"നീയറിഞ്ഞോ ദീപയുടെ കല്യാണം കഴിഞ്ഞു." ഒരു ദിവസം വൈകിട്ടത്തെ പതിവു പഴമ്പുരാണത്തിനയിടയില്‍ എന്‍റെ സഹമുറിയനായ അനീഷ് എന്നോടു ചോദിച്ചു.
"ഉവ്വ്. ഞാനതു നേരത്തെ അറിഞ്ഞായിരുന്നു ശ്രീകാന്ത് എന്നോടു പറഞ്ഞിരുന്നു." ഞങ്ങളുടെ മറ്റൊരു സഹമുറിയനാണ് ശ്രീകാന്ത്, ദീപ അവന്‍റെ ഓഫീസിലായിരുന്നു വര്‍ക്ക് ചെയ്തിരുന്നത്. ഒരിക്കല്‍ അവനാണ് ദീപയെ ഞങ്ങള്‍ക്കു പരിചയപ്പെടുത്തിയത്.
"അവള്‍ ആരെയാണു വിവാഹം കഴിച്ചതെന്നു നിനക്കറിയാമോ?" അവന്‍ വീണ്ടും ചോദിച്ചു.
അതെനിക്കറിയില്ലയിരുന്നു. "ആരെയാണെങ്കിലെന്താ രണ്ടും ഇപ്പോ അമേരിക്കയില്‍ എത്തിയിട്ടുണ്ടാകും" അവള്‍ക്ക് അമേരിക്കയില്‍ പോകനുള്ള ഗ്രീന്‍ കാര്‍ഡ് ഉണ്ടായിരുന്നു. ഭര്‍ത്താവിനും ഒപ്പം ചെല്ലാം.
"ഹുംംം... ഉണ്ടാകും... അവളുടെ കൂടെ അന്നിവിടെ വന്ന ആ പയ്യനില്ലേ ശ്രീകാന്ത് അവളുടെ ആങ്ങളയാനെന്നും പറഞ്ഞു പരിചയപ്പെടുത്തിയത്, അവനെയാ അവളു കെട്ടിയത്. ബോയ് ഫ്രണ്ടിനെ ആങ്ങളയാണെന്നും പ്രഞ്ഞു നമ്മളെ പരിചയപ്പെടുത്തണ്ട കാര്യം അവനുണ്ടായിരുന്നോ? നമ്മളാരും അവളുടെ ലൈന്‍ പൊളിക്കാനൊന്നും പോണില്ലായിരുന്നല്ലോ. "
അവന്‍ പറഞ്ഞതു കേട്ട് ഞാനൊന്നു ഞെട്ടി. എന്തു മറുപടി പറയണം എന്നറിയാതെ ഞാന്‍ മറ്റെന്തൊക്കെയോ കാര്യങ്ങളിലേക്കു സംസാരം തിരിച്ചു വിട്ടു. പക്ഷേ എന്‍റെ ഉള്ളില്‍ നിറയെ അവരുടെ രൂപമായിരുന്നു.
ഓഫീസില്‍ ശ്രീകാന്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദീപ. എന്നും അവളുടെ ആങ്ങളയുടെ കൂടെയായിരുന്നു അവള്‍ വരികയും പോകുകയും ചെയ്തിരുന്നത്. ഒരിക്കല്‍ പലതിനെപ്പറ്റിയും പറയുന്നതിനിടയില്‍ അവല്‍ ശ്രീകാന്തിനോട് അവളെപ്പറ്റിയും പറഞ്ഞു.
