"അതെന്താടാ എനിക്കിതൊക്കെ വൃത്തിയാക്കി ഇട്ടുകൂടേ? അല്ലാതെ കന്നുകാലിത്തൊഴുത്തു പോലെ കിടക്കുന്നതില്‍ മനുഷ്യനൊക്കെ എങ്ങനെ താമസിക്കും?" ഇങ്ങനെ തിരിച്ച് എന്റെ നേരെ ഒരു ചാട്ടമായിരുന്നു മറുപടി. പിന്നെ ഞാനൊന്നും ചോദിക്കാന്‍ പോയില്ല. പക്ഷെ ഇത്ര പെട്ടെന്നു ഇവനെങ്ങനെ മനുഷ്യനായി എന്നുമാത്രം എനിക്കു മനസ്സിലായില്ല.
ഞങ്ങള്‍ മൂന്നു പേരാണ് ഒന്നിച്ചു താമസം, ഞാനും അജുവും പിന്നെ ടോണിയും. കൂടാതെ ഏതാനും ദിവസം മുന്‍പു ബാംഗ്ളൂരില്‍ പണി അന്വേഷിച്ചു വന്നു കൂടിയ ഗോപുവും ടെമ്പററി വിസായില്‍ വീട്ടിലുണ്ട്. അജുവിന് ഒരു മീഡിയാ സ്ഥാപനത്തിലാണ് ജോലി, അതുകൊണ്ട് അവനു ചിലപ്പോള്‍ അവധി ദിവസങ്ങളില്‍ വര്‍ക്ക് ചെയ്യേണ്ടി വരും. ഈ ദീപാവലിക്ക് ഞാനും ടോണിയും കിട്ടിയ അവധിയുമെടുത്തു നാട്ടില്‍ പോയിരുന്നു. അജുവിന് ദീപാവലിയുടെ പിറ്റേ ദിവസമായിരുന്നു ഓഫ് എങ്കിലും അവന് ഇത്തവണ നാട്ടില്‍ പോയില്ല. അതുകൊണ്ട് അവനും ഗോപുവുമായിരുന്നു ദീപവലിക്കു ഒന്നിച്ച്. ഗോപു പിന്നെ അമെരിക്കന്‍ ടൈം കീപ്പ് ചെയ്യുന്ന കൂട്ടത്തിലാണ്, പകല്‍ വൈകിട്ടു വരെ കിടന്നുറങ്ങും, രാത്രി മുഴുവന്‍ ഇന്റര്‍നെറ്റ്, റ്റി.വി ഇതുമായി നേരം വേളുപ്പിക്കും ഒരാള്‍ക്ക് മാത്രം കിടക്കുവാനുള്ള സ്ഥലമേയുള്ളെങ്കിലും അവിടെ അവനും താമസിക്കാം.
ആ ഞായറാഴ്ച വൈകിട്ട് എല്ലാവരും കൂടിയിരുന്നു ടി.വി കാണുന്ന സമയം അജുവിന്റെ ഫോണില്‍ ഒരു കോള്‍ അവന് ആരണെന്നു നോക്കിയിട്ടു തിരിച്ചു വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ പാട്ടു തുടങ്ങി ഇപ്രാവശ്യം അവന് ഫോണ്‍ എന്റെ കൈയില്‍ ത്ന്നിട്ടു പറഞ്ഞു
"അളിയാ എടുത്തിട്ട് ഞാന്‍ ഇവിടെയില്ല, ഫോണ്‍ ഇവിടെ വച്ചു മറന്നു പോയതാണെന്നു പറഞ്ഞേക്ക്. "
ഞാന്‍ ഫോണ്‍ എടൂത്ത് അപ്പുറത്തു കേട്ട കിളിമൊഴിയോട് അവന് പറഞ്ഞതു പോലെ പറഞ്ഞു.
