Friday, February 20, 2009

ഒരു സൌഹൃദത്തിന്‍റെ ഓര്‍മ്മക്ക്‌...

ഇന്ന്‌ ഫെബ്രുവരി 19. 

ഞാന്‍ ഇന്നു വീണ്ടും നിന്നെപ്പറ്റി ഓര്‍ത്തു.

നിന്നെ മറക്കുവാനുള്ള എന്‍റെ ശ്രമങ്ങള്‍ പലപ്പോഴും വിഫലമാകുന്നു. 

ഇന്നു നിന്‍റെ മൂന്നാം വിവാഹവാര്‍ഷികം. നാം തമ്മില്‍ അവസാനമായി സംസാരിച്ചിട്ട്‌ ഇന്നേക്കു മൂന്നു വര്‍ഷം. ഇനി എന്നെങ്കിലും നാം വീണ്ടും സംസാരിക്കുമോ? എനിക്കറിയില്ല, കാലത്തിനു മാത്രം ഉത്തരം തരാവുന്ന ചോദ്യം. നിന്നെ മറക്കാനുള്ള ശ്രമത്തിനിടയിലും എപ്പോഴെങ്കിലും നിന്നെ വീണ്ടും കാണൂം എന്ന ഒരു പ്രതീക്ഷ എന്‍റെ ഉള്ളിലെവിടെയോ ഘനീഭവിച്ചു കിടക്കുന്നതു പോലെ. 

മതില്‍ക്കെട്ടുകളില്ലാത്ത നമ്മുടെ സൌഹൃദം, എന്തിനും ഏതിനും ഒന്നിച്ചുണ്ടായിരുന്ന ഇണക്കങ്ങളും പിണക്കങ്ങളും പരസ്പരം പങ്കു വച്ചിരുന്ന നമ്മുടേതു മാത്രമായിരുന്ന ആ സൌഹൃദത്തിന്‍റെ നിമിഷങ്ങള്‍, എല്ലാം ഞാന്‍ ഇന്നും ഒരു കെടാവിളക്കായി ഉള്ളില്‍ സൂക്ഷിക്കുന്നു. 

ഇതിനിടയില്‍ എപ്പോഴോ നിനക്കുണ്ടായ പ്രണയവും, പിന്നെ അതിന്‍റെ തകര്‍ച്ചയും, എല്ലാത്തിനും എനിക്കു മൂകസാക്ഷിയാകേണ്ടി വന്നു. ഇനി ഒരിക്കലും ഒരാളേയും പ്രണയിക്കില്ല എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ ഞാന്‍ തുടച്ച നിന്‍റെ കണ്ണു നീരിന്‍റെ നനവ്‌, അതിപ്പോഴും എന്‍റെയുള്ളില്‍ അനുഭവപ്പെടുന്നു. 

പിന്നീട്‌ നീ ജോലി അന്വേഷിക്കുവാനായി എന്‍റെ നഗരത്തിലേക്കു വരുന്നുവെന്നറിഞ്ഞ നിമിഷം എനിക്കുണ്ടായ ആഹ്ളാദം, വളരെക്കാലത്തിനു ശേഷം നിന്നെ വീണ്ടൂം കണ്ടപ്പോഴുണ്ടായ സന്തോഷം, എല്ലാം ഇന്നും എണ്റ്റെയുള്ളില്‍ അലയടിക്കുന്നു? പിന്നീട്‌ നിന്നോടൊപ്പം ഒന്നിച്ചുണ്ടായ നിമിഷങ്ങളില്‍ നമ്മുടെ സൌഹൃദം എന്നേക്കും നിലനില്‍ക്കും എന്നു ഞാന്‍ അഹങ്കരിച്ചിരുന്നു. ഒടുവില്‍ നിനക്കൊരു ജോലി കിട്ടി മറ്റൊരു നഗരത്തിലേക്കു നീ പറിച്ചു നടപ്പെട്ടപ്പോള്‍ ഫോണ്‍ വിളികളിലൂടെ, നമുക്കിടയില്‍ ഒരു അകലം ഉണ്ടാകാതിരിക്കുവാന്‍ നാം ശ്രദ്ധിച്ചു. 

പിന്നീടെപ്പൊഴോ വിവാഹം കഴിക്കുന്നില്ല എന്ന നിന്‍റെ മുന്‍ തീരുമാനം മാറ്റിവച്ച്‌ നീ വിവാഹിതയാകാന്‍ പോകുന്നു എന്നു കേട്ട ദിവസം എന്‍റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദം തോന്നിയ ദിവസങ്ങളിലൊന്നായിരുന്നു. ഒടുവില്‍ നിന്‍റെ വിവാഹ ദിവസം നിറഞ്ഞ കണ്ണൂകളോടെ നീ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നില്‍ നിന്നും വളരെ അകലേക്കാണു നീ പോകുന്നതെന്നു ഞാന്‍ കരുതിയില്ല. 

പിന്നെ നിന്‍റെ വിളിക്കായുള്ള കാത്തിരിപ്പ്‌ നീണ്ടു പോകുന്നത്‌ വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്നെങ്കിലും നിന്‍റെ പുതിയ നമ്പരില്‍ നിന്നും ഒരുവിളി വരും എന്നുള്ള എന്‍റെ കാത്തിരിപ്പിന്‌ ഇന്നേക്കു മൂന്നു വയസ്സു തികയുന്നു. എന്തിനാണ്‌ നീ എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നതെന്ന്‌ ഇന്നും എനിക്കറിയില്ല. ഇതിനിടയിലും നമ്മൂടെ മറ്റു പല സുഹൃത്തുക്കളേയും വിളിക്കുവാനും സംസാരിക്കുവാനും നീ സമയം കണ്ടെത്തിയിരുന്നുവല്ലോ? 

നാം രണ്ടും ഒന്നിച്ചിരുന്ന്‌ ഉണ്ടാക്കിയ നിന്‍റെ പേരിനൊടൊരു പുഞ്ചിരി കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ മെയില്‍ ഐഡിയിലേക്കു വന്ന എന്‍റെ മെയിലുകള്‍ ഒരുപക്ഷേ മറുപടി കാത്ത്‌ ഇന്നും നിന്‍റെ ഇന്‍ബോക്സില്‍ വിശ്രമിക്കുന്നുണ്ടാകും. അതോ നിന്‍റെ മനസ്സില്‍ നിന്നും എന്നെ പേര്‌ ചീന്തിയെറിഞ്ഞതുപോലെ അവയും നീ തുടച്ചുമാറ്റിയോ. ഒരുകാലത്ത്‌ ഏറ്റവും പ്രിയപ്പെട്ടതെന്നു കരുതിയിരുന്ന ഒരു സുഹൃത്തിന്‍റെ വിവരങ്ങള്‍ മറ്റുള്ളവര്‍ വഴി അറിയേണ്ടി വരുന്നതിന്‍റെ വേദന, ഇല്ല അതു നിനക്കു മനസ്സിലാകുവാന്‍ വഴിയില്ല. എങ്കിലും ഇപ്പോഴും എന്നില്‍ നിന്നും നീ അകന്നത്‌ എന്‍റെ തെറ്റുകൊണ്ടാണെന്നു വിശ്വസിക്കുവാനാണെനിക്കിഷ്ടം, അതെന്താണെന്നറിയില്ലെങ്കിലും.