Wednesday, January 28, 2009

സ്വപ്നത്തിലെ ചോരത്തുള്ളികള്‍

എങ്ങോട്ടാണു ഞാന്‍ നടക്കുന്നത്‌?

ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.

ഇല്ല എനിക്കറിയില്ല. പരിചയമുള്ള വഴി, പക്ഷേ ഇതെവിടെയെന്ന്‌ എനിക്കോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.

ദൂരെ എവിടെനിന്നോ ഒരു വാഹനത്തിന്‍റെ ശബ്ദം. അല്‍പസമയത്തിനുള്ളില്‍ അതെന്‍റെ സൈഡില്‍ കൂടെ പാഞ്ഞു പോയി.

ഞാന്‍ വീണ്ടും എങ്ങോട്ടെന്നില്ലാതെ നടക്കുവാന്‍ തുടങ്ങി.

പെട്ടെന്ന്‌ അകലെ എവിടെയോ എന്തോ പൊട്ടിത്തകര്‍ന്ന ശബ്ദം. ഒപ്പം എന്‍റെ മുഖത്തേക്കു വെള്ളത്തുള്ളികള്‍ പോലെ എന്തോ തെറിച്ചു വീണു. മുഖം തുടച്ചപ്പോള്‍ കൈയിലാകെ ചോരയുടെ ചുവന്ന നിറം .

പിന്നെയും കുറെ നേരത്തേക്കു ഒന്നും തന്നെ വ്യക്തമായില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ നിലവിളികള്‍ എന്‍റെ കാതില്‍ മുഴങ്ങി. ആരെയോ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുന്നു. നല്ല പരിചയമുള്ള മുഖം, പക്ഷേ ആരാണെന്നു വ്യക്തമല്ല. ആരൊക്കെയോ ചുറ്റും നിന്നു കരയുന്നു.

വീണ്ടും ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു തുടങ്ങി.

പെട്ടെന്നു ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ദൈവമേ അതൊരു സ്വപ്നമായിരുന്നൊ? ഒരു വല്ലാത്ത ഭയം എന്‍റെയുള്ളില്‍ അലയടിച്ചു. എന്‍റെ ദേഹം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു. എന്താണിതിന്‍റെ അര്‍ത്ഥം? ആരായിരുന്നു അത്‌? ഒന്നും വ്യക്തമല്ല. ഫാനിന്‍റെ വേഗം കൂട്ടി ഞാന്‍ കണ്ടത്‌ വീണ്ടും ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇല്ല ഒന്നും ശരിക്കു വ്യക്തമാകുന്നില്ല. ഏറെ നേരത്തിനു ശേഷം എപ്പോഴോ ഞാന്‍ വീണ്ടും നിദ്രയുടെ കൈകളിലേക്കു തിരിച്ചു പോയി.

രാവിലെ ഉണര്‍ന്നപ്പോള്‍ വീണ്ടും ആ രംഗങ്ങള്‍ മനസ്സിലേക്ക്‌ ഓടിയെത്തി. അന്നത്തെ ദിവസം മുഴുവന്‍ രാത്രി കണ്ട സ്വപ്നമായിരുന്നു മനസ്സു നിറയെ. വീണ്ടും ഒരു രാത്രി കൂടെ, ഇല്ല ആ രാത്രി ശാന്തമായിരുന്നു ഒന്നും സംഭവിച്ചില്ല. പിറ്റേന്ന്‌ ഉണര്‍ന്നപ്പോള്‍ ആ സ്വപ്നം ഞാന്‍ മറന്നിരുന്നു. പതിവു കൊളേജും ക്ളാസുകളുമായി ആ ദിവസം കടന്നു പോയി. വൈകിട്ടു കോളേജില്‍ നിന്നും തിരിച്ചു വന്നു ഞാന്‍ അന്നത്തെ പത്രം എടുത്തു വായിക്കുവാന്‍ തുടങ്ങി. അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന പേജില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ എന്‍റെ ഉള്ളില്‍ കൂടെ ഒരു മിന്നല്‍ പാഞ്ഞു പോയി. ടോണി- എന്‍റെ പ്രീ-ഡിഗ്രി ക്ളാസ്സ്‌ മേറ്റ്‌. അവന്‍ തലേ ദിവസം അപകടത്തില്‍ മരിച്ചു. എന്‍റെ ദേഹം തളരുന്നതു പോലെ എനിക്കു തോന്നി, കുറെ സമയത്തേക്ക്‌ എനിക്ക്‌ ഒന്നും ചെയ്യുവാനായില്ല. ദൈവമേ ഇതു സംഭവിച്ചിട്ട്‌ എന്നെ ആരും അറിയിച്ചില്ലല്ലൊ എന്നു ചിന്തിച്ചു കൊണ്ട്‌ ഞാന്‍ ഫോണ്‍ എടുത്തു എന്‍റെ ഒരു സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചു, ഇല്ല ഫോണ്‍ വര്‍ക്ക്‌ ചെയ്യുന്നില്ല, വീട്ടില്‍ ചോദിച്ചപ്പോള്‍ ഫോണ്‍ രാവിലെ മുതല്‍ കേടാണെന്നറിയാന്‍ കഴിഞ്ഞു. നേരെ അടുത്ത വീട്ടിലേക്കോടി, ഫോണ്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ... എടാ ഇതു ഞാനാ, നമ്മുടെ ടോണി?"