"അതാരാ മാഷേ അന്നിവിടെ വിളിച്ചോണ്ടു വന്ന പെണ്‍കൊച്ചാണോ?" അപ്പൊ എഴുന്നേറ്റു വന്ന് കണ്ണൂം തിരുമ്മി ബ്രഷ് തപ്പിക്കൊണ്ടിരുന്ന ഗോപുവിന്റെ വകയായിരുന്നു ചോദ്യം.
ബാച്ച്ലേഴ്സ് താമസിക്കുന്നിടത്ത് രണ്ടുപേരു നാട്ടില്‍ പോയപ്പോള്‍ പെങ്കൊച്ചോ? ഞാനും ടോണിയും അജുവിനെ വട്ടം പിടിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ അവന് വീടിനുണ്ടായ മാറ്റത്തിന്റെ കഥ പറഞ്ഞു. അതു ഇനി അവന്റെ സ്വന്തം വാക്കുകളില്‍ തുടരാം.
ദീപാവലിയുടെ പിറ്റേ ദിവസം ഓഫായിരുന്നതിനാല്‍ രാവിലെ താമസിച്ച് എഴുന്നേല്‍ക്കാം എന്നു കരുതിയാണ് കിടന്നത് പക്ഷെ രാവിലെ ഏഴുമണിയാകുന്നതിനു മുന്‍പേ തന്നെ ഫോണില്‍ ഒരു കോള്‍. നോക്കിയപ്പോ മുന്‍പ് കൂടെ വര്‍ക്ക് ചെയ്തിരുന്ന സുനിത.
"ഹലോ. എന്താടീ"
"എടാ എഴുന്നറ്റില്ലേ?"
"ഇല്ല, നീയെന്നെ എഴുന്നേല്പിക്കാന് വിളിച്ചതാണോ?"
"എടാ എനിക്കൊരു ഹെല്പ് ചെയ്യണം. എന്റെ ഒരു കസിന് നാട്ടില്‍ നിന്നും വന്നിട്ടുണ്ട് അവള് ഇപ്പൊ എന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചു എനിക്ക് ഓഫീസില്‍ പോകണം നീ പോയി അവളെ ഒന്നു പിക്ക് ചെയ്യാമോ? അവള്‍ക്ക് നാളെ ഒരു ഇന്റര്‍വ്യൂ ഉണ്ട് അതിനു വന്നതാ. "
"അതെന്താ നിന്നോടു പറയാതെയാണോ വന്നത്?"
"അതല്ല എന്റെ റൂംമേറ്റ് അവളെ പിക്ക് ചെയ്യാമെന്ന് ഏറ്റിരുന്നതാ, പക്ഷെ അവള് ഇന്നലെ അവളുടെ ആന്റിയുടെ വീട്ടില്‍ പോയിട്ട് ഇതുവരെ വന്നില്ല, ഉച്ച കഴിഞ്ഞേ വരൂ. ഉച്ച കഴിഞ്ഞു നീ അവളെ ഇങ്ങോട്ടു ആക്കിയേക്ക്. "
"ശരി ഞാന്‍ നോക്കിക്കോളാം. "
"എങ്കില്‍ ശരി അവളുടെ പേര് അഞ്ജലി, നമ്പര്‍ ഞാന്‍ എസ്.എം. എസ് ചെയ്തേക്കാം"
ഉടനെ തന്നെ എഴുന്നേറ്റ് കുളിയും കാര്യങ്ങളും ഒക്കെ നടത്തി നേരെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷിനിലേക്കു വച്ചു പിടിച്ചു. അവിടെ ചെന്നിട്ട് അവള് അയച്ചു തന്ന നമ്പറില്‍ വിളിച്ചു ആളെ കണ്ടു പിടിച്ചു, സന്തോഷമായി. ഒരു കൊച്ചു സുന്ദരിയായ സുനിതയിടെ കസിനും ഒട്ടും മോശമാകില്ല എന്നു കരുതി നോക്കിയപ്പോള്‍ കണ്ടു അഞ്ചടി പൊക്കത്തില്‍ തൊണ്ണൂറു കിലോയില്‍ ടാര്‍വീപ്പ മാതിരി ഒരു പെണ്‍കൊച്ച് കൂടെ അവളേക്കാള്‍ വലിപ്പത്തില്‍ ഒരു പെട്ടിയും.
