടിച്ചിരുന്നു. 'അപ്പോ ആരും വഴക്കുണ്ടാക്കിയില്ല അല്ലേ' എന്ന ചോദ്യത്തോടെ ടീച്ചര്‍ ഒരു ലിസ്റ്റ്‌ എടുത്തു വായിക്കാന്‍ തുടങ്ങി. 1,2,3,... 'യേയ്‌ എണ്റ്റെ പേരു കാണില്ല' ... 'ഹമ്മച്ചിയേ, നമ്മളുമുണ്ട്‌'. ലിസ്റ്റ്‌ വായന കഴിഞ്ഞ്‌ കിട്ടി മൂത്തു പഴുത്ത ചൂരല്‍പ്പഴം രണ്ടെണ്ണം കൈയില്‍. അടി കൊണ്ട കൈ കൊണ്ട്‌ തുടയിലെ പാടില്‍ തടവുക. ആഹാ എന്താ അതിന്‍റെ ഒരു സുഖം. അപ്പൊ കേള്‍ക്കാം അപ്പുറത്തു നിന്നും സമാന ശബ്ദങ്ങള്‍. 'ഹാവൂ... സമാധാനമായി അവര്‍ക്കും കിട്ടിയല്ലോ. ' ഒരു കാര്യം മത്രം അവശേഷിച്ചു. ആരാണ്‌ ജോണ്‍ സാറിനെ വിളിച്ചോണ്ടു വന്നത്‌? ഇത്ര ക്രുത്യമായൊരു ലിസ്റ്റ്‌ എങ്ങനെ ടീച്ചറിന്‍റെ കൈയില്‍ കിട്ടി? അതിര്‍ത്തി കടന്നുള്ള ആക്രമണമായതു കൊണ്ട്‌ ആണ്‍കുട്ടികള്‍ വഴിയാകാന്‍ ഇടയില്ല. അല്ലെങ്കിലും അഭിമാനമുള്ള ആണ്‍കുട്ടികള്‍ക്ക്‌ അങ്ങനെ ചെയ്യാന്‍ പറ്റുമോ? പെണ്‍കുട്ടികളുടെ ഇടയിലുള്ള ചില പ്രത്യേക ലിങ്ക്‌ വഴി സേര്‍ച്ച്‌ ചെയ്തപ്പോള്‍ അറിഞ്ഞു ഒറ്റുകാരി ലോണ്ടെ ലവളാണ്‌. സാമദ്രോഹി, അവളെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ചോദിച്ചിട്ടു തന്നെ കാര്യം. ചോദിച്ചു. ഉത്തരവും കിട്ടി. 'ഡാ... എന്നോട്‌ കളിച്ചാല്‍ ഞാന്‍ ടീച്ചറിനോട്‌ പറയും'. ദുഷ്ട... തുടക്കത്തിലേ തന്നെ അണുവായുധ ഭീഷണിയാണ്‌. സമധാനത്തിന്‍റെ വക്താക്കളായതു കൊണ്ടും, മറ്റേ കൈയിലും കൂടെ അടി വാങ്ങാന്‍ ശേഷിയില്ലാത്തതു കൊണ്ടും ബുദ്ധിപൂര്‍വം പിന്‍മാറി.

പിറ്റേന്ന്‌ ക്ളാസ്സില്‍ എത്തിയപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്‌. ഞങ്ങളുടെ ക്ളാസ്സിന്‍റെ അഭിമാനമായ ഞങ്ങളുടെ പ്രിയപ്പെട്ട ചൂല്‌ അപ്രത്യക്ഷമായിരിക്കുന്നു. അത്‌ ആരാണടിച്ചു മാറ്റിയതെന്ന്‌ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

Friday, June 15, 2007

കണ്ണീര്‍പ്പൂവുകള്‍

ഇന്നും ആ മുഖം ഒരു വിങ്ങലായി ഉള്ളിലെവിടെയോ ഉണ്ട്‌. പ്രിയ കൂട്ടുകാരാ, നീയൊരു പക്ഷെ ഞാന്‍ കണ്ടിട്ടില്ലാത്ത ലോകത്തിരുന്നു കൊണ്ട്‌ എന്നെ കാണുന്നുണ്ടാകാം... നിന്‍റെ മുഖം, ഇല്ല അതൊരിക്കലും മനസ്സില്‍ നിന്നു മായില്ല. എന്തിനായിരുന്നു അന്നു നീ ഞങ്ങളെ കാത്തു നിന്നത്‌? ക്രൂരമായ വിധിയുടെ കൈകളിലേക്ക്‌ നിന്നെ തന്നെ ഏല്‍പിച്ചു കൊടുക്കാനോ?

