ക്ളോക്കില്‍ മണി എട്ടടിച്ചു, കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനേ തോന്നിയില്ല. ഇനി എന്നാണ് ഇങ്ങനെ മതിവരുവോളം കിടന്നുറങ്ങാന്‍ പറ്റുക? നാലു ദിവസത്തെ അവധിക്കു വീട്ടില്‍ വന്നതാണ്, ഇനി ഇന്നു വൈകിട്ടത്തെ ബസില്‍ വീണ്ടും ബാംഗ്ളൂരിന്‍റെ തിരക്കുകളിലേക്ക്. ഇനി ഇതുപോലെ ഒന്നുറങ്ങണമെങ്കില്‍ വീണ്ടും നാട്ടില്‍ വരണം. പക്ഷേ വിശപ്പിന്‍റെ വിളി ഉറക്കത്തിന്‍റെ വിളിയേക്കാള്‍ ഉച്ചത്തിലായപ്പോള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. അടുക്കളയില്‍ പാത്രത്തിന് എണ്ണം വയ്ക്കുമ്പോള്‍ അമ്മ പറഞ്ഞു "എടാ, പാറുവമ്മ നിന്നെ ഇന്നലെയും തിരക്കി. ഇന്നെങ്കിലും അവിടം വരെയൊന്നു ചെല്ല്." "ശരിയാണ്" ഞാനും ആലോചിച്ചു. ഞാന്‍ വന്നു എന്നറിഞ്ഞ അന്നു മുതല്‍ അന്വേഷിക്കുന്നതാണ്, ഇതു വരെ ചെന്നൊന്നു കാണാന്‍ പറ്റിയില്ല. ആകെ നാലു ദിവസമാണ് അവധി അതിനിടയില്‍ തൊട്ടടുത്ത വീടായിരുന്നിട്ടു കൂടി ഒന്നു ചെന്നു കാണാന്‍ സമയം കിട്ടിയില്ല. അല്ലെങ്കിലും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് മറ്റെന്തിനൊക്കെ സമയം കിട്ടിയാലും പ്രായമായവരെ കാണാനൊ അവര്‍ക്കായി അല്‍പസമയം ചിലവഴിക്കാനോ സമയം കിട്ടാറില്ലല്ലോ.
പാറുവമ്മ എന്‍റെ വീടിന്‍റെ തൊട്ടടുത്ത വീട്ടിലേയാണ്. ഏകദേശം എണ്‍പതോടടുത്ത പ്രായം. ഒരു കറുപ്പു രേഖ പോലും അവശേഷിക്കാത്ത തലമുടി. പ്രായാധിക്യം മൂലം വളഞ്ഞ ശരീരം. നടക്കുന്നതു കണ്ടാല്‍ അല്‍പം ചരിഞ്ഞ ഒരു 'റ' ആണെന്നു തോന്നും. വാര്‍ധക്യത്തിന്‍റെ അവശതകള്‍ മാറ്റി വച്ചാല്‍ മറ്റസുഖങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ ഇപ്പോള്‍ ഒരു പനിക്കു ശേഷം അല്‍പം അവശതയാണ്. അധികം വീടിനു പുറത്തേക്ക് ഇറങ്ങാറില്ല. അല്ലെങ്കില്‍ ഇതിനു മുന്‍പു തന്നെ എന്നെ അന്വേഷിച്ചു പലവട്ടം വീട്ടില്‍ വന്നേനെ. പക്ഷേ ഇന്നും ഞാന്‍ അവിടെ ചെല്ലുന്നില്ലെങ്കില്‍ വൈകിട്ടു ഞാന്‍ പോകുന്നതിനു മുന്‍പായി തീര്‍ച്ചയായും അന്വേഷിച്ചു വരും. മനസ്സില്‍ അല്‍പം കുറ്റബോധത്തോടു കൂടി ഞാന്‍ അവിടേക്കു നടന്നു.