"അഞ്ജലിയല്ലേ? ഞാന്‍ അജു, സുനിത വിളിച്ചു പറഞ്ഞിരുന്നു തന്നെ പിക്ക് ചെയ്യണമെന്ന്. "
"ചേച്ചി പറഞ്ഞിരുന്നു, ചേച്ചിയെ ഒന്നു വിളിക്കുമോ?"
വിളിച്ചു. ചേച്ചിയും അനിയത്തിയും കൂടി സംസാരിച്ചു ഞാന്‍ തന്നെയാണ് ആളെന്നു ഉറപ്പുവരുത്തി, കൂടെ ചേച്ചിയുടെ വക ഒരു ഉപദേശവും.
"അജു വളരെ നല്ല ചേട്ടനാ നിനക്കെന്തു വേണേലും പറഞ്ഞാല്‍ മതി അവന് നോക്കിക്കോളൂം. "
"ശരി ഇനി എന്താ ചെയ്യേണ്ടത്? തനിക്കു ഫ്രഷ് ആകണ്ടേ ഒരു റൂം എടുക്കാം. "
"അയ്യോ അതു വേണ്ട. "
"അതെന്താ?"
"അല്ല ഞാനും ചേട്ടനും കൂടെ റൂമെടുക്കുന്നത് എന്നെ അറിയുന്ന ആരെങ്കിലും കണ്ടാല്‍... "
ബെസ്റ്റ്, തന്റെ നാട്ടുകാരു മുഴുവന്‍ താന്‍ പോന്നതിനു പുറകെ ഇങ്ങോട്ടു പോന്നിരിക്കുവല്ലേ താന്‍ എവിടാ താമസിക്കുന്നതെന്നു നോക്കാന്‍ എന്നു മനസ്സില്‍ പറാഞ്ഞുകൊണ്ട് പറഞ്ഞു
"ഞാന്‍ തന്റെ കൂടെ റൂമിലേക്കു വരുന്നില്ല, പുറത്തെങ്ങാനും ഇരുന്നോളാം. താന്‍ പോയി ഫ്രഷ് ആയി വന്നാല്‍ മതി. "
"അതെനിക്കു ഒറ്റക്കു പേടിയാ. "
"അപ്പോ പിന്നെ?"
"നമുക്കു ചേട്ടന് താമസിക്കുന്നിടത്തു പോകാം. "
കൊള്ളാം മുറിയെടുക്കാന്‍ മേലാത്തവള്‍ക്ക് ആണുങ്ങള് മാത്രം താമസിക്കുന്നിടത്തു വരാം എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് പറഞ്ഞു
"അവിടെ ഞങ്ങള്‍ ആണുങ്ങള് മാത്രമാണു താമസം. "
"അതു സാരമില്ല, നമുക്ക് അവിടെ പോയാല്‍ മതി. "
"ശരി ആയിക്കൊട്ടെ. "
അടുത്ത ഓട്ടോ വിളിച്ച് അവളേയും അവളുടെ ഒരു ക്വിന്റലില്‍ കുറയാത്ത പെട്ടിയേയും അതില്‍കേറ്റി നേരേ വീട്ടിലോട്ടു വിട്ടു. വീടിന്റെ മുന്പില് ഓട്ടോനിര്‍ത്തി അവള്‍ക്കു ഓട്ടോ ചാര്‍ജ് കൊടുക്കാന്‍ പ്ളാനില്ലാത്തതുകൊണ്ട് സ്വന്തം കൈയില്‍ നിന്നും കൊടുത്തു. രൂപാ 150 സ്വാഹ.
