Monday, December 1, 2008

ഒരു ഓട്ടോയുടെ റൊമാന്‍സ്‌...

ബാംഗ്ളൂരില്‍ ഒരിക്കലെങ്കിലും വന്നിട്ടുള്ള എല്ലാവര്‍ക്കും ഇവിടുത്തെ സ്വന്തം ഓട്ടോക്കാരെപ്പറ്റി എന്തെങ്കിലും 'നല്ല' കഥകള്‍ പറയാന്‍ കാണും. എനിക്കും ഉണ്ട്‌ കുറെ ഏറെ കഥകള്‍. ഇതില്‍ ഞാന്‍ ഒരിക്കലും മറക്കില്ലെന്നുറപ്പുള്ള ഒരു സംഭവമാണിത്‌.

കുറെ വര്‍ഷങ്ങളായി ബാംഗ്ളൂര്‍ എന്‍റെയും ഞാന്‍ ബാംഗ്ളൂരിന്‍റെയും സ്വന്തമാണ്‌, എന്നുവച്ചാല്‍ ഡിഗ്രി കഴിഞ്ഞപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിനെന്നും പറഞ്ഞു നാട്ടില്‍ നിന്നും കുറ്റിയും പറിച്ച്‌ ഒരു പോക്കിങ്ങു പോന്നതാണ്‌ പിന്നെ ഇവിടം നമ്മുടെ സ്ഥിര താവളമായി. ഇതു കേട്ടാല്‍ നിങ്ങള്‍ക്കു തോന്നും ഞാന്‍ ബാംഗ്ളൂരില്‍ നഗരത്തില്‍ തന്നെയുള്ള ഏതോ വല്യ കോളേജിലാണ്‌ പഠിച്ചിരുന്നതെന്ന്‌. എവിടെ... അക്കാലങ്ങളില്‍ നാട്ടില്‍ ഇടക്കിടെ ചെല്ലുമ്പോള്‍ പരിചയക്കാരുടെ വക ഒരു കുശലാന്വേഷണമുണ്ട്‌.

"ഡേയ്‌ നീയിപ്പോ ഇവിടെയെങ്ങുമില്ലേ കാണാറേയില്ലല്ലോ?"

"യേയ്‌ ഞാനിപ്പോ ബാംഗ്ളൂരിലാ പഠിക്കുന്നത്‌ അവധിക്കു വന്നതാ"

"അതു ശരി... ബാംഗ്ളൂരില്‍ എവിടെയാ? സിറ്റിയില്‍ തന്നെയണോ?"

"പ്രോപ്പര്‍ സിറ്റിയിലല്ല, കുറച്ചുകൂടെ പോണം.. ഒരു ബസ്സ്‌ കയറിയാല്‍ മതി. "

"ഓ അപ്പോ അധികം ദൂരമില്ലല്ലോ?"

"ഹേയ്‌ കുറച്ചേയുള്ളൂ"

"അവിടം വരെ ചെല്ലാന്‍ എത്ര നേരമെടുക്കും?"

"അതിപ്പൊ വല്യ സിറ്റിയല്ലേ ട്രാഫിക്‌ പോലിരിക്കും, ട്രാഫിക്‌ കുറവാണേല്‍ പെട്ടെന്നങ്ങെത്തും. "

ഇത്രയും കഴിഞ്ഞാല്‍ ഒന്നുകില്‍ ഞാന്‍ രംഗത്തു നിന്നേ സ്കൂട്ടാകും അല്ലെങ്കില്‍ ലോക്കല്‍ മുതല്‍ അന്താരഷ്ട്രം വരെയുള്ള നമ്മള്‍ നാട്ടിലില്ലാത്തതിനാല്‍ സംഭവിച്ച അടിയന്തിര പ്രശ്നങ്ങളേയോ പറ്റി ചര്‍ച്ച ചെയ്ത്‌ വിഷയത്തില്‍ നിന്നും വഴുക്കി മാറും. അല്ലാതെ ബാംഗ്ളൂരു നിന്നും പിന്നെയും രണ്ടു രണ്ടര മണിക്കൂറു ബസിലും പിന്നെ ഓട്ടോയിലും യാത്ര ചെയ്തു വേണം പത്തെഴുപത്തഞ്ചു കിലോമീറ്ററകലെ നമ്മുടെ പ്രിയപ്പെട്ടെ കോളേജിരിക്കുന്ന പട്ടിക്കാട്ടില്‍ എത്തിച്ചേരാനെന്നു ചുമ്മാ നാട്ടുകാരെ എന്തിനറിയിക്കണം?