"അതെ... പേപ്പറില്‍ കണ്ടു അല്ലേ? ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിച്ചിരുന്നു, കിട്ടിയില്ല. ഇന്നുച്ചക്കായിരുന്നു അടക്കം. "

"എന്തായിരുന്നു സംഭവിച്ചത്‌?"

"അവനും അവന്‍റെ കസിനും കൂടെ കോളേജില്‍ നിന്നും തിരിച്ചു പോകുകയായിരുന്നു, എന്‍.എച്‌ വിട്ടു സൈഡിലെ പണി നിന്നു കിടക്കുന്ന ബൈ പാസ്സില്‍ കൂടിയാരുന്നു അവര്‍ പോയത്‌, റോഡില്‍ കൂടെ വന്ന ആംബുലന്‍സിന്‍റെ ബ്രേക്ക്‌ പോയപ്പൊ ഡ്രൈവര്‍ വെട്ടിച്ചതാ, അതു സൈഡിലെ കാട്ടില്‍ കൂടെ കയറി അവരുടെ സൈക്കിളില്‍ വന്നിടിച്ചു. രണ്ടു പേരും അവിടെ വച്ചു തന്നെ... "

"ഹും... നിങ്ങള്‍ പോയാരുന്നോ?"

"പോയി... കൊളജില്‍ നിന്നും ഞങ്ങള്‍ എല്ലാവരുമുണ്ടായിരുന്നു. രാവിലെയാ ഞാന്‍ അറിഞ്ഞത്‌, അപ്പോള്‍ നിന്‍റെ വീട്ടിലേക്കു വിളിക്കാന്‍ നോക്കി, കിട്ടിയില്ല, പിന്നെ നിന്‍റെ വീട്ടില്‍ വന്നാലും നീ ക്ളാസ്സില്‍ പോയിക്കാണും എന്നറിയാമായിരുന്നു. അതുകൊണ്ടു ഞാന്‍ ഉടന്‍ തന്നെ അങ്ങോട്ടു പോയി. "

"എങ്കില്‍ ശരി, ഞാന്‍ പിന്നെ വിളിക്കാം... "

ഫോണ്‍ കട്ട്‌ ചെയ്തു ഞാന്‍ വീട്ടിലേക്കു നടന്നു. ഞാന്‍ കണ്ട സ്വപ്നമായിരുന്നു എന്‍റെ മനസ്സു നിറയെ. ജീവിതത്തില്‍ ഇങ്ങനെയും സംഭവിക്കുമോ? ദൈവമേ ഇനി ഒരിക്കലും എന്നെ ഇത്തരം സ്വപ്നങ്ങള്‍ കാണിക്കരുതേ...

6 comments:

ധൂമകേതു said...

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍? ഇതു ഞാന്‍ കണ്ട ഒരു സ്വപ്നം എന്‍റെ മനസ്സില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു മുറിപ്പാടു നല്‍കി യാഥാര്‍ത്ഥ്യമായ കഥ. ഇനിയും ഇത്തരം ഒരു സ്വപ്നം ജീവിതത്തില്‍ ഒരിക്കലും കാണില്ല എന്നു പ്രതീക്ഷിച്ചുകൊണ്ട്‌ ഇതിവിടെ പോസ്റ്റുന്നു...

...... said...

അതെ, ഒരിക്കലും ഇനി ഇത്തരം സ്വപ്നങ്ങള്‍ കാണാതിരിയ്ക്കട്ടെ

Anonymous said...

അങ്ങനെ ഒക്കെ സംഭവിക്കും...എന്റെയും ചില ദുസ്വപനങ്ങള്‍ സത്യമായിട്ടുണ്ട്‌...

sreeNu Lah said...

ഇത്തരം സ്വപ്നങ്ങള്‍ കാണാതിരിയ്ക്കട്ടെ

ശ്രീ said...

ചില മുന്നറിയിപ്പുകള്‍ ഇങ്ങനെയായിരിയ്ക്കും. സമാനമായ അനുഭവങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്, അനുഭവത്തില്‍ ഇല്ലെങ്കിലും...

പട്ടേപ്പാടം റാംജി said...

സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമായാല്‍ പിന്നെ ലോകം തന്നെ ഉണ്ടാകുമൊ