വീട്ടില്‍ വന്നു ബെല്ലടിച്ചു, ഗോപു കണ്ണും തിരുമ്മി വന്നു വാതില്‍ തുറന്നു പിന്നെ ഒന്നും മിണ്ടാതെ പോയി അവന്റെ റൂമില്‍ കയറി അകത്തുനിന്നും കതകടച്ചു.
അകത്തു കയറി ചുറ്റും നോക്കിയിട്ട് അവള് ചോദിച്ചു
"ഇതെന്താ ചേട്ടാ ഇങ്ങനെ?" "എങ്ങനെ?"
"അല്ല, ആകെ അലങ്കോലപ്പെട്ടു കിടക്കുന്നു. "
"അതു ഞങ്ങള്‍ എല്ലാം കുറച്ചു ബിസി ആയിരുന്നു ക്ളീന്‍ ചെയ്യന്‍ സമയം കിട്ടിയില്ല. "
"ഞാന്‍ വിചാരിച്ചു ബാച്ച്ലേഴ്സ് താമസിക്കുന്നിടം എല്ലാം ഇതുപോലെയായിരിക്കുമെന്ന്. "
"ഹേയ് അങ്ങനെയൊന്നുമില്ല, ഇതെല്ലാവരും അല്പം തിരക്കിലായിപ്പോയതുകൊണ്ടാ. താന്‍ വേഗം ഫ്രഷ് ആകാന്‍ നോക്ക്. "
അവള് പല്ലുതേപ്പും കാര്യങ്ങളും എല്ലാം കഴിഞ്ഞു.
"ചേട്ടാ. "
"എന്താ?"
"ഭയങ്കര തണുപ്പ്. "
"അതിന്?"
"കുളിക്കാന്‍ ചൂടുവെള്ളം കിട്ടുമോ?"
"ഇന്നാ ഹീറ്റിംഗ് കോയില്‍. ബക്കറ്റില്‍ വെള്ളം എടുത്തു ചൂടാക്കിക്കോ. "
"ചേട്ടാ. "
"ഹും?"
"ഈ ബക്കറ്റ് പൊട്ടിയതാ ഇതില്‍ എങ്ങനെയാ വെള്ളമെടുക്കുന്നത്? ഒന്നെടുത്തു തരുമോ?"
സുനിതയുടെ അപ്പൂപ്പനെ വരെ മനസ്സില്‍ തെറിവിളിച്ച് ബക്കറ്റില്‍ വെള്ളമെടുത്ത് ചൂടാക്കാന്‍ വച്ചു. അപ്പോ ദേ വരുന്നു അടുത്തത്.
"ചേട്ടാ. "
"എന്താ?"
"ഷാമ്പൂ ഉണ്ടോ? ഞാന്‍ കൊണ്ടു വരാന്‍ മറന്നു. "
"നോക്കട്ടെ. "
നോക്കി. രണ്ടു കാലിക്കുപ്പി കിട്ടി. സന്തോഷം.
"ഇല്ലെന്നു തോന്നുന്നു തീര്‍ന്നു. "
"ഒരു സാഷെ മേടിച്ചു തരാമോ? ഷാമ്പൂ ഇല്ലാതെങ്ങനാ കുളിക്കുന്നത്?"
"ശരി ഞാന്‍ പോയി മേടിച്ചോണ്ട് വരാം. "
"ക്ളിനിക് പ്ളസ് മേടിച്ചോണേ. അതാ ഞാന്‍ ഉപയോഗിക്കുന്നത്. "
ക്ളിനിക് പ്ളസ് അല്ല നിന്റെ അമ്മൂമ്മേടെ..... എന്നു മനസ്സില്‍ പറഞ്ഞു കടയില്‍ പോയി ക്ളിനിക് പ്ളസ് തന്നെ ചോദിച്ചു വാങ്ങി തിരിച്ചു വന്നു. അപ്പോള്‍ അവള് അടുക്കളയില്‍.