സാധാരണ നട്ടിലേക്കുള്ള പോക്കെന്നു വചാല്‍ ഒരു മഹാ സംഭവമാണ്‌. നാട്ടിലേക്കുള്ള ടിക്കറ്റ്‌ നേരത്തെ തന്നെ വിളിച്ചു ബുക്ക്‌ ചെയ്യും, പിന്നെ രാവിലെ തന്നെ ഭാണ്ഡവും മുറുക്കി ബാംഗ്ളൂര്‍ക്കു വിടും. പിന്നെ വൈകിട്ടു ബസിന്‍റെ സമയം വരെ ബാംഗ്ളൂരു തെണ്ടിത്തിരിഞ്ഞു നടപ്പു തന്നെ പണി. നാട്ടില്‍ വരുമ്പോള്‍ നാട്ടുകാരു ചോദിക്കുന്ന ബാംഗ്ളൂറ്‍ വിശേഷങ്ങള്‍ക്കു മറുപടി പറയണമെങ്കില്‍ ബാംഗ്ളൂറ്‍ എന്താണു സംഭവിക്കുന്നതെന്നു നമ്മളും അറിയണ്ടേ. വൈകിട്ടു ബസിന്‍റെ സമയാമാകാറകുമ്പോള്‍ ഒരു ഓട്ടൊയും പിടിച്ച്‌ കലാശിപാളയം മാര്‍ക്കറ്റില്‍ ചെന്നു ബസിനു നാട്ടിലേക്കു പോകുകയാണ്‌ പതിവ്‌.

ഈ ഓട്ടോ പിടിത്തം എന്നു പറഞ്ഞാല്‍ ഒരു കലയാണ്‌. ബാംഗ്ളൂരിലെ ഓട്ടോക്കാര്‍ എന്നു പറഞ്ഞാല്‍ വളരെ നല്ലവരാണ്‌, നമ്മള്‍ക്ക്‌ എങ്ങോട്ടെങ്ങിലും പോകാണമെങ്കില്‍ ഓട്ടൊ കൈകാണിച്ചു നിര്‍ത്തുകയൊന്നും വേണ്ട ചുമ്മാ വഴിയേ പോകുന്ന ഒരു ഓട്ടോക്കാരനെ ഒന്നു നോക്കിയാല്‍ മതി നമ്മുടെ അടുത്തു കൊണ്ടെ നിര്‍ത്തി എങ്ങോട്ടാ സാര്‍ പോകേണ്ടതെന്നു ചൊദിച്ചോളും. ഇനി അടുത്ത ഘട്ടം റേറ്റ്‌ പറഞ്ഞുറപ്പിക്കലാണ്‌. നമുക്കു പൊകേണ്ട സ്ഥലം പറഞ്ഞ്‌ എത്രയാകും എന്നു ചോദിക്കുമ്പോള്‍ ഓട്ടോയുടെ നമ്പരും നമ്മുടെ പ്രായവും പിന്നെ പോകണ്ട സ്ഥലത്തേക്കുള്ള ദൂരവും തമ്മില്‍ കൂട്ടി ഏഴു കൊണ്ട്‌ ഗുണിച്ച്‌ പിന്നെ രണ്ടു കൊണ്ട്‌ ഹരിച്ച്‌ ഒരു നമ്പര്‍ പറയും, അതാണ്‌ ചാര്‍ജ്‌. ഇനി നമ്മുടേ ഊഴമാണ്‌. ഹിന്ദി, ഇംഗ്ളീഷ്‌, കന്നഡ, മലയാളം, തമിഴ്‌ എന്നീ ഭാഷകളിലുള്ള നമ്മുടെ പ്രവീണ്യം വെളിപ്പെടുത്തുന്ന വിലപേശലുകള്‍ക്കൊടുവില്‍ ഒരു തുകയും ഫിക്സ്‌ ചെയ്തശേഷമാണ്‌ ഓട്ടോയില്‍ കയറുക.

