Tuesday, December 22, 2009

സഹതാപം കൊയ്യുന്നവര്‍...

വീണ്ടും ഒരു ക്രിസ്തുമസ്‌ കാലം..

മാസങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്കുള്ള യാത്ര...

ട്രെയിന്‍ അതിന്‍റെ ജീവിതയാത്രയില്‍ കുതിച്ചും കിതച്ചും മുന്നേറുന്നു. എന്‍റെ മനസ്സ്‌ പുറത്തെ കാഴ്ചകളിലൂടെ ട്രെയിനിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. നാട്ടിലേക്കുള്ള യാത്രകളിലെ പതിവു കാഴ്ചകള്‍ ഒരിക്കലും മനസ്സിനെ മടുപ്പിച്ചിരുന്നില്ല.

"അമ്മാാാ"

ഉറക്കെയെങ്കിലും വളരെയധികം ദയനീയത സ്ഫുരിക്കുന്ന ഒരു സ്വരം പുറം കാഴ്ചകളില്‍ നിന്നും എന്‍റെ മനസ്സിനെ അടര്‍ത്തിമാറ്റി. ശോഷിച്ച ശരീരവും ദൈന്യത തളംകെട്ടി നില്‍ക്കുന്ന കണ്ണുകളുമായി ശബ്ദത്തിനെക്കാളും ദയനീയമായ ഒരു രൂപം യാത്രക്കാരുടെ സന്‍മനസിനായി കൈ നീട്ടുന്നു. ടയര്‍ വെട്ടിയുണ്ടാക്കിയ ഒരു റബ്ബര്‍ ഷീറ്റില്‍ ഇരുന്നു നിരങ്ങിയാണ്‌ സഞ്ചാരം. അല്‍പം ശോഷിച്ച കാലുകള്‍ ഒരു പ്രത്യേക രീതിയില്‍ മടക്കി ഇരിക്കുന്ന ഷീറ്റില്‍ കെട്ടി വച്ചിട്ടുണ്ട്‌. ജീവിതത്തെ സ്വയം നേരിടാന്‍ കരുത്തില്ലാതെ അയാള്‍ സുമനസൂകളുടെ ഔദാര്യത്തില്‍ പങ്കു പറ്റി നിരങ്ങി നീങ്ങുന്നു.

എന്‍റെ നേരെ നീട്ടിയ വിറയ്ക്കുന്ന കൈകളിലേയ്ക്ക്‌ എന്‍റെ വിഹിതവും നല്‍കിയ ചാരിതാര്‍ത്ഥ്യവുമായി ഞാന്‍ വീണ്ടും പുറം കാഴ്ചകളിലേക്കു കണ്ണു തിരിച്ചു.

ട്രെയിന്‍ അതിന്‍റെ കുതിപ്പിന്‍റെ വേഗത കുറച്ച്‌ ഏതോ ഒരു സ്റ്റേഷനില്‍ നിന്നു. ഇറങ്ങാനും കയറാനുമുള്ള ആളുകളുടെ തിരക്ക്‌. പ്ളാറ്റ്ഫോമില്‍ മറ്റേതൊ വണ്ടിക്കു വേണ്ടിയെന്ന മാതിരി നില്‍ക്കുന്ന ആളുകള്‍. പെട്ടെന്ന്‌ വികൃതമായ ശബ്ദത്തില്‍ ഉച്ചത്തിലുള്ള ഒരു പാട്ടില്‍ എന്‍റെ ശ്രദ്ധ പതിഞ്ഞു.

ഒരു കൈയ്യില്‍ തുറന്ന മദ്യക്കുപ്പിയുമായി വേച്ചു വേച്ചു നടന്നു വരുന്ന ഒരു രൂപം. അല്‍പം മുന്‍പ്‌ ഇരുന്നിരുന്ന റബ്ബര്‍ ഷീറ്റ്‌ അലക്ഷ്‌യമായി മറു കൈയ്യില്‍. അനക്കുവാന്‍ പാടില്ല എന്നു തോന്നിപ്പിക്കും വിധം മടക്കി കെട്ടി വച്ചിരുന്ന കാലുകള്‍ ഇപ്പോള്‍ ഒരു കുഴപ്പവുമില്ലാതെ നിവര്‍ന്നിരിക്കുന്നു. മുന്‍പു കണ്ട മുഖത്തെ ദയനീയ ഭാവം മാറി അവിടെ ആഹ്ളാദത്തിന്‍റെ തിരതള്ളല്‍. യാത്രക്കാരുടെ വിയര്‍പ്പിന്‍റെ വില കൊടുത്തു വാങ്ങിയ മദ്യം കുപ്പിയില്‍ നിന്നു തന്നെ വായിലേക്കു കമിഴ്ത്തി ഉച്ചത്തില്‍ പാടിക്കൊണ്ട്‌ അയാള്‍ പ്ളാറ്റ്ഫോമില്‍കൂടി പുറത്തേക്കു പോയി.

ട്രെയിന്‍ കിതപ്പോടെ അതിന്‍റെ ജീവിതപ്രയാണം പുനരാരംഭിച്ചു. കണ്‍മുന്നില്‍ കണ്ട ജീവിതത്തിന്‍റെ നൊടിയിടയിലുള്ള ഭാവമാറ്റത്തില്‍ അമ്പരന്ന്‌ എന്‍റെ മനസ്സ്‌ വീണ്ടും പുറംകാഴ്ചകളിലേക്ക്‌ മടങ്ങി.