"ഇവിടെയെന്താ പരിപാടി?"
"അല്ല നിങ്ങള്‍ കാപ്പിയൊന്നും ഉണ്ടാക്കാറില്ലേന്നു നോക്കുവായിരുന്നു. "
"ശരി മോളു പോയി കുളിക്ക് ഞാന്‍ കാപ്പിയിടാം. "
"ശരി. "
അവള് കുളിച്ചേച്ചു വന്നപ്പോഴേക്കും കാപ്പി റെഡി.
"ചേട്ടാ നിങ്ങള്‍ കട്ടനാണോ കുടിക്കുന്നത്?"
"അതേ ഇവിടൊരുത്തനു പാലു വയറ്റില്‍ പിടിക്കില്ല അതാ."
അല്ലെങ്കില്‍ ഇനി പാലും മേടിക്കാന്‍ പോകണമല്ലോ എന്നോര്‍ത്തു പറഞ്ഞു.
"ഞാന്‍ പോയി കഴിക്കാന്‍ വല്ലോം വാങ്ങിച്ചിട്ടു വരാം താന്‍ ഇവിടെയിരുന്നു ടി.വി കണ്ടോ. "
"എവിടെയാ പോകുന്നത്?"
"അതിവിടെ അടുത്താ ഞങ്ങള്‍ സ്ഥിരം കഴിക്കുന്ന് ഒരു സ്ഥലമുണ്ട്. "
"എങ്കില്‍ ഞാനും കൂടെ വരാം വെറുതെ എന്തിനാ ഇങ്ങോട്ടു കൊണ്ടു വരുന്നെ നിങ്ങളു കഴിക്കുന്ന സ്ഥലം എനിക്കും ഒന്നു കാണാമല്ലോ. "
"ശരി എങ്കില്‍ വാ. "
കഴിക്കാന്‍ പോകാന്‍ റെഡിയാകാന്‍ അവള് കണ്ണാടിയുടെ മുന്പില് അരമണിക്കൂറെടുത്തു. വഴിക്കു വച്ച് അവള്‍ക്ക് സുനിതയുടെ റൂംമേറ്റിന്റെ ഫോണ്‍ വന്നു, ആ കുട്ടി റൂമില്‍ എത്തിയിട്ടുണ്ട് അവള് എപ്പോ അവിടേക്കു ചെല്ലും എന്നറിയാന്‍. അജുചേട്ടനുമായി വൈകിട്ടവിടെ എത്തും എന്നു പറഞ്ഞവള്‍ ഫോണ്‍ വച്ചു. കഴിച്ചിട്ടു വന്നു അവള്‍ക്കു ടി.വിയും വച്ചു കൊടുത്തു പതുക്കെ സിസ്റ്റം ഓണ്‍ചെയ്തു മെയില്‍ ചെക്കു ചെയ്യാന്‍ തുടങ്ങി അപ്പൊ.
"ചേട്ടാ. "
"എന്താ?"
"ഇവിടെ ജിമെയില്‍ കിട്ടുമോ?"
"കിട്ടും."
ജിമെയില്‍ പിന്നെ എന്താ ബാംഗ്ളൂരില്‍ നിരോധിച്ചിട്ടുണ്ടോ എന്നു ചോദിക്കണമെന്നു കരുതി പക്ഷേ ചോദിച്ചില്ല.
"ഞാന്‍ ഒന്നു നോക്കിക്കോട്ടെ?"