ഒരിക്കല്‍ നാട്ടില്‍ പോകാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും പതിവു തെറ്റിക്കരുതല്ലോ എന്നും കരുതി രാവിലെ തന്നെ റൂമില്‍ നിന്നും ഇറങ്ങി ബാംഗ്ളൂര്‍ക്കു വിട്ടു. ഉച്ചഭക്ഷണവും കഴിച്ച്‌ വൈകുന്നതു വരെ മജെസ്റ്റിക്കിന്‍റെ നമ്മളിതുവരെ കണ്ടിട്ടില്ലാത്ത ഇടവഴികളിലൂടെയെല്ലം കറങ്ങി നടന്നു. ഒടുവില്‍ ബസിന്‍റെ സമയമാകറായപ്പോഴേക്കും ഇനി ഒരു ഓട്ടോ പിടിച്ചുപൊയേക്കം എന്നു കരുതി അവിടെ കണ്ട ഒരു ഓട്ടൊച്ചേട്ടനെ കൈകാണിച്ചു. മാന്യന്‍... അദ്ദേഹം വണ്ടി സൈഡാക്കി.

"എങ്ങൊട്ടാ സാര്‍ പോകേണ്ടത്‌?"

"കലാശിപാളയം. "

"ഓ.കെ. കയറിക്കോ. "

"എത്രയാ ചാര്‍ജ്‌?"

"ഇത്രയും ദൂരം പോയല്‍ പോരേ ഇതിനൊക്കെ എന്തു ചാര്‍ജ്‌ പറയാനാ... ഇങ്ങോട്ടു കയറു സര്‍. "

"അല്ല ചാര്‍ജ്‌ പറയ്‌ എന്നിട്ടു ഞാന്‍ കയറാം. "

"അവിടം വരെ പോകാന്‍ ഞാന്‍ 500 രൂപയൊന്നും ചൊദിക്കാന്‍ പോകുന്നില്ല, സര്‍ തന്നല്‍ മതി. "

ശരി അങ്ങനെയെങ്കില്‍ അങ്ങനെ. കയറിയേക്കം എന്നു ഞാനും കരുതി, കാരണം എതുവഴിയൊക്കെയൊ തെണ്ടിത്തിരിഞ്ഞു ഞാനിപ്പോ എവിടെയാണെന്നു എനിക്കു തന്നെ അറിയില്ല. ഓട്ടോച്ചേട്ടന്‍ ശര്‍ക്കുപുര്‍ക്കെന്ന്‌ രണ്ടുമൂന്ന്‌ ഇടവഴിയിലൂടെയൊക്കെ പോയി എന്നെ അഞ്ചുമിനിറ്റിനകം സ്ഥലത്തെത്തിച്ചു. സന്തോഷം... ഈ വഴി അറിയുമായിരുന്നെങ്കില്‍ നടന്നു വരാമായിരുന്നു എന്നു മനസ്സില്‍ കരുതി ഓട്ടൊച്ചേട്ടനോടു ചാര്‍ജ്‌ ചോദിച്ചു.

100 രൂപ സര്‍. "

"എത്രയാ?"

100 രൂപ"

കോള്ളാം, മാന്യന്‍ 100 രൂപ മതിയെന്ന്‌, അതും മിനിമം ചാര്‍ജിന്‍റെ ഓട്ടത്തിന്‌. ഞാന്‍ അത്രയും തരാന്‍ പറ്റില്ല എന്നു പറഞ്ഞു. അപ്പോള്‍ അദ്ദേഹം സ്നേഹപൂര്‍വം രണ്ടുമൂന്നു തവണ കന്നഡയില്‍ "മകനേ" എന്നു വിളിച്ചുകൊണ്ട്‌ പുറത്തേക്കിറങ്ങി. (കന്നഡക്കാര്‍ മകനേ എന്നു വിളിച്ചാല്‍ എന്താണെന്നൊന്നും എന്നൊടു ചോദിക്കണ്ട ഞാന്‍ പറയില്ല അതു കന്നഡ അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിക്കൊണം, മകന്‍റെ മുന്‍പില്‍ ചേര്‍ക്കുന്ന വാക്കും അവര്‍ പറഞ്ഞു തരും.) ഞാന്‍ എന്തു ചെയ്യാനാണ്‌ ഒറ്റക്ക്‌? അതും ആരെങ്കിലും ചോദിച്ചാല്‍ എവിടുന്നു കയറി എന്നു പോലും പറയാന്‍ എനിക്കു സ്ഥലം അറിയില്ല. മറുതാ പോലെയുള്ള ഓട്ടോക്കരന്‍റെ സ്നേഹപൂര്‍വമായ "മകനെ" വിളിക്കു മുന്‍പില്‍ അറിയാതെ തന്നെ പേഴ്സില്‍ നിന്നും 100 രൂപ നോട്ട്‌ ഉയര്‍ന്നുവന്ന്‌ അദ്ദേഹത്തിന്‍റെ കൈയില്‍ വിശ്രമിച്ചു. എല്ലാം സോള്‍വായി. അദ്ദേഹം വീണ്ടും എന്നെ നോക്കി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ഓട്ടൊ മുന്നോട്ടെടുത്തു.

100 രൂപ കിട്ടിയതിന്‍റെ സന്തോഷത്തില്‍ ഓട്ടോ അല്‍പം റൊമാന്‍റിക്കായി അതു വഴി വന്ന ബി.എം.ടി.സി ബസിന്‍റെ ചുണ്ടത്തു തന്നെ "ഠിന്‍" എന്ന്‌ ഒറ്റ കിസ്സിംഗ്‌. അത്രയും റൊമാന്‍റിക്കായ ഒരു കാഴ്ച എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല. ഓട്ടോയുടെ ഹെഡ്‌ലൈറ്റും മുന്‍വീലും നത്തു പുറകോട്ടു കഴുത്തു തിരിച്ചു നോക്കുന്നതുപോലെ പുറകോട്ടു തിരിഞ്ഞു കിടക്കുന്നു. ഫ്രണ്ട്‌ ഒരു സൈഡ്‌ പാണ്ടി ലോറി കയറിയ സോപ്പുപെട്ടി മാതിരിയും. എന്നെ കൂടുതല്‍ സന്തോഷിപ്പിക്കാനെന്നോണം ബി.എം.ടി.സി ഡ്രൈവര്‍ ഓട്ടോച്ചേട്ടനെ സ്നേഹപൂര്‍വം "മകനേ" എന്ന്‌ നല്ല ഉറക്കെത്തന്നെ വിളിക്കുന്നു. അല്‍പം മുന്‍പു ഞാന്‍ നിന്ന പോലെ ഓട്ടോച്ചേട്ടന്‍ നില്‍ക്കുന്നു. എന്തൊരു മാന്യന്‍!! എത്ര മനോഹരമായ രംഗം! ഹാപ്പി ജാമിലെ കുട്ടിയെപ്പോലെയയി എന്‍റെ അവസ്ഥ "സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേ" വിളിച്ചു കൂവണമെന്നു തോന്നി. പിന്നെ "മകനെ" എന്ന വിളി ഓര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു. എന്‍റെ 100 രൂപ... അതു ഓട്ടോച്ചേട്ടനു 1000 ആയി തിരിച്ചു കിട്ടി. സന്തോഷത്തോടെ ഞാന്‍ ബസിന്‍റെ ഓഫീസിലേക്കു നടന്നു. രാത്രിയിലെ യത്രയില്‍ മുഴുവന്‍ മനോഹരമായ ആ റൊമാന്‍സ്‌ രംഗമായിരുന്നു മനസ്സില്‍ നിറയെ.