അത്‌ എന്‍റെ ഡിഗ്രിയുടെ ആദ്യ കാലം. പുതിയ കലാലയം, പുതിയ അന്തരീക്ഷം. സഹപാഠികളുടെ ഇടയില്‍ പരിചിത മുഖങ്ങള്‍ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. പിന്നെ പുതിയ സൌഹൃദങ്ങളുടെ കണ്ടെത്തലുകള്‍. എന്‍റെ ക്ളാസ്സില്‍ അല്ലാതിരുന്നിട്ടു കൂടി ഞങ്ങള്‍ പെട്ടെന്നു സുഹൃത്തുക്കളായി. ഒരേ ബസ്സില്‍ പോയ്‌ വരുന്നവര്‍, ഞങ്ങള്‍ മൂന്നു പേര്‍, ഞാനും അവനും പിന്നെ എന്‍റെയൊരു സഹപാഠിയും. എല്ലാ ദിവസവും ഞങ്ങള്‍ ഒന്നിച്ചായി വരവും പോക്കും. ഒരു നല്ല സൌഹൃദം ഞങ്ങള്‍ മൂവര്‍ക്കുമിടയില്‍ ഉടലെടുത്തു.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുക്കുന്ന ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചിരുന്നു. വളരെ തുറന്നു സംസാരിക്കുന്ന ഒരു നല്ല സുഹൃത്ത്‌. ആഹ്ളാദപൂര്‍ണ്ണമായ ദിവസങ്ങള്‍. ഞങ്ങളുടെ സന്തോഷത്തില്‍ കരി നിഴല്‍ വീഴ്ത്താനെന്നോണം ആ ശപിക്കപ്പെട്ട ദിവസം കടന്നു വന്നു. അവന്‌ അന്ന്‌ ഉച്ച കഴിഞ്ഞ്‌ ക്ളാസ്സ്‌ ഇല്ല. പതിവ്‌ സമയത്ത്‌ ഞങ്ങളുടെ ക്ളാസ്സ്‌ കഴിഞ്ഞു ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്‍ ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്നു. ഒരുമിച്ചു പോകാന്‍ വേണ്ടിയുള്ള കാത്തിരുപ്പ്‌, അതോ സ്വന്തം വിധിക്കു വേണ്ടിയുള്ള കാത്തിരിപ്പോ? ഇനി എന്താണ്‌ നടക്കാന്‍ പോകുന്നതെന്ന്‌ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

അന്നു ഞങ്ങള്‍ ഒരു സീറ്റില്‍ ഇരുന്നാണ്‌ സഞ്ചരിച്ചത്‌. പതിവു പോലെ അവന്‍ ധാരാളം സംസാരിച്ചു. പുതിയ കോളേജിനെപ്പറ്റി, സഹോദരിമാരെപ്പറ്റി, എഞ്ചിനീയറിംഗ്‌ സീറ്റ്‌ ഒരു ചതിയിലൂടെ നഷ്ടമായി ഇവിടെ ചേരാനുണ്ടായ സാഹചര്യത്തെപ്പറ്റി... ബസ്‌ അതിന്‍റെ യാത്ര അവസാനിപ്പിച്ചു. അവന്‍ ജനിച്ചു വളര്‍ന്ന പട്ടണം, ഏതാനും നിമിഷങ്ങള്‍ക്കകം അവനു വീടെത്താം. ഞങ്ങള്‍ രണ്ടാള്‍ ക്കും ഇനി ഒരു ബസ്‌ കൂടി കയറി വേണം വീടെത്താന്‍. ഞങ്ങള്‍ മൂവരും മുന്നൊട്ടു നടന്നു. ഞങ്ങള്‍ക്കു ബസ്‌ പിടിക്കാനുള്ള സ്റ്റാന്‍റിന്‍റെ അടുത്തെത്തിയപ്പോള്‍ അവന്‍ ആരെയൊ കണ്ടു വഴിയില്‍ നിന്നു. അവന്‍റെ ജന്‍മ നാട്‌ സുഹൃത്തുക്കളെ കണ്ടു നില്‍ക്കുക പതിവുള്ളതാണ്‌. ഞങ്ങള്‍ രണ്ടും മുന്‍പോട്ടു നടന്നു സ്റ്റാന്‍റിലേക്കു ക്രോസ്സ്‌ ചെയ്തു. പെട്ടെന്ന്‌ പുറകില്‍ ഒരു നിലവിളി. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ റോഡരികില്‍ വീണു കിടക്കുന്നു. ഞങ്ങള്‍ അവിടേക്ക്‌ ഓടിച്ചെന്നു. അപ്പൊഴേക്കും ആളുകള്‍ ഓടിക്കൂടി, ആരോ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അതെ, അവന്‍ ആക്രമിക്കപ്പെട്ടു. എഴുന്നേറ്റു വന്ന അവന്‍ തലയുടെ ഇടതു വശം തടവുന്നുണ്ടായിരുന്നു. ആരായിരുന്നു അതെന്നുള്ള ഞങ്ങളുടെ ചൊദ്യത്തിന്‌ അവന്‍ വ്യക്തമായ ഒരു മറുപടി തന്നില്ല. നിങ്ങള്‍ക്കറിയില്ല എന്നു മാത്രം പറഞ്ഞു. അതിനു ശേഷം എന്‍റെ കൈയില്‍ നിന്നും ഒരു പത്തു രൂപയും വാങ്ങി ഒരു ഓട്ടൊ വിളിച്ച്‌ അവന്‍ വീട്ടിലേക്ക്‌ പോയി. പെട്ടെന്ന്‌ ഉണ്ടായ സംഭവങ്ങളില്‍ അമ്പരന്ന്‌ ഞങ്ങള്‍ സ്റ്റാന്‍റിലേക്കും. അപ്പൊഴൊന്നും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല ഒന്നിച്ചുള്ള ഞങ്ങളുടെ അവസാന യാത്രയായിരുന്നു അതെന്ന്‌.