"നോക്കിക്കോ. "
പതുക്കെ എഴുന്നേറ്റു മാറിക്കൊടുത്തു. അവള് മെയില്‍ നോട്ടവും കഴിഞ്ഞു പതുക്കെ ജിറ്റോക്കിന്റെയും യാഹു മെസ്സഞ്ചറിന്റെയും അനന്ത സാധ്യതകള്‍ പഠിക്കാന്‍ തുടങ്ങി. എങ്ങനെ ഈ കുരിശില്‍ നിന്നും രക്ഷപെടാം എന്നാലോചിച്ച് അവസാനം ഫോണുമെടുത്ത് പുറത്തിറങ്ങി പതിയെ ടോണിയെ നാട്ടിലോട്ട് വിളിച്ചു. മൂന്നലു പ്രാവശ്യം ശ്രമിച്ചു കഴിഞ്ഞപ്പോല്‍ അവസാനം അവന് ഫോണെടുത്തു.
"എവിടാരുന്നെടാ *%$&@# നീയെന്താ ഫോണെടുക്കാഞ്ഞെ?"
"ഞാന്‍ നമ്മുടെ പഴയ കോളേജിലാ ഇതിന്റകത്തു ഫോണ്‍ നിരോധിച്ചിരിക്കുകാ അതാ ആദ്യം എടുക്കാഞ്ഞെ. "
"ശരി നീ എന്നെ കുറച്ചു കഴിയുമ്പോ ഒന്നു വിളിക്കണം കട്ട് ചെയ്യരുത് ഞാന്‍ എന്താ പറയുന്നതെന്നു നോക്കണ്ട. "
"എന്താടോ കാര്യം? ഇവിടെനിന്നു ഫോണ്‍ ചെയ്യാന്‍ പറ്റത്തില്ല. "
"അതൊന്നും നീയറിയണ്ട നീ ഇങ്ങോട്ടു വിളിച്ചിരിക്കണം. "
"ശരി എങ്കില്‍ ഞാന്‍ തന്റെ നമ്പര്‍ ഡയല് ചെയ്തു ഫോണ്‍ പോക്കറ്റില്‍ ഇട്ടേക്കാം താന്‍ കട്ട് ചെയ്താല്‍ മതി. "
"ആ അതു മതി. എന്നാല്‍ ശരി. "
എന്നിട്ടു പതിയെ ടോണിയുടെ പേരു മാറ്റി ബോസ് ഓഫീസ് എന്നാക്കി ഫോണ്‍ ചാര്‍ജ് ചെയ്യാനായി ചാര്‍ജറും കണക്റ്റ് ചെയ്ത് അവളുടെ അടുത്തു കൊണ്ടെ വച്ചിട്ടു ടി.വി കാണാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.
"ചേട്ടാ ദേ ഫോണ്‍. "
"ആരാന്നു നോക്കിക്കേ. "
"ബോസ്സ് ഓഫീസില്‍ നിന്ന്. "
"ബോസ്സോ? എന്റെ മാനേജറാ."
എന്നു പറഞ്ഞു ചാടി ഓടി വന്നു ഫോണ്‍ എടുത്തു.
"ഹലോ സര്"
"..... "
"ശരി സര്. അത്യാവശ്യമാണോ"
"...... "
"ഇല്ല സര്. വരാം സര്. "
"...... "
"ഒരു മണിക്കൂറ് സര്. ഒ.കെ. ബൈ സര്"
"എന്താ ചേട്ടാ?"
"ഓഫീസില്‍ നിന്നും ബോസ്സായിരുന്നു ഉടന്‍ അങ്ങോട്ടു ചെല്ലണമെന്ന്. "
"അത്യാവശ്യമാണോ?"
"അതെ. അല്ലെങ്കില്‍ ഇങ്ങനെ വിളിക്കില്ല. "
"അപ്പോ ചേട്ടന് പോകാന്‍ പോകുവാണോ?"
"അതെ പോകണം. "
"അപ്പൊ ഞാനോ?"
"തന്നെ ഞാന്‍ ഓട്ടോ കേറ്റി സുനിതയുടെ റൂമിലേക്ക് വിടാം. പോരേ?"