ഞാന്‍ ചെല്ലുമ്പോള്‍ തന്‍റെ മുറിയില്‍ കട്ടിലില്‍ കൂനിക്കൂടി ഇരിക്കുകയാണ് പാറുവമ്മ. പനി വിട്ടുമാറാത്തതോ എന്തോ ഒരു പുതപ്പും ശരീരത്തു ചുറ്റിയിട്ടുണ്ട്. എന്നെ കണ്ടപ്പോള്‍ വളരെ സന്തോഷമായെന്നു ആ മുഖം വിളിച്ചു പറഞ്ഞു. പിന്നെ സ്വന്തം ക്ഷീണവും വിവശതയുമെല്ലാം മറന്ന് എന്നെ കൂടെ പിടിച്ചിരുത്തി വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. എപ്പോഴും അങ്ങനെയാണ് എന്നെ കാണുമ്പോളെല്ലാം എന്‍റെ ജോലി, താമസം, ഭക്ഷണം, ബംഗ്ളൂരിലെ കാലാവസ്ഥ എല്ലാം അവര്‍ക്കറിയണം. പിന്നീട് അവര്‍ ഞാന്‍ കഴിഞ്ഞ തവണ വന്നു പോയതിനു ശേഷമുള്ള നാട്ടു വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലെങ്കില്‍ കൂടി അവര്‍ എല്ലാ കാര്യങ്ങളിലും വളരെ അപ്ഡേറ്റഡ് ആണെന്നെനിക്കു തോന്നി. അപ്പോഴാണ് അവരുടെ നെറ്റിയിലെ ഒരു മുറിവിന്‍റെ പാട് ഞാന്‍ കണ്ടത്, കഴിഞ്ഞ ഏതോ ഒരു ദിവസം രാത്രി ആരേയും വിളിക്കാതെ അല്‍പം വെള്ളം കുടിക്കാന്‍ എഴുന്നേറ്റു പോയപ്പോള്‍ മറിഞ്ഞു വീണതാണത്രേ. അല്ലെങ്കിലും പാറുവമ്മക്ക് തന്‍റെ കാര്യങ്ങള്‍ സ്വയം ചെയ്യുന്നതാണ് ഇഷ്ടം, മറ്റുള്ളവരെ ശല്യപ്പെടുത്താറില്ല. അതിനിടയില്‍ സ്വന്തം പ്രായത്തെപ്പറ്റിയും ആരോഗ്യത്തെപ്പറ്റിയും മറന്നപ്പോള്‍ സംഭവിച്ചതാണത്. മണ്ണില്‍ അധ്വാനിച്ചു ജീവിച്ച പഴയ തലമുറക്ക് അല്ലെങ്കിലും ചെറിയ കാര്യങ്ങല്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ലല്ലോ.
ഏറെ നേരം നീണ്ട സംസാരത്തിനിടയില്‍ ഞാന്‍ ചോദിച്ചു "ചേച്ചിയുടെ വിവരം എന്തുണ്ട്?" അവര്‍ ഒരു നിമിഷം മൂകയായി. അതിനു ശേഷം ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു "ഈയടുത്തു വന്നിരുന്നു, അവള്‍ക്കു സുഖം തന്നെ". 'ചേച്ചി' അവരുടെ മകളാണ്. മകളെന്നുവച്ചല്‍ സഹോദരന്‍റെ മകള്‍. സഹോദരന്‍റെ ഭാര്യ ഒരു പെണ്‍കുഞ്ഞിനെ ഈ ലോകത്തിനു നല്‍കിയിട്ട് കടന്നുപോയപ്പോള്‍ വിവാഹജീവിതം വേണ്ടെന്നു വച്ച് അതിന്‍റെ അമ്മയായ സ്ത്രീയാണ് അവര്‍. പിന്നീട് അതേപോലെ തന്നെ ഒരു സഹോദരിയുടെ മകനേയും അവര്‍ക്ക് മകനായി കിട്ടി. താന്‍ പ്രസവിച്ചതല്ലെങ്കിലും ആ മക്കള്‍ക്ക് അമ്മയായി അവരെ വളര്‍ത്തി ഒരു ഒരു നല്ല ജീവിതം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞു. ചേച്ചി ഇപ്പോള്‍ ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം വടക്കേ ഇന്ത്യയിലെവിടെയോ ആണ്. പെറ്റമ്മയേക്കാള്‍ കാര്യമായി തന്നെ വളര്‍ത്തിയ പൊറ്റമ്മ ഇപ്പോ അവര്‍ക്കൊരു ബാധ്യതയാണ് അവരെ കാണാന്‍ വരികയോ വിളിക്കുകയോ ഒന്നുമില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അവിടെ വന്ന് സ്വത്തിന്‍റെ പേരില്‍ ബഹളമുണ്ടാക്കും. പക്ഷേ മകളെ അതിന്‍റെ പേരില്‍ കുറ്റപ്പെടുത്താന്‍ ആ അമ്മ ഇപ്പൊഴും തയ്യാറല്ല. ഇപ്പോഴും മകളും പേരക്കുട്ടികളും വരുന്നതും കാത്തിരിപ്പാണവര്‍.