"ശ്രീകാന്ത് നീ കരുതുന്നുണ്ടാകും ഞാന്‍ വളരെ ഭാഗ്യവതിയായ ഒരു പെണ്‍കുട്ടിയാണെന്ന് ഒരര്‍ത്ഥത്തില്‍ ശരിയാണ് സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു അച്ഛനും അമ്മയും സഹോദരനും എനിക്കുണ്ട്, പക്ഷേ എന്‍റെ യഥാര്‍ത്ഥ അച്ഛനും അമ്മയും ആരാണെന്ന് എനിക്കറിയില്ല. "
"എന്‍റെ നീയറിയുന്ന ഈ അച്ഛന്‍റെ വലിയ മനസ്സൊന്നുകൊണ്ടു മാത്രമാണ് ഞാനീ ഭൂമിയില്‍ ജനിക്കാനിടയായത്. എന്‍റെ യഥാര്‍ത്ഥ അമ്മയുടെ ചെറുപ്പകാലത്തെ ഏതോ ഒരു തെറ്റിന്‍റെ ഫലമാണ് ഞാന്‍. അവരുടെ ഉദരത്തില്‍ എന്നെ ഉരുവാക്കിയിട്ട് അതിന്‍റെ കാരണഭൂതന്‍ -എന്‍റെ അച്ഛന്‍- അവരെ ഉപേക്ഷിച്ചു പോയി. പിന്നെ എന്നെ ഉദരത്തില്‍ വച്ചു തന്നെ നശിപ്പിക്കാനുള്ള എന്‍റെ അമ്മയുടെ തീരുമാനത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ചത് അവരുടെ നല്ലൊരു സുഹൃത്തായിരുന്ന എന്‍റെ ഈ അച്ഛനാണ്, കുട്ടിയെ അദ്ദേഹത്തിന്‍റെ സ്വന്തം കുട്ടിയായി വളര്‍ത്തിക്കൊള്ളമെന്ന കരാറില്‍. "
"എന്‍റെ സ്വന്തം അച്ഛനും അമ്മയും ആരാണെന്നെനിക്കറിയില്ല. എനിക്കറിയണമെന്നുമില്ല. അവര്‍ എവിടെയെങ്കിലും അവരവരുടെ കുടുംബവുമായി സുഖമായി ജീവിക്കുന്നുണ്ടാകും. "
"ഇന്നെനിക്ക് എല്ലാമുണ്ട്, അച്ഛന്‍, അമ്മ, ചേട്ടന്‍ സ്നേഹിക്കാന്‍ മാത്രം അറിയാവുന്നവര്‍. ഞാന്‍ അവരുടെ സ്വന്തമാണ് അവര്‍ എന്‍റെയും. "
ശ്രീകാന്ത് പറഞ്ഞാണ് ഞാനീ കാര്യങ്ങള്‍ അറിഞ്ഞത്. എനിക്കാ അച്ഛനോടും അമ്മയോടും വളരെ ബഹുമാനം തോന്നി. ഒരു കുഞ്ഞിന്‍റെ ജനിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുവാന്‍ അവളെ സ്വന്തമായി ഏറ്റെടുത്തവര്‍. സാധാരണ ആര്‍ക്കും എളുപ്പം സ്വീകരിക്കാന്‍ പറ്റുന്ന ഒരു തീരുമാനമല്ലല്ലോ അത്.
പിറ്റേന്ന് ഒറ്റക്കു കിട്ടിയപ്പോള്‍ ഞാന്‍ ശ്രീകാന്തിനോട് അനീഷ് പറഞ്ഞതിനെപ്പറ്റി ചോദിച്ചു. "ശരിയാണ്. അവള്‍ അവളുടെ 'ആങ്ങള'യെത്തന്നെയാണ് വിവാഹം ചെയ്തത്. ഇപ്പോ രണ്ടാളും അമേരിക്കയിലാണ്. "
ആ പാവം അച്ഛനും അമ്മയും ഇപ്പോ ജീവിതവും അഭിമാനവും തകര്‍ന്ന് മനക്ളേശവും രോഗങ്ങളുമായി ആശുപത്രികളിലും വീട്ടിലുമായി ശിഷ്ടജീവിതം കഴിക്കുന്നു. ഒരിക്കല്‍ അവരുടെ സ്വന്തമായിരുന്ന മക്കള്‍ അവരെ ഇപ്പോ വിളിക്കുക പോലുമില്ല. ലോകത്താരും ചെയ്യാന്‍ തയ്യാറാകാത്ത ഒരു ത്യാഗം ചെയ്തതിന് അവര്‍ക്ക് ഇങ്ങനെ ഒരു പ്രതിഫലമല്ലേ തിരിച്ചു കൊടുക്കാന്‍ അവള്‍ക്ക് ആവുകയുള്ളൂ.
ബി പി സി
3 months ago