"എനിക്ക് ഒറ്റക്കു പോകാന്‍ പേടിയാ ചേട്ടനും കൂടെ വാ. "
"എനിക്ക് ഒട്ടും സമയമില്ല ഒരു മണിക്കൂറിനകം ഓഫീസില്‍ ചെല്ലണം. "
"പ്ളീസ് എന്നെകൊണ്ടാക്കിയേച്ച് ചേട്ടന് ആ ഓട്ടോയില്‍ തന്നെ തിരിച്ചു പൊക്കോ. "
"എന്നാല്‍ ശരി പെട്ടെന്നു റെഡിയാക്. "
ഉടനെ തന്നെ അടുത്ത ഓട്ടോയും പിടിച്ച് അവളെ സുനിതയുടെ റൂമില്‍ അവളൂടെ കൂട്ടുകാരിയുടെ അടുത്തു കൊണ്ടെയാക്കി ആ ഓട്ടോയില്‍ തന്നെ തിരിച്ച് അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങി ബസ് കയറി വീട്ടിലെത്തി. ആ ഓട്ടോക്കൂലിയും സ്വാഹ. അന്നു മുതല്‍ അവള് സ്ഥിരമായി അജുചേട്ടനെ വിളിക്കാനും തുടങ്ങി. ഇപ്പോ അവളുടെ കോള്‍ വന്നാല്‍ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ് പതിവ്, അല്ലെങ്കില്‍ ഇനിയും അവളെ പിക്ക് ചെയ്യേണ്ടി വന്നാലോ. തിരിച്ചു വന്ന ഉടന്‍ തന്നെ റൂമും മൊത്തം ക്ളീന്‍ ചെയ്ത് രണ്ട് പുതിയ ബക്കറ്റും വാങ്ങി വച്ചു. ഇനി ഒരവളും കുറ്റം പറയരുത്.
*******************************
അവന് പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ഞങ്ങള്‍ മൂന്നും ചിരിച്ചു ചിരിച്ച് ഒരു വഴിയായി. ചിരി ഒന്നു നിന്നപ്പോല് ഞാന്‍ ഗോപുവിനോടു ചോദിച്ചു
"നീയെന്താ ഇവരെ കണ്ടപ്പോ ഉടനെ മുറിയില്‍ കയറി കതകു ലോക്ക് ചെയ്തത്?"
"അതു പിന്നെ ഞാനിവിടെ പുതിയതല്ലെ. എനിക്കറിയാമോ ഇതെന്താ ഇടപാടെന്ന്, പിന്നെ ഞാന്‍ ഡിസ്റ്റര്‍ബ് ചെയ്യണ്ടന്നു കരുതി."
അത് അടുത്ത ചിരിക്കുള്ള വകയായി. ഞാന്‍ പതുക്കെ അവന് കാണാതെ അവന്റെ ഫോണ്‍ എടുത്ത് അവള്‍ക്കൊരു മിസ്കോള് കൊടുത്തു.
"അളീയാ നിനക്കൊരു ജീവിതം ആകുന്നെങ്കില്‍ ആകട്ടെ ഞാന്‍ അവള്‍ക്കൊരു മിസ്കോള് കൊടുത്തിട്ടുണ്ട്, ഇതേ എന്നെക്കൊണ്ടു പറ്റൂ. "
"എടാ. #@&%*&$#@#$% കൊല്ലും ഞാന്‍. "
അപ്പോഴേക്കും അവന്റെ ഫോണ്‍ വീണ്ടും ബെല്ലടിക്കാന്‍ തുടങ്ങി.
ശുഭം.
26 comments:
ഇതില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ 100% സത്യമാണ്. എന്റെ ജീവന്റെ സുരക്ഷിതത്വത്തിനുവേണ്ടി, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ തികച്ചും സാങ്കല്പികം മാത്രമാണ്. അവയ്ക്ക് ഇതിലെ ആളുകളുടെ പേരുമായി യതൊരു ബന്ധവുമില്ല.