പിറ്റേന്ന്‌ അവനെ പതിവു ബസില്‍ കണ്ടില്ല. കൊളേജില്‍ വന്നപ്പോള്‍ അവിടെയും എത്തിയിട്ടില്ല. ആശങ്കയോടെ ഞങ്ങള്‍ ക്ളാസ്സില്‍ ഇരുന്നു. ഉച്ചയോടെ പ്രിന്‍സിപ്പള്‍ ഞങ്ങളെ അദ്ദേഹത്തിന്‍റെ റൂമിലേക്കു വിളിപ്പിച്ചു. അവിടെ രണ്ടു പേര്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. അവന്‍റെ പിതാവും മറ്റൊരു ബന്ധുവും. അവന്‍റെ തലയില്‍ ശക്തമായ അടി കൊണ്ടതിനാലുള്ള പരിക്കാണെന്നും അന്ന്‌ അവന്‌ ഒപ്പറേഷന്‍ ഉണ്ടെന്നും അവര്‍ ഞങ്ങളെ അറിയിച്ചു. എന്‍റെ മന്‍സ്സിലേക്ക്‌ തലയും തടവിക്കൊണ്ട്‌ നില്‍ക്കുന്ന അവന്‍റെ രൂപം കടന്നു വന്നു. സംഭവിച്ചതെല്ലാം അവരോടു പരഞ്ഞതിനു ശേഷം ഞങ്ങള്‍ ക്ളാസ്സിലേക്ക്‌ തിരികെ പോയി.

പിറ്റേന്ന്‌ വീട്ടിലിരിക്കുമ്പോള്‍ ദുരന്ത വാര്‍ത്ത അറിയിക്കാനയി ഒരു ഫോണ്‍ കോള്‍. അവന്‍ മരിച്ചു. തലക്കൊരു മരവിപ്പ്‌. ഫോണ്‍ കൈ മാറി കൈത്തലങ്ങളില്‍ മുഖമര്‍ത്തി. ഒരുമിച്ചുള്ള യാത്രയില്‍ ഒരാള്‍ അന്തരീക്ഷത്തില്‍ ലയിച്ചു പോയ അനുഭവം. അതിന്‍റെ ഞെട്ടല്‍. ഇന്നും ആ വേദന മനസ്സില്‍ എവിടെയോ കൊളുത്തി വലിക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും വിചാരണയെന്ന പ്രഹസനത്തിനുമൊടുക്കം കണ്ണു കെട്ടപ്പെട്ട നീതിപീഠം അവന്‍റെ മരണം താഴെ വീണപ്പോല്‍ തല നിലത്തിടിച്ചതിന്‍റെ ആഘാതം മൂലമാണെന്നു കണ്ടെത്തി, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ മക്കളായ പ്രതികളെ വെരുതെ വിട്ടു കൊണ്ട്‌ നീതി നടപ്പിലാക്കി. ഇന്നും തലയും തടവിക്കൊണ്ട്‌ ഓട്ടോയില്‍ കയറി പോകുന്ന അവന്‍റെ രൂപം മനസ്സില്‍ ഒരു മുറിപ്പാടായി അവശേഷിക്കുന്നു. പ്രിയ കൂട്ടുകാരാ, നിന്‍റെ ഓര്‍മ്മയുടെ മുന്‍പില്‍ എന്‍റെ അശ്രുപുഷ്പങ്ങള്‍...

Wednesday, June 6, 2007

സവിനയം നിങ്ങള്‍ക്കു മുന്നില്‍...

പ്രിയ വായനക്കാരാ, ഈ വഴി കടന്നു വരാന്‍ താങ്കള്‍ കാണിച്ച സൌമനസ്യത്തിനു ഞാന്‍ നന്ദി പറഞ്ഞു കൊള്ളട്ടെ. ബ്ളോഗിങ്ങിന്‍റെ ലോകത്ത്‌ ഇത്‌ എന്‍റെ ആദ്യ ചുവടുവയ്പാണ്‌. എഴുത്തിന്‍റെ ലോകത്തു മുന്‍ പരിചയങ്ങളില്ലാത്ത ഈയുള്ളവന്‍റെ കൈപ്പിഴകള്‍ സദയം ക്ഷമിക്കുക. എന്‍റെ തെറ്റുകള്‍ സദയം ചൂണ്ടിക്കാട്ടി അവ തിരുത്തുവാന്‍ താങ്കള്‍ എന്നെ സഹായിക്കണമെന്നു വിനയപൂര്‍വം ഞാന്‍ അപേക്ഷിക്കുന്നു. എന്ന് സ്വന്തം...