ഇനി എന്തു ചോദിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ പതിയെ അവരുടെ കൈത്തലം എന്‍റെ കൈയില്‍ പിടിച്ച് യാത്ര പറഞ്ഞു പുറത്തിറങ്ങി. അവരുടെ കണ്ണില്‍ കണ്ണുനീര്‍ പൊടിഞ്ഞെന്ന് എനിക്കു തോന്നി. വീട്ടില്‍ വന്നപ്പോള്‍ ചേച്ചി വന്നതിനെപ്പറ്റി ഞാന്‍ അമ്മയോട് ചോദിച്ചു. അപ്പോഴാണ് അതിന്‍റെ സത്യം അറിയാന്‍ കഴിഞ്ഞത്, ഈയടുത്തും ചേച്ചി വന്നിരുന്നു, പതിവുപോലെ കുറെ ബഹളമുണ്ടാക്കി, ഇനി അമ്മ മരിക്കാതെ ആ വീട്ടില്‍ കാലു കുത്തില്ല എന്നു പറഞ്ഞാണത്രേ പോയത്. മകള്‍ വരുന്നതും കാത്തിരിക്കുന്ന ആ അമ്മക്ക് ഇനി മകളെ ഒരിക്കല്‍ കൂടി കാണാനാവുമോ? എനിക്കറിയില്ല. ഈശ്വരന്‍ തീരുമാനിക്കട്ടെ.
Subscribe to:
Post Comments (Atom)
5 comments:
മകള്‍ വരുന്നതും കാത്തിരിക്കുന്ന ആ അമ്മക്ക് ഇനി മകളെ ഒരിക്കല്‍ കൂടി കാണാനാവുമോ? എനിക്കറിയില്ല. ഈശ്വരന്‍ തീരുമാനിക്കട്ടെ.
സ്നേഹത്തോടെ ആ അമ്മയെ തേടിയെത്തുന്ന മകളെ കാണാനുള്ള ഭാഗ്യം ഈശ്വരന്‍ അവര്‍ക്കു കൊടുക്കട്ടെയെന്നു ഞാന്‍ ആഗ്രഹിക്കുന്നു...
'കാത്തിരിപ്പ്' ഇഷ്ടമായി. ലളിതമായ ശൈലിയില്‍ നന്നായി എഴുതിയിരിക്കുന്നു..
ഭാഗ്യം ഈശ്വരന്‍ അവര്‍ക്കു കൊടുക്കട്ടെ..
സാരംഗീ, അരീക്കോടാ :)
"മണ്ണില്‍ അധ്വാനിച്ചു ജീവിച്ച പഴയ തലമുറക്ക് അല്ലെങ്കിലും ചെറിയ കാര്യങ്ങല്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ലല്ലോ."
വീട്ടില്‍ എന്റെ അമ്മൂമ്മയും ഇങ്ങനെ തന്നെയാണ്...
എഴുത്ത് നന്നായി ഇഷ്ടപ്പെട്ടു... അവസാനം വായിച്ചപ്പോള്‍ കുറച്ചു വേദനിച്ചു...
സ്നേഹത്തോടെ ആ അമ്മയെ തേടിയെത്തുന്ന മകളെ കാണാനുള്ള ഭാഗ്യം ഈശ്വരന്‍ അവര്‍ക്കു കൊടുക്കട്ടെയെന്നു ഞാനും പ്രാര്‍ത്ഥിക്കുന്നു...
Post a Comment