ജീവിതം ആകുമോ.. കേട്ടിടത്തോളം ബെസ്റ്റ് സ്വഭാവം ആണെന്നു തോന്നുന്നു.., :)
ഹോ ആ പെണ്ണിനെ സമ്മതിക്കണം!!! അവളുടെ ഒരു ധൈര്യമേ... അജുജി ആളു decent ആയതു കൊണ്ട് നന്നായി... കലക്കി ധൂമകേതു ഈ പോസ്റ്റ്..!!!
എന്നാലും ടാര്‍വീപ്പ പോലത്തെ ആ സുന്ദരിക്കൊച്ചിനോട് ഇത് വല്ലാത്തെ ചെയ്ത്തായിപ്പോയി മാഷേ.. :)
nice read
വാല്നക്ഷത്രച്ചേട്ടാ,
കിട്ക്കന്‍ പോസ്റ്റ്... ഇങ്ങനത്തെ ഒരു ബാച്ചി/girl/അബദ്ധം സ്മരണ ഇത് വരെ ആരും പറഞ്ഞു കേടിട്ടില്ല...
"പക്ഷെ ഇത്ര പെട്ടെന്നു ഇവനെങ്ങനെ മനുഷ്യനായി എന്നുമാത്രം എനിക്കു മനസ്സിലായില്ല."
....
"അതു പിന്നെ ഞാനിവിടെ പുതിയതല്ലെ. എനിക്കറിയാമോ ഇതെന്താ ഇടപാടെന്ന്, പിന്നെ ഞാന്‍ ഡിസ്റ്റര്‍ബ് ചെയ്യണ്ടന്നു കരുതി."
മാഷെ..രസകരമായ അവതരണം. വല്ലാതെ ചിരിച്ചുപോയി. നന്ദി
hihi kollaam ketto
തകര്‍ത്തു ട്ടോ.. :)
ചിരിപ്പിച്ചു.... പക്ഷെ ആ ഫോണ്‍ നമ്പറെനിക്കു ഭോദ്ധിച്ചൂ... കൊള്ളാം , ചിലപ്പൊ രക്ഷപ്പെടാനുപകരിച്ചേക്കും...
ബൈജു പറയും പോലെ
‘ഒരോരോ അടികള്‍ വരുന്ന വഴെയേ!!’
ഏതായലും അതു കൊണ്ട് വീടും റ്റോയിലറ്റും വൃത്തിയായി.പെണ്ണൊരുമ്പേട്ടാല് ഗുണവും ഉണ്ട്.
ധൂമകേതു നല്ല കഥ..
ഒരു ആത്മാര്‍ത്ഥമായ ചിരി !:) !
ഹി..ഹി..അപ്രതീക്ഷിതമായി വന്നെത്തിയ പെണ്‍കുട്ടി ശരിക്കും രസിപ്പിച്ചു ട്ടാ..:)
haha... kollaam.
എന്റെ മാഷേ നന്നയിട്ടുണ്ട്
:)
ഈ പോസ്റ്റിന്റെ ലിങ്ക് അഞ്ജലിക്കു ജി മെയിലിൽ അയച്ചു കൊട്..അവളറിയട്ടെ....അവൾ കാരണം.....വീടു വൃത്തിയായെന്നു!!
പോസ്റ്റ് കലക്കി മാഷേ...
:)
ഇതൊക്കെ സത്യമോ ? വിശ്വസിക്കാന്‍ വയ്യ...ഇങ്ങനെയും ആള്ക്കാര് ഉണ്ടോ ?..എന്തായാലും സമ്മതിച്ചിരിക്കുന്നു
ധൂമൂ.....കൊള്ളാം !!!
dhoomakethu
ella postum nannayittundu....
njaan ellaam arichu perukkuvaarunnu.....
wishes
wish u many many happy returns of this type
രസിച്ചു വായിച്ചു.. :)
ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ് മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത് മിഠായി.com ആണ്.Join Now http://www.MITTAYI.com
adipoli kadha. thudarnum ezhuthuka
നല്ല കഥ
nice post......
